ദുബായ്: ഐപിഎല്ലില്‍ രാഹുല്‍ തെവാത്തിയ വീണ്ടും തീപ്പൊരി പാറിച്ചപ്പോള്‍ തോല്‍വിയുടെ വക്കില്‍ നിന്നും അവിസ്മരണീയ തിരിച്ചുവരവ് നടത്തി രാജസ്ഥാന്‍ റോയല്‍സ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ അഞ്ചു വിക്കറ്റിനാണ് രാജസ്ഥാന്‍ മറികടന്നത്. തുടര്‍ച്ചയായ നാലു തോല്‍വികള്‍ക്കു ശേഷം സ്റ്റീവ് സ്മിത്തിന്റെയും സംഘത്തിന്റെയും ആദ്യ വിജയം കൂടിയാണിത്.

159 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ രാജസ്ഥാന്‍ ഒരു പന്ത് ബാക്കിനില്‍ക്കെ അഞ്ചു വിക്കറ്റിനു ലക്ഷ്യത്തിലെത്തുകയായിരുന്നു. തെവാത്തിയ (45*), റിയാന്‍ പരാഗ് (42*) ജോടിയുടെ തകര്‍പ്പന്‍ പ്രകടനമാണ് രാജസ്ഥാനെ വിജയവഴിയില്‍ തിരികെയെത്തിച്ചത്. 85 റണ്‍സാണ് അപരാജിതമായ ആറാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്നു നേടിയത്. തെവാത്തിയ 28 പന്തില്‍ നാലു ബൗണ്ടറികളും രണ്ടു സിക്‌സറുകളും പായിച്ചപ്പോള്‍ പരാഗ് 26 പന്തില്‍ രണ്ടു വീതം ബൗണ്ടറികളും സിക്‌സറും നേടി.
അവസാനത്തെ മൂന്നോവറിലാണ് കളി മാറി മറിഞ്ഞത്. 18 പന്തില്‍ 36 റണ്‍സായിരുന്നു രാജസ്ഥാന് ജയിക്കാന്‍ വേണ്ടിയിരുന്നത്. റാഷിദിന്റെ 18ാം ഓവറില്‍ ഹാട്രിക് ബൗണ്ടറികളോടെ രാജസ്ഥാന്‍ 14 റണ്‍സ് അടിച്ചെടുത്തു. മൂന്നു ബൗണ്ടറിയും തെവാത്തിയയുടെ ബാറ്റില്‍ നിന്നായിരുന്നു. ടി നടരാജന്റെ തൊട്ടടുത്ത ഓവറില്‍ ഓരോ സിക്‌സറും ബൗണ്ടറിയും തെവാത്തിയ പറത്തിയപ്പോള്‍ രാജസ്ഥാന്‍ 14 റണ്‍സെടുത്തു. ഇതോടെയാണ് രാജസ്ഥാന്‍ വിജമയുറപ്പിച്ചത്. അവസാന ഓവറില്‍ ഒമ്പത് റണ്‍സ് മാത്രമേ അവര്‍ക്കു ജയിക്കാന്‍ വേണ്ടിയിരുന്നുള്ളൂ. രണ്ടു പന്തില്‍ രണ്ടു റണ്‍സ് വേണമെന്നിരിക്കെ അഞ്ചാമത്തെ ബോള്‍ സിക്‌സറിലേക്കു പായിച്ച് പരാഗ് രാജസ്ഥാന് ത്രസിപ്പിക്കുന്ന വിജയം സമ്മാനിച്ചു.
ബെന്‍ സ്റ്റോക്‌സ് (5), ജോസ് ബട്‌ലര്‍ (16), നായകന്‍ സ്മിത്ത് (5), മലയാളി താരം സഞ്ജു സാംസണ്‍ (26), റോബിന്‍ ഉത്തപ്പ (18) എന്നിവരുടെ വിക്കറ്റുകളാണ് രാജസ്ഥാന് നഷ്ടമായത്. ഹൈദരാബാദിനു വേണ്ടി ഖലീല്‍ അഹമ്മദും റാഷിദ് ഖാനും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഹൈദരാബാദ് നാലു വിക്കറ്റിനാണ് 158 റണ്‍സെടുത്തത്. കണിശതയാര്‍ന്ന ബൗളിങായിരുന്നു രാജസ്ഥാന്‍ ബൗളര്‍മാര്‍ കളിയിലുടനീളം കാഴ്ചവച്ചത്. മനീഷ് പാണ്ഡെ (54), ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ (48) എന്നിവരുടെ ഇന്നിങ്‌സുകളാണ് ഹൈദരബാദിനെ മാന്യമായ സ്‌കോറിലെത്തിച്ചത്. പാണ്ഡെ 44 പന്തില്‍ രണ്ടു ബൗണ്ടറികളും മൂന്നു സിക്‌സറുമുള്‍പ്പെടെയാണ് 54 റണ്‍സെടുത്തത്. ഐപിഎല്‍ കരിയറിലെ 17ാമത്തെ ഫിഫ്റ്റിയാണ് അദ്ദേഹം നേടിയത്. വാര്‍ണര്‍ 38 പന്തില്‍ മൂന്നു ബൗണ്ടറികളും രണ്ടു സിക്‌സറും പായിച്ചു. ജോണി ബെയര്‍സ്‌റ്റോ 16 റണ്‍സെടുത്തു മടങ്ങി. കെയ്ന്‍വ വില്ല്യംസണ്‍ 12 പന്തില്‍ രണ്ടു സിക്‌സറുകളോടെ 22 റണ്‍സുമായി പുറത്താവാതെ നിന്നു. പ്രിയം ഗാര്‍ഗ് എട്ടു പന്തില്‍ ഓരോ ബൗണ്ടറിയും സിക്‌സറുമടക്കം 15 റണ്‍സെടുത്തു പുറത്തായി. രാജസ്ഥാനു വേണ്ടി ജോഫ്ര ആര്‍ച്ചര്‍, കാര്‍ത്തിക് ത്യാഗി, ജയദേവ് ഉനാട്കട്ട് എന്നിവര്‍ ഓരോ വിക്കറ്റ് വീതമെടുത്തു.
രണ്ടു മാറ്റങ്ങളുമായാണ് ഹൈദരാബാദ് ഈ മല്‍സരത്തില്‍ ഇറങ്ങിയത്. അബ്ദുള്‍ സമദിനു പകരം വിജയ് ശങ്കര്‍ ടീമില്‍ തിരിച്ചെത്തി. മറുഭാഗത്ത് രാജസ്ഥാന്‍ ടീമില്‍ മൂന്നു മാറ്റങ്ങളുണ്ടായിരുന്നു. ഇംഗ്ലണ്ടിന്റെ സൂപ്പര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സ് ഈ സീസണിലെ ആദ്യ മല്‍സരത്തില്‍ ഇറങ്ങി. ആന്‍ഡ്രു ടൈയ്ക്കു പകരമാണ് അദ്ദേഹം ടീമിലെത്തിയത്. യശസ്വി ജയ്‌സ്വാള്‍, മഹിപാല്‍ ലൊംറോര്‍ ഇവര്‍ക്കു പകരം റോബിന്‍ ഉത്തപ്പ, റിയാന്‍ പരാഗ് എന്നിവരും ടീമിന്റെ ഭാഗമായി.
സ്ലോ തുടക്കം
വളരെ സ്ലോയായിരുന്നു രാജസ്ഥാന്റെ തുടക്കം. ആദ്യത്തെ മൂന്നോവറില്‍ വെറും ആറു റണ്‍സാണ് അവരുടെ സ്‌കോര്‍ ബോര്‍ഡിലുണ്ടായിരുന്നത്. അഞ്ചാം ഓവറില്‍ അപകടകാരിയായ ബെയര്‍സ്റ്റോയെ അവര്‍ക്കു നഷ്ടമായി. കാര്‍ത്തിക് ത്യാഗിക്കായിരുന്നു വിക്കറ്റ്.
മൂന്നാമത്തെ പന്ത് മിഡ് വിക്കറ്റിലൂടെ സിക്‌സറിലേക്കു പറത്തിയ ബെയര്‍സ്റ്റോയെ അടുത്ത പന്തില്‍ ത്യാഗി പുറത്താക്കി. ഡൈവിങ് ക്യാച്ചിലൂടെ സഞ്ജു സാംസണാണ് ബെയര്‍സ്റ്റോയെ ക്യാച്ച് ചെയ്തത്.
വാര്‍ണര്‍- പാണ്ഡെ കൂട്ടുകെട്ട്
രണ്ടാം വിക്കറ്റില്‍ വാര്‍ണര്‍ക്കു കൂട്ടായി മനീഷ് പാണ്ഡെയെത്തി. 63 റണ്‍സ് ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ക്കാന്‍ ഈ സഖ്യത്തിനു കഴിഞ്ഞു. കരുത്താര്‍ജിച്ചു കൊണ്ടിരുന്ന ജോടിയെ വേര്‍പിരിച്ചത് പേസര്‍ ജോഫ്ര ആര്‍ച്ചറായിരുന്നു. 15ാം ഓവറിലെ നാലാമത്തെ പന്തില്‍ വിക്കറ്റില്‍ നിന്നും മാറിനിന്ന് ഷോട്ടിനു ശ്രമിച്ച വാര്‍ണര്‍ ക്ലീന്‍ബൗള്‍ഡാവുകയായിരുന്നു.
പ്ലെയിങ് ഇലവന്‍
രാജസ്ഥാന്‍ റോയല്‍സ്- ജോസ് ബട്‌ലര്‍, റോബിന്‍ ഉത്തപ്പ, സഞ്ജു സാംസണ്‍, സ്റ്റീവ് സ്മിത്ത് (ക്യാപ്റ്റന്‍), ബെന്‍ സ്‌റ്റോക്‌സ്, റിയാന്‍ പരാഗ്, രാഹുല്‍ തെവാത്തിയ, ജോഫ്ര ആര്‍ച്ചര്‍, ശ്രേയസ് ഗോപാല്‍, കാര്‍ത്തിക് ത്യാഗി, ജയദേവ് ഉനാട്കട്ട്.
സണ്‍റൈസേഴ്‌സ് ഹൈദരാബാദ്- ഡേവിഡ് വാര്‍ണര്‍ (ക്യാപ്റ്റന്‍), ജോണി ബെയര്‍സ്‌റ്റോ, മനീഷ് പാണ്ഡെ, കെയ്ന്‍ വില്ല്യംസണ്‍, വിജയ് ശങ്കര്‍, പ്രിയം ഗാര്‍ഗ്, അഭിഷേക് ശര്‍മ, റാഷിദ് ഖാന്‍, സന്ദീപ് ശര്‍മ, ഖലീല്‍ അഹമ്മദ്, ടി നടരാജന്‍.