ദുബായ്: സിഎസ്‌കെ ടീമില്‍ നിന്ന് ഇപ്പോഴത്തെ പ്രകടനം പോരെന്ന് മുന്‍ ഇന്ത്യന്‍ താരം പ്രഗ്യാന്‍ ഓജ. സിഎസ്‌കെയ്ക്ക് ഇപ്പോള്‍ ആവശ്യം എല്ലാ കളിക്കാരില്‍ നിന്നുമുള്ള മികച്ച പ്രകടനമാണ്. എന്നാല്‍ വെറും വ്യക്തിഗത പ്രകടനം മാത്രമാണ് അവരില്‍ നിന്ന് വരുന്നതെന്നും ഓജ പറഞ്ഞു. മഹേന്ദ്ര സിംഗ് ധോണി എല്ലാ കളിയിലും സിഎസ്‌കെയെ വിജയിപ്പിക്കുമെന്ന് കരുതരുത്. ഇതൊരു ടീം ഗെയിമാണ്. ഒരു കളിക്കാരന് മാത്രം എല്ലാം ചെയ്യാനാവില്ല. നിങ്ങളെ കളിപ്പിക്കുക എന്നുള്ളത് ധോണിയുടെ മാത്രം ചുമതലയല്ലെന്നും ഓജ പറഞ്ഞു.

അതേസമയം നാല് കളിയില്‍ മൂന്ന് തോല്‍വികളുമായി സിഎസ്‌കെ വിമര്‍ശനങ്ങള്‍ക്ക് നടുവിലാണ്. ക്യാപ്റ്റന്‍ എംഎസ് ധോണിയും ബാറ്റിംഗിലെ മെല്ലെപ്പോക്കില്‍ വിമര്‍ശനം ഏറ്റുവാങ്ങുന്നുണ്ട്. എന്നാല്‍ കഴിഞ്ഞ കളിയില്‍ ടീമിനെ വിജയത്തിന്റെ പടിവാതില്‍ക്കല്‍ വരെ എത്തിച്ചത് ധോണിയായിരുന്നു. എല്ലാവരും റണ്‍സുകള്‍ എല്ലാ മത്സരങ്ങളിലും നേടണം. എങ്കില്‍ മാത്രമേ സിഎസ്‌കെ മുന്നോട്ട് പോവുകയുള്ളൂ എന്നും പ്രഗ