For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: രാഹുല്‍, ഗെയ്ല്‍, മായങ്ക്- പഞ്ചാബ് പതറി, പിന്നെ ജയിച്ചു

എട്ടു വിക്കറ്റിനാണ് പഞ്ചാബ് ജയിച്ചുകയറിയത്

ഷാര്‍ജ: ഐപിഎല്ലില്‍ ജീവന്‍മരണ പോരാട്ടത്തിന് ഇറങ്ങിയ കിങ്‌സ് ഇലവന്‍ പഞ്ചാബ് എട്ടു വിക്കറ്റ് വിജയവുമായി ടൂര്‍ണമെന്റിലേക്കു തിരിച്ചുവന്നു. തോറ്റാല്‍ പുറത്താവുമെന്ന സമ്മര്‍ദ്ദത്തില്‍ ഇറങ്ങിയ പഞ്ചാബ് മിന്നുന്ന ഫോമില്‍ കളിക്കുന്ന റോയല്‍ ചാലഞ്ചേഴ്‌സിനെ അവസാന പന്തിലായിരുന്നു മറികടന്നത്. ഒരു ഘട്ടത്തില്‍ അനായാസം ജയിക്കുമെന്ന് കരുതിയ പഞ്ചാബ് അവസാന ഓവറുകളില്‍ പതിവുപോലെ പതറി. ഇന്നിങ്‌സിലെ അവസാന പന്തില്‍ പഞ്ചാബിന് ജയിക്കാന്‍ വേണ്ടിയിരുന്നത് ഒരു റണ്‍സായിരുന്നു. പുതുതായി ക്രീസിലെത്തിയ നിക്കോളാസ് പൂരന്‍ യുസ്വേന്ദ്ര ചഹലിനെതിരേ സിക്‌സറിലൂടെ വിജയറണ്‍ നേടിയതോടെയാണ് പഞ്ചാബിന്റെ ശ്വാസം നേരെ വീണത്. ഈ സീസണില്‍ ഇതു രണ്ടാം തവണയാണ് ആര്‍സിബിക്കുമേല്‍ കെഎല്‍ രാഹുലിന്റെ ടീം വിജയം കൊയ്തത്.

1

ആര്‍സിബി നല്‍കിയ 172 റണ്‍സിന്റെ വിജയലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ പഞ്ചാബ് രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. നായകന്റെ കളി കെട്ടഴിച്ച കെഎല്‍ രാഹുല്‍ (61*), യൂനിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ്ല്‍ (53) എന്നിവരുടെ തട്ടുപൊളിപ്പന്‍ ബാറ്റിങും മായങ്ക് അഗര്‍വാള്‍ (45) നല്‍കിയ മികച്ച തുടക്കവും പഞ്ചാബിന്റെ വിജയത്തിന് അടിത്തറ പാകി. 49 പന്തില്‍ ഒരു ബൗണ്ടറിയും അഞ്ചു സിക്‌സറുമടക്കാണ് 61 രാഹുല്‍ റണ്‍സെടുത്തതെങ്കില്‍ സീസണിലെ ആദ്യ മല്‍സരം കളിച്ച ഗെയ്ല്‍ 45 പന്തില്‍ അഞ്ചു സിക്‌സറും ഒരു ബൗണ്ടറിയും നേടി. വെറും 25 പന്തിലാണ് മായങ്ക് നാലു ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കം 45 റണ്‍സ് അടിച്ചെടുത്തത്. ആദ്യ വിക്കറ്റില്‍ മായങ്ക്-രാഹുല്‍ സഖ്യം 78 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയിരുന്നു. രണ്ടാം വിക്കറ്റില്‍ രാഹുല്‍- ഗെയ്ല്‍ ജോടി 107 റണ്‍സ് അടിച്ചെടുത്തതോടെ പഞ്ചാബ് വിജയത്തിലെത്തി. രാഹുലാണ് മാന്‍ ഓഫ് ദി മാച്ച്.

2

നേരത്തേ ആര്‍സിബി ആറു വിക്കറ്റിനാണ് 171 റണ്‍സെടുത്തത്. മുഹമ്മദ് ഷമിയെറിഞ്ഞ അവസാന ഓവറിലെ വെടിക്കെട്ടാണ് ആര്‍സിബിയെ 170 കടത്തിയത്. മൂന്നു സിക്‌സറുകളും ഒരു ബൗണ്ടറിയുമടക്കം ആര്‍സിബി ഈ ഓവറില്‍ 24 റണ്‍സ് അടിച്ചെടുത്തു. 15 ഓവറില്‍ ആര്‍സിബി സ്‌കോര്‍ ബോര്‍ഡില്‍ 122 റണ്‍സുണ്ടായിരുന്നു. എന്നാല്‍ ശേഷിച്ച അഞ്ചോവറില്‍ 50 റണ്‍സെടുക്കാനേ ആര്‍സിബിക്കായുള്ളൂ. മൂന്നു വിക്കറ്റുകളും നഷ്ടമായി.

