IPL 2020: ദയനീയം, കെകെആറിനെ ചുരുട്ടിക്കെട്ടി- മുംബൈയുടെ ഗംഭീര തിരിച്ചുവരവ്
അബുദാബി: നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് ഐപിഎല്ലിലേക്കു ഗംഭീര വിജയവുമായി തിരിച്ചുവന്നു. ഉദ്ഘാടന മല്‍സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനോടു പരാജയപ്പെട്ട മുംബൈ രണ്ടാമത്തെ മകളിയില്‍ തനിനിറം പുറത്തെടുത്തു. വന്‍ താരനിരയുമായെത്തിയ മുന്‍ ജേതാക്കളായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നാണം കെടുത്തിയാണ് മുംബൈയുടെ തകര്‍പ്പന്‍ മടങ്ങിവരവ്. തികച്ചും ഏകപക്ഷീയമായ കളിയില്‍ 49 റണ്‍സിന് രോഹിത് ശര്‍മയുടെ ടീം ദിനേഷ് കാര്‍ത്തികിനെയും സംഘത്തെയും നിഷ്പ്രഭരാക്കി.

ആദ്യം ബാറ്റ് ചെയ്ത മുംബൈ അഞ്ചു വിക്കറ്റിന് 195 റണ്‍സെന്ന മികച്ച സ്‌കോര്‍ നേടിയിരുന്നു. എന്നാല്‍ ശക്തമായ ബാറ്റിങ് ലൈനപ്പുള്ള കെകെആര്‍ ഇതേ നാണയത്തില്‍ തിരിച്ചടിക്കുമെന്നായിരുന്നു പലരും പ്രതീക്ഷിച്ചത്. പക്ഷെ ഒരു ചെറുത്തുനില്‍പ്പും കൂടാതെ തന്നെ കെകെആര്‍ കീഴടങ്ങി. ഒമ്പതു വിക്കറ്റിന് 146 റണ്‍സെടുക്കാനേ അവര്‍ക്കായുള്ളൂ. കെകെആര്‍ നിരയില്‍ ഒരാള്‍ പോലും ഫിഫ്റ്റി തികച്ചില്ല. നേരത്തേ ബൗളിങില്‍ നന്നായി തല്ലുവാങ്ങിയ, കഴിഞ്ഞ ലേലത്തിലെ വിലപിടിപ്പുള്ള താരമായി മാറിയ ഓസീസ് പേസര്‍ പാറ്റ് കമ്മിന്‍സായിരുന്നു (33) കെകെആറിന്റെ ടോപ്‌സ്‌കോറര്‍. ബൗളിങിലെ ദയനീയ പ്രകടനത്തിന് ബാറ്റിങില്‍ താരം പ്രായശ്ചിത്തം ചെയ്തു. വെറും 11 പന്തിലാണ് മൂന്നു സിക്‌സറും ഒരു ബൗണ്ടറിയുമടക്കം കമ്മിന്‍സ് 33 റണ്‍സ് വാരിക്കൂട്ടിയത്.
നായകന്‍ ദിനേഷ് കാര്‍ത്തികാണ് (30) മറ്റൊരു പ്രധാന സ്‌കോറര്‍. ഇയോന്‍ മോര്‍ഗന്‍ (16), ആന്ദ്രെ റസ്സല്‍ (11), ശുഭ്മാന്‍ ഗില്‍ (7), സുനില്‍ നരെയ്ന്‍ (9), നിഖില്‍ നായിക്ക് (1) എന്നിവരെല്ലാം നിരാശപ്പെടുത്തി. മുംബൈയ്ക്കു വേണ്ടി ജസ്പ്രീത് ബുംറ, ട്രെന്റ് ബോള്‍ട്ട്, ജെയിംസ് പാറ്റിസണ്‍, രാഹുല്‍ ചഹര്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതമെടുത്തു.

