
മൂന്നു താരങ്ങള്‍ക്കു മാത്രം വേണ്ടി 27.5 കോടി രൂപയാണ് കെകെആര്‍ ചെലവഴിച്ചത്. ക്യാപ്റ്റന്‍ സ്ഥാനത്തേക്കു വന്ന ശ്രേയസ് അയ്യര്‍ക്കായി 12.25 കോടിയാണ് മുടക്കിയത്. ഈ തുക അധികമല്ല. കാരണം ഇന്നിങ്‌സിനെ മുന്നോട്ടു കൊണ്ടു പോവാന്‍ ശേഷിയുള്ള മികച്ച മധ്യനിര ബാറ്ററാണ് അദ്ദേഹം. കൂടാതെ നേതൃശേഷിയുമുണ്ട്.
ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ പേസര്‍ പാറ്റ് കമ്മിന്‍സിനെ 7.25 കോടി രൂപക്കും നിതീഷ് റാണയെ എട്ടു കോടി രൂപയ്ക്കുമാണ് കെകെആര്‍ തിരിച്ചുകൊണ്ടു വന്നത്.

കമ്മിന്‍സിനെ എട്ടു കോടിക്കു താഴെ ലഭിച്ചത് നേട്ടമാണെങ്കിലും റാണയ്ക്കു എട്ടു കോടി നല്‍കിയത് നഷ്ടമായേക്കും. കാരണം ഒട്ടും സ്ഥിരതയില്ലാത്ത ബാറ്റര്‍മാരില്‍ ഒരാളാണ് അദ്ദേഹം. ചില ഇന്നിങ്‌സുകളില്‍ നന്നായി കളിച്ചാല്‍ മറ്റു ചിലതില്‍ വന്‍ ഫ്‌ളോപ്പാവുകയും ചെയ്യും.

നിതീഷ് റാണയ്ക്കു വേണ്ടി മാത്രമല്ല യുവ ഫാസ്റ്റ് ബൗളര്‍ ശിവം മാവിക്കു 7.25 കോടി രൂപയും കെകെആര്‍ വാരിയെറിഞ്ഞത് എന്തു കണ്ടിട്ടാണെന്നതാണ് സംശയം. കാരണം അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇനിയും അരങ്ങേറിയിട്ടില്ലാത്ത താരമാണ് അദ്ദേഹം. അനുഭവസമ്പത്തും കുറവാണ്. കഴിഞ്ഞ സീസണില്‍ കെകെആറിനു വേണ്ടി മോശമല്ലാത്ത പ്രകടനം നടത്തിയിട്ടുണ്ടെങ്കിലും ഇത്രയും വലിയ തുക നല്‍കേണ്ടിയിരുന്നോയെന്നതാണ് ചോദ്യം. കുറേക്കൂടി അനുഭവസമ്പത്തുള്ള കഴിവ് തെളിയിച്ച ഒരു ഫാസ്റ്റ് ബൗളറായിരുന്നു കെകെആറിനു വേണ്ടിയിരുന്നത്.

ലേലത്തിന്റെ ആദ്യദിനം മോശമായി മാറിയതോടെ രണ്ടാം ദിനത്തില്‍ കെകെആറിന് പാനിക്ക് ബട്ടണ്‍ അമര്‍ത്തേണ്ടി വന്നു. ഇതോടെ ഒരു പ്ലാനിങുമില്ലാതെ ആരെയൊക്കെയോ വാങ്ങുകയും ചെയ്തു. സിഎസ്‌കെ, മുംബൈ എന്നീ ടീമുകളെപ്പോലെ കുറച്ചു കൂടി കാത്തിരുന്ന ലേലത്തില്‍ നല്ല കളിക്കാരെ വാങ്ങാന്‍ കെകെആറിനു ശ്രമിക്കാമായിരുന്നു. പകരം ലേലത്തിന്റെ രണ്ടാംദിനം തുടക്കത്തില്‍ തന്നെ ധൃതി പിടിച്ച് ചില താരങ്ങള്‍ക്കു വേണ്ടി കെകെആര്‍ അനാവശ്യമായി കോടികള്‍ മുടക്കി. ടീമിന് എന്താണ് ആവശ്യമെന്നു പോലും പരിഗണിക്കാതെയാണ് അവര്‍ താരങ്ങളെ കൊണ്ടു വന്നതെന്നു സ്‌ക്വാഡ് പരിശോധിച്ചാല്‍ ബോധ്യമാവും.

ഒരു മുന്‍നിര വിക്കറ്റ് കീപ്പറെപ്പോലും ലേലത്തില്‍ കെകെആറിനു വാങ്ങാനായില്ലെന്നത് ആശ്ചര്യപ്പെടുത്തും. മാത്രമല്ല ബാക്കപ്പ് ബാറ്റര്‍മാരുടെ കുറവും അവര്‍ക്കുണ്ട്. ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍പ്പോലും സ്ഥാനമില്ലാത്ത അജിങ്ക്യ രഹാനെയെയും ആഭ്യന്തര ക്രിക്കറ്റിലെ ഒരുപിടി ബാറ്റര്‍മാരെയും കെകെആര്‍ ലേലത്തില്‍ വാങ്ങിയിരുന്നു. പക്ഷെ ഇവരാരും തന്നെ പ്ലെയിങ് ഇലവനില്‍ കളിക്കാന്‍ യോഗ്യരല്ല. ലേലത്തിന്റെ അവസാന ഘട്ടത്തില്‍ ഇംഗ്ലീഷ് വെടിക്കെട്ട് താരം അലെക്‌സ് ഹേല്‍സ്, ഇംഗ്ലീഷ് വിക്കറ്റ് കീപ്പര്‍ സാം ബില്ലിങ്‌സ് എന്നിവരെ വാങ്ങിയത് കെകെആറിന് ചെറുതായി ആശ്വസിക്കാന്‍ വക നല്‍കുന്നുണ്ട്. പക്ഷെ മറുഭാഗത്ത് വീക്ക്‌നെസുകള്‍ ഒരുപാടുണ്ടെന്നതിനാല്‍ കെകെആറിന്റെ ഭാവി കണ്ടു തന്നെ അറിയണം.

പ്ലസ് പോയിന്റുകള്‍
ലേലത്തില്‍ കെകെആറിന്റെ പ്ലസ് പോയിന്റുകള്‍ വളരെ ചുരുക്കം ചിലതു മാത്രമേയുള്ളൂ. നാലു മികച്ച വിദേശ താരങ്ങളെ കണ്ടെത്താന്‍ കഴിഞ്ഞുവെന്നതാണ് ഇതിലൊന്ന്. വെങ്കടേഷ് അയ്യര്‍ക്കു പറ്റിയ ഓപ്പണിങ് പങ്കാളി തന്നെയായിരിക്കും അലെക്‌സ് ഹേല്‍സ്.
വിദേശ താരങ്ങളുടെ ക്വാട്ടയില്‍ നേരത്തേ ടീമിലുള്ള ആന്ദ്രെ റസ്സല്‍, സുനില്‍ നരെയ്ന്‍ എന്നിവര്‍ക്കൊപ്പം മൂന്നാമന്‍ പാറ്റ് കമ്മിന്‍സായിരിക്കും. പക്ഷെ നാലാമന്‍ ആരാവും? വിക്കറ്റ് കീപ്പറില്ലാത്തിനാല്‍ സാം ബില്ലിങിനെ കെകെആറിനെ കളിപ്പിക്കേണ്ടി വരും. മുഹമ്മദ് നബി ടീമിലുണ്ടെങ്കിലും നരെയ്ന്‍, റസ്സല്‍ എന്നിവരിലൊരാളെ പുറത്തിരുത്തിയാല്‍ മാത്രമേ കളിപ്പിക്കാനാവൂ. കമ്മിന്‍സ് ലഭ്യമല്ലെങ്കില്‍ പകരം ടിം സൗത്തിയെ ഇറക്കാം.

പ്രധാന വീക്ക്‌നെസുകള്‍
കെകെആറിന് ഒരുപാട് വീക്ക്‌നെസുകള്‍ ഉണ്ടെന്നു കാണാം. ഏറ്റവും പ്രധാനപ്പെട്ടത് മികച്ചൊരു വിക്കറ്റ് കീപ്പറില്ലെന്നതാണ്. മികച്ചൊരു ഇന്ത്യന്‍ വിക്കറ്റ് കീപ്പറെ വാങ്ങിയിരുന്നെങ്കില്‍ അവര്‍ക്കു ഈ പോരായ്മ പരിഹരിക്കാമായിരുന്നു. സാം ബില്ലിങ്‌സിനെയാവും കെകെആര്‍ പുതിയ വിക്കറ്റ് കീപ്പറായി പരീക്ഷിച്ചേക്കുക. ഇതോടെ വിദേശ താരങ്ങളുടെ ക്വാട്ട മൂന്നായി കുറയും. ഈ മൂന്നു പേര്‍ ആരൊക്കെയാവുമെന്നതാവും പ്രധാന തലവേദന.

ഹേല്‍സിനെ ഓപ്പണറാക്കിയാല്‍ പിന്നെ റസ്സല്‍, നരെയ്ന്‍ എന്നിവര്‍ക്കു മാത്രമേ ടീമിലിടമുണ്ടാവുകയുള്ളൂ. ഹേല്‍സ് വിക്കറ്റ് കാക്കുമെങ്കിലും സ്ഥിരം വിക്കറ്റ് കീപ്പറല്ല. അതുകൊണ്ടു തന്നെ ബില്ലിങ്‌സിനു പകരം ഹേല്‍സിനെ ദൗത്യമേല്‍പ്പിച്ചാല്‍ അബദ്ധമായേക്കും. മികച്ച ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍മാരുടെ അഭാവമാണ് കെകെആറിന്റെ മറ്റൊരു പ്രശ്‌നം. ശിവം മാവിയെ മാറ്റി നിര്‍ത്തിയാല്‍ പിന്നെ ടീമിലുള്ളത് ഉമേഷ് യാദവാണ്. ടി20 ഫോര്‍മാറ്റില്‍ ഉമേഷിനെ എത്ര മാത്രം ആശ്രയിക്കാമെന്നതു സംശയമാണ്.

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് സ്‌ക്വാഡ്
ബാറ്റര്‍മാര്‍- ശ്രേയസ് അയ്യര്‍, അജിങ്ക്യ രഹാനെ, റിങ്കു സിങ്, അഭിജിത് തോമര്‍, പ്രഥം സിങ്, അലെക്‌സ് ഹേല്‍സ്.
വിക്കറ്റ് കീപ്പര്‍മാര്‍- ഷെയ്ല്‍ഡണ്‍ ജാക്‌സണ്‍, സാം ബില്ലിങ്‌സ്, ബാബ ഇന്ദ്രജിത്ത്.
സ്പിന്നര്‍മാര്‍- മായങ്ക് മര്‍ക്കാണ്ഡെ, മുരുഗന്‍ അശ്വിന്‍.
ഫാസ്റ്റ് ബൗളര്‍മാര്‍-ശിവം മാവി, റാസിഖ് ഖാന്‍, അശോക് ശര്‍മ, ടിം സൗത്തി, ഉമേഷ് യാദവ്.
സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍മാര്‍- സുനില്‍ നരെയ്ന്‍, നിതീഷ് റാണ, അനുകുല്‍ റോയ്, മുഹമ്മദ് നബി.
ഫാസ്റ്റ് ബൗളിങ് ഓള്‍റൗണ്ടര്‍മാര്‍- ആന്ദ്രെ റസ്സല്‍, വെങ്കടേഷ് അയ്യര്‍, പാറ്റ് കമ്മിന്‍സ്, ചാമിക കരുണരത്‌നെ, രമേഷ് കുമാര്‍, അമാന്‍ ഖാന്‍.


Click it and Unblock the Notifications