കരിയറിലെ 200ാം മല്‍സരം കളിച്ച നായകന്‍ വിരാട് കോലിയാണ് (48) ആര്‍സിബിയുടെ ടോപ്‌സ്‌കോറര്‍. 39 പന്തില്‍ മൂന്നു ബൗണ്ടറികളുള്‍പ്പെട്ടതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിങ്‌സ്. എട്ടു പന്തില്‍ മൂന്നു സിക്‌സറും ഒരു ബൗണ്ടറിയുമടക്കം 25 റണ്‍സോടെ ക്രിസ് മോറിസും അഞ്ചു പന്തില്‍ ഒരു സിക്‌സറോടെ 10 റണ്‍സോടെ ഇസുരു ഉദാനയും പുറത്താവാതെ നിന്നു. ശിവം ദുബെ (23), ആരോണ്‍ ഫിഞ്ച് (20) ഭേദപ്പെട്ട പ്രകടനം നടത്തി. ആരോണ്‍ ഫിഞ്ച് (18), വാഷിങ്ടണ്‍ സുന്ദര്‍ (13), എബി ഡിവില്ലിയേഴ്‌സ് (2) എന്നിവരാണ് പുറത്തായ മറ്റുള്ളവര്‍. പഞ്ചാബിനു വേണ്ടി മുഹമ്മദ് ഷമിയും എം അശ്വിനും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

ചെന്നൈ സൂപ്പര്‍ കിങ്‌സിനെ തകര്‍ത്തുവിട്ട കഴിഞ്ഞ മല്‍സരത്തിലെ അതേ ടീമിനെ തന്നെ ആര്‍സിബി നിലനിര്‍ത്തുകയായിരുന്നു. മറുഭാഗത്ത് പഞ്ചാബ് ടീമില്‍ മൂന്നു മാറ്റങ്ങളുണ്ടായിരുന്നു. മുജീബുര്‍ റഹ്മാന്‍, മന്‍ദീപ് സിങ്, പ്രഭ്‌സിമ്രന്‍ സിങ് എന്നിവര്‍ക്കു പകരം വിന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്ല്‍, ദീപക് ഹൂഡ, എം അശ്വിന്‍ എന്നിവര്‍ പഞ്ചാബ് ടീമിലെത്തി.

മോശല്ലാത്ത തുടക്കം

മോശല്ലാത്ത തുടക്കം

ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചും മലയാളി താരം ദേവ്ദത്ത് പടിക്കലും ചേര്‍ന്ന് മോശമല്ലാത്ത തുടക്കമാണ് ആര്‍സിബിക്കു നല്‍കിയത്. ആദ്യ വിക്കറ്റില്‍ ഇരുവരും ചേര്‍ന്നു 38 റണ്‍സെടുത്തു. ഫിഞ്ചായിരുന്നു കൂടുതല്‍ ആക്രമിച്ച് കളിച്ചത്. ഷമിയുടെ രണ്ടാം ഓവറില്‍ രണ്ടു ബൗണ്ടറികള്‍ ഫിഞ്ച് നേടിയിരുന്നു. അഞ്ചാം ഓവറിലെ ആദ്യ പന്തില്‍ ദേവ്ദത്തിനെ വീഴ്ത്തി പഞ്ചാബ് ഈ കൂട്ടുകെട്ട് തകര്‍ത്തു. അര്‍ഷ്ദീപ് സിങിനായിരുന്നു വിക്കറ്റ്. ഷോര്‍ട്ട് കവറില്‍ നിക്കോളാസ് പൂരന്‍ മലയാളി താരത്തെ പിടികൂടി.

ഫിഞ്ചിനെ മടക്കി അശ്വിന്‍

ഫിഞ്ചിനെ മടക്കി അശ്വിന്‍

ദേവ്ദത്ത് പുറത്തായി അധികം വൈകാതെ തന്നെ മറ്റൊരു ഓപ്പണറായ ഫിഞ്ചും മടങ്ങി. എംഅശ്വിനാണ് വിക്കറ്റ്. ഏഴാം ഓവറിലെ രണ്ടാമത്തെ പന്തില്‍ എഡ്ജ് ചെയ്ത പന്തില്‍ ക്യാച്ചില്‍ നിന്നും കഷ്ടിച്ചു രക്ഷപ്പെട്ട ഫിഞ്ചിന് ബൗണ്ടറിയും ലഭിച്ചു. എന്നാല്‍ തൊട്ടടുത്ത പന്തില്‍ ഫിഞ്ചിനെ അശ്വിന്‍ മടക്കി. ബാക്ക് ഫൂട്ടില്‍ കളിക്കാന്‍ ശ്രമിച്ച ഫിഞ്ചിനെ അശ്വിന്‍ ക്ലീന്‍ ബൗള്‍ഡാക്കി. 18 പന്തുകള്‍ നേരിട്ട അദ്ദേഹം രണ്ടു ബൗണ്ടറികളും ഒരു സിക്‌സറും നേടി. ടീം സ്‌കോര്‍ 62ലായിരുന്നു ഫിഞ്ച് പുറത്തായത്.

സുന്ദര്‍, ദുബെ, എബിഡി

സുന്ദര്‍, ദുബെ, എബിഡി

വാഷിങ്ടണ്‍ സുന്ദറിനെ നേരത്തേയിറക്കി അതിവേഗം റണ്‍സ് നേടാനുള്ള ആര്‍സിബിയുടെ പ്ലാന്‍ വിജയിച്ചില്ല. 14 പന്തില്‍ ഒരു ബൗണ്ടറിയോടെ 13 റണ്‍സ് മാത്രമാണ് സുന്ദര്‍ നേടിയത്. അശ്വിന്റെ ബൗളിങില്‍ താരത്തെ ജോര്‍ഡന്‍ പിടികൂടി.
അടുത്തത് ശിവം ദുബെയുടെ ഊഴമായിരുന്നു. നായകന്‍ കോലിക്കൊപ്പം മോശമല്ലാത്ത കൂട്ടുകെട്ടുണ്ടാക്കാക്കിയ ദുബെ രണ്ടു വമ്പന്‍ സിക്‌സറുകളുമായി ആരാധകരെ ആവേശം കൊള്ളിച്ചെങ്കിലും ജോര്‍ഡന് മുന്നില്‍ മുട്ടുമടക്കി. രാഹുല്‍ ക്യാച്ചെടുക്കുകയായിരുന്നു. ടൂര്‍ണമെന്റില്‍ ജോര്‍ഡ്‌ന്റെ കന്നി വിക്കറ്റായിരുന്നു ഇത്. ബാറ്റിങില്‍ പിന്നിലേക്ക് ഇറങ്ങിയ സൂപ്പര്‍ താരം എബി ഡിവില്ലിയേഴ്‌സിന് അഞ്ചു പന്തുകളുടെ ആയുസ്സേ ഉണ്ടായുള്ളൂ. ഷമിയുടെ ബൗളിങില്‍ ഹൂഡ എബിഡിയെ മടക്കി. ഇതേ ഓവറിലെ അഞ്ചാമത്തെ പന്തില്‍ ടോപ്‌സ്‌കോററായ കോലിയെയും ഷമി തിരച്ചയച്ചു.

പ്ലെയിങ് ഇലവന്‍

പ്ലെയിങ് ഇലവന്‍

കിങ്‌സ് ഇലവന്‍ പഞ്ചാബ്- ക്രിസ് ഗെയ്ല്‍, കെഎല്‍ രാഹുല്‍ (ക്യാപ്റ്റന്‍), മായങ്ക് അഗര്‍വാള്‍, നിക്കോളാസ് പുരാന്‍, ഗ്ലെന്‍ മാക്‌സ്വെല്‍, ദീപക് ഹൂഡ, ക്രിസ് ജോര്‍ഡന്‍, എം അശ്വിന്‍, മുഹമ്മദ് ഷമി, രവി ബിഷ്‌നോയ്, അര്‍ഷ്ദീപ് സിങ്.

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍- ദേവ്ദത്ത് പടിക്കല്‍, ആരോണ്‍ ഫിഞ്ച്, വിരാട് കോലി (ക്യാപ്റ്റന്‍), എബി ഡിവില്ലിയേഴ്‌സ്, വാഷിങ്ടണ്‍ സുന്ദര്‍, ശിവം ദുബെ, ക്രിസ് മോറിസ്, ഇസുരു ഉദാന, നവദീപ് സെയ്‌നി, മുഹമ്മദ് സിറാജ്, യുസ്വേന്ദ്ര ചഹല്‍

Story first published: Thursday, October 15, 2020, 23:25 [IST]
Other articles published on Oct 15, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+