നേരത്തേ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ വെടിക്കെട്ട് ഇന്നിങ്‌സായിരുന്നു മുംബൈയ്ക്കു കരുത്തായത്. 54 പന്തില്‍ മൂന്നു ബൗണ്ടറികളും ആറു സിക്‌സറുമടക്കം ഹിറ്റ്മാന്‍ റണ്‍സ് വാരിക്കൂട്ടി. ചില നാഴികക്കല്ലുകളും ഇതോടെ അദ്ദേഹം പിന്നിടുകയും ചെയ്തു. സൂര്യകുമാര്‍ യാദവാണ് (47) മുംബൈയുടെ മറ്റൊരു പ്രധാന സ്‌കോറര്‍. യാദവ് 28 പന്തില്‍ ആറു സിക്‌സറും ഒരു ബൗണ്ടറിയുമടക്കം 47 റണ്‍സ് നേടി. മൂന്നാം വിക്കറ്റില്‍ രോഹിത്- തിവാരി സഖ്യം ചേര്‍ന്നെടുത്ത 90 റണ്‍സാണ് മുംബൈ ഇന്നിങ്‌സിനു അടിത്തറയിട്ടത്.
ക്വിന്റണ്‍ ഡികോക്ക് (1), സൗരഭ് തിവാരി (21), ഹാര്‍ദിക് പാണ്ഡ്യ (18) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. മുംബൈയ്ക്കു വേണ്ടി 150ാം മല്‍സരം കളിച്ച കിരോണ്‍ പൊള്ളാര്‍ഡിനൊപ്പം (13) ക്രുനാല്‍ പാണ്ഡ്യ (1) പുറത്താവാതെ നിന്നു. കെകെആറിനു വേണ്ടി ശിവം മാവി രണ്ടു വിക്കറ്റെടുത്തു. ടോസിനു ശേഷം കെകെആര്‍ ക്യാപ്റ്റന്‍ ദിനേഷ് കാര്‍ത്തിക് ബൗള്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ച്ചയായ രണ്ടാമത്തെ കളിയിലാണ് മുംബൈയ്ക്കു ആദ്യം ബാറ്റ് ചെയ്യേണ്ടി വരുന്നത്. സിഎസ്‌കെയോടു തോറ്റ ഉദ്ഘാടന മല്‍സരത്തിലും മുംബൈയ്ക്കായിരുന്നു ആദ്യം ബാറ്റിങ്.

മുംബൈയുടെ തുടക്കം
പതിഞ്ഞ താളത്തിലായിരുന്നു മുംബൈയുടെ തുടക്കം. ഇന്നിങ്‌സിലെ ആദ്യ ഓവര്‍ ബൗള്‍ ചെയ്യാന്‍ കെകെആര്‍ ക്യാപ്റ്റന്‍ കാര്‍ത്തിക് ചുമതലപ്പെടുത്തിയത് മലയാൡപേസര്‍ സന്ദീപ് വാര്യരെയായിരുന്നു. ആദ്യത്തെ അഞ്ചു പന്തിലും മികച്ച ലൈനും ലെങ്തും കാഴ്ച വച്ച സന്ദീപിന് പക്ഷെ ആറാമത്തെ ബോളില്‍ പിഴച്ചു. ഷോര്‍ട്ട് ബോള്‍ പരീക്ഷിച്ച താരത്തിനു കണക്കുകൂട്ടലുകള്‍ തെറ്റി. ഫലമാവട്ടെ രോഹിത്തിന്റെ സിക്‌സറായിരുന്നു.
രണ്ടാമത്തെ ഓവറിലെ രണ്ടാമത്തെ പന്തില്‍ മുംബൈയ്ക്കു ആദ്യ പ്രഹരമേറ്റു. ക്വിന്റണ്‍ ഡികോക്ക് (1) പുറത്ത്. യുവ പേസര്‍ ശിവം മാവിക്കായിരുന്നു വിക്കറ്റ്. പന്തിന്റെ ലൈനിന് കുറുകെ ഡികോക്ക് കളിച്ചപ്പോള്‍ കുത്തിയുയര്‍ന്നത് ആകാശത്തേക്ക്. നിഖില്‍ നായിക്കിന് ക്യാച്ചെടുക്കാന്‍ ഏറെ സമയവും ലഭിച്ചു.

രോഹിത്-യാദവ് കൂട്ടുകെട്ട്
രോഹിത്തിനു കൂട്ടായി സൂര്യകുമാര്‍ യാദവ് വന്നതോടെയാണ് മുംബൈയുടെ ഇന്നിങ്‌സിന് ജീവന്‍ കൈവന്നത്. സന്ദീപിന്റെ നാലാം ഓവറില്‍ യാദവ് നാലു ബൗണ്ടറികള്‍ അടിച്ചെടുത്തു. ഇതോടെയാണ് രോഹിത്തും ട്രാക്കിലേക്കു കയറിയത്. പിന്നീട് ഇരുവരും ചേര്‍ന്ന് അതിവേഗം മുംബൈയെ മുന്നോട്ടു നയിച്ചു. ഐപിഎല്ലിലെ ഏറ്റവും വില പിടിപ്പുള്ള താരവും ഓസീസ് പേസറുമായ പാറ്റ് കമ്മിന്‍സിനെ സിക്‌സറിന് പറത്തിയാണ് രോഹിത് വരവേറ്റത്. അതുകൊണ്ടും ഹിറ്റ്മാന് മതിയായില്ല. ഇതേ ഓവറിലെ അഞ്ചാമത്തെ പന്തും ഹിറ്റ്മാനം നിലംതൊടീക്കാതെ മൈതാനത്തിന് പുറത്തേക്കു കോരിയിട്ടു.
11ാം ഓവറിലായിരുന്നു യാദവിനെ പുറത്താക്കി കെകെആര്‍ തിരിച്ചടിച്ചത്. റണ്ണൗട്ടിന്റെ രൂപത്തിലായിരുന്നു കെകെആറിനെ തേടി ബ്രേക്ക്ത്രൂയെത്തിയത്. നരെയ്‌ന്റെ ഓവറില്‍ ഡബിളിനു ശ്രമിച്ച രോഹിത്-യാദവ് ജോടിക്കു പിഴച്ചു. മോര്‍ഗന്റെ ത്രോയില്‍ നരെയ്ന്‍ സ്റ്റംപ് ചെയ്യുമ്പോള്‍ യാദവ് ആറു ഇഞ്ചുകള്‍ പിന്നിലായിരുന്നു.

പട നയിച്ച് രോഹിത്
യാദവ് മടങ്ങിയെങ്കിലും നായകന്റെ കളി കെട്ടഴിച്ച രോഹിത് മുംബൈയെ മുന്നോട്ടു നയിച്ചു. ഇതിനിടെ അദ്ദേഹം ഈ സീസണില്‍ തന്റെ ആദ്യ ഫിഫ്റ്റിയും പൂര്‍ത്തിയാക്കി. 39 പന്തുകളില്‍ നിന്നായിരുന്നു ഇത്.
ആദ്യ സ്‌പെല്ലില്‍ നന്നായി തല്ലുവാങ്ങിയ കമ്മിന്‍സിനെ 15ാം ഓവറില്‍ കാര്‍ത്തിക് തിരികെ വിളിച്ചെങ്കിലും ഇത്തവണയും ഫലം ഇതു തന്നെയായിരുന്നു. 15 റണ്‍സാണ് കമ്മിന്‍സ് ഈ ഓവറില്‍ വിട്ടുകൊടുത്തത്. സൗരഭ് തിവാരി ഓരോ സിക്‌സറും ബൗണ്ടറിയും ഓവറില്‍ നേടി. തൊട്ടടുത്ത ഓവറില്‍ തിവാരി മടങ്ങി. 13 പന്തില്‍ ഓരോ സിക്‌സറും ബൗണ്ടറിയുമടക്കം 21 റണ്‍സ് നേടിയ തിവാരിയെ നരെയ്‌ന്റെ ബൗളിങില്‍ കമ്മിന്‍സ് ക്യാച്ച് ചെയ്തു.

പ്ലെയിങ് ഇലവന്‍
മുംബൈ ഇന്ത്യന്‍സ്- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ക്വിന്റണ്‍ ഡികോക്ക്, സൂര്യകുമാര്‍ യാദവ്, സൗരഭ് തിവാരി, ഹാര്‍ജിക് പാണ്ഡ്യ, കിരോണ്‍ പൊള്ളാര്‍ഡ്, ക്രുനാല്‍ പാണ്ഡ്യ, ജെയിംസ് പാറ്റിന്‍സണ്‍, രാഹുല്‍ ചഹര്‍, ട്രെന്റ് ബോള്‍ട്ട്, ജസ്പ്രീത് ബുംറ.
കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്- സുനില്‍ നരെയ്ന്‍, ശുഭ്മാന്‍ ഗില്‍, നിതീഷ് റാണ, ഇയോന്‍ മോര്‍ഗന്‍, ആന്ദ്രെ റസ്സല്‍, ദിനേഷ് കാര്‍ത്തിക് (ക്യാപ്റ്റന്‍), നിഖില്‍ നായിക്ക്, പാറ്റ് കമ്മിന്‍സ്, കുല്‍ദീപ് യാദവ്, സന്ദീപ് വാര്യര്‍, ശിവം മാവി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications