IPL 2020: പരിക്കിനെക്കുറിച്ച് രോഹിത്തിന്റെ കമന്റ്, ഞെട്ടിത്തരിച്ച് ഇന്ത്യന്‍ സെലക്ടര്‍മാര്‍!
ഷാര്‍ജ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സും സണ്‍റൈസേഴ്‌സും തമ്മിലുള്ള മല്‍സരത്തിന്റെ ടോസിനായി കരെണ്‍ പൊള്ളാര്‍ഡിനു പകരം സ്ഥിരം ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഗ്രൗണ്ടിലേക്കു നടന്നു കയറിയപ്പോള്‍ ഒരു നിമിഷം എല്ലാവരും അമ്പരന്നിട്ടുണ്ടാവുമെന്നുറപ്പാണ്. കാരണം പരിക്കാണെന്നും ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ സമയം വേണ്ടിവരുമെന്നും ചൂണ്ടിക്കാട്ടി ഇന്ത്യന്‍ ടീമില്‍ നിന്നും തഴയപ്പെട്ട രോഹിത്താണ് ചുറുചുറുക്കോടെ ടീമിന്റെ ക്യാപ്റ്റനായി കളിക്കാനിറങ്ങിയത്.
ഇതോടെ പരിക്കു കാരണമാണ് രോഹിത്തിനെ ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ സംഘത്തില്‍ നിന്നും ഒഴിവാക്കിയതെന്ന സെലക്ഷന്‍ കമ്മിറ്റിയുടെ വാദം കൂടിയാണ് ചീട്ടുകൊട്ടാരം കണക്കെ തകര്‍ന്നുവീണത്. വരുംദിവസങ്ങളില്‍ സെലക്ഷന്‍ കമ്മിറ്റിക്കു പല ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കേണ്ടി വരുമെന്നുറപ്പാണ്.

രോഹിത്തിന്റെ വാക്കുകള്‍
ടോസിനു ശേഷം രോഹിത് തന്റെ ഫിറ്റ്‌നസിനെക്കുറിച്ചും പരിക്കിനെക്കുറിച്ചുമെല്ലാം നല്‍കിയ മറുപടി സെലക്ഷന്‍ കമ്മിറ്റിക്കും ബിസിസിഐയ്ക്കുമുള്ള മറുപടി കൂടിയാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. സെലക്ഷന്‍ കമ്മിറ്റിയെ അമ്പരപ്പിക്കുന്നതായിരുന്നു ഹിറ്റ്മാന്റെ പ്രതികരണം.
ഞാന്‍ ആരോഗ്യവാനാണെന്നാണ് തോന്നുന്നത് എന്നായിരുന്നു സെലക്ഷന്‍ കമ്മിറ്റിയെ പരോക്ഷമായി കളിയാക്കിക്കൊണ്ട് രോഹിത് പറഞ്ഞത്.

സെലക്ഷന്‍ കമ്മിറ്റി പ്രതിക്കൂട്ടിലാവും
സുനില്‍ ജോഷിയുടെ കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റിയായിരുന്നു ഓസീസ് പര്യടനത്തിനായി മൂന്നു ഫോര്‍മാറ്റുകളിലേക്കുമുള്ള ടീമുകളെ പ്രഖ്യാപിച്ചത്. ഐപിഎല്ലില്‍ ഹൈദരാബാദിനെതിരായ കളിയില്‍ രോഹിത്തിന്റെ സര്‍പ്രൈസ് മടങ്ങിവരവ് സെലക്ഷന്‍ കമ്മിറ്റിക്കു കനത്ത തിരിച്ചടി കൂടിയാണ്. അദ്ദേഹത്തിന്റെ പരിക്ക് അത്ര സാരമുള്ളതായിരുന്നുവെന്ന് ഇതോടെ ഉറപ്പായിരിക്കുകയാണ്.
ഓസീസിനെതിരായ ഇന്ത്യയുടെ പരമ്പര നവംബര്‍ അവസാന വാരമാണ് തുടങ്ങുന്നത്. ഇത്രയും സമയമുണ്ടെന്നിരിക്കെ നിസാര പരിക്കിന്റെ പേരില്‍ അടുത്ത വര്‍ഷം ജനുവരി വരെ നീളുന്ന ഓസീസ് പര്യടനത്തില്‍ നിന്നും എന്തു കൊണ്ട് മാറ്റിനിര്‍ത്തിയെന്നതിന് സെലക്ഷന്‍ കമ്മിറ്റി വിശദീകരണം നല്‍കേണ്ടി വരുമെന്നുറപ്പാണ്.

നേരത്തേ തന്നെ വിവാദം
ഓസീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചതു മുതല്‍ തന്നെ വിവാദവും കൂടെയുണ്ടായിരുന്നു. രോഹിത്തിന്റെ അഭാവം തന്നെയായിരുന്നു ഇതിനു കാരണം. രോഹിത്തിന് പരിക്കാണെന്ന് സെലക്ഷന്‍ കമ്മിറ്റി പറയുമ്പോഴും അദ്ദേഹം മുംബൈയ്ക്കായി നെറ്റ്‌സില്‍ പരിശീലനം നടത്തിയിരുന്നു. ഇന്ത്യന്‍ ടീം പ്രഖ്യാപിച്ച അതേ ദിവസം തന്നെ രോഹിത് നെറ്റ്‌സില്‍ ബാറ്റിങ് പരിശീലനം നടത്തിയിരുന്നുവെന്നതാണ് ഏറ്റവും ആശ്ചര്യമുണര്‍ത്തുന്ന കാര്യം.
അതേസമയം, പരിക്കില്‍ നിന്നും നേരത്തേ മുക്തനായി മടങ്ങിവരാനാണ് രോഹിത് ശ്രമിക്കുന്നതെന്നും മാച്ച് ഫിറ്റ്‌നസിലേക്ക് എത്താന്‍ ഇനിയും സമയം വേണ്ടിവരുമെന്നുമായിരുന്നു ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രി വ്യക്തമാക്കിയത്. എന്നാല്‍ ഫിറ്റ്‌നസ് വീണ്ടെടുക്കുകയാണെങ്കില്‍ രോഹിത്തിനെ ഓസീസ് പര്യടനത്തിനുള്ള ടീമിലേക്കു പരിഗണിക്കുമെന്നായിരുന്നു ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ പ്രതികരണം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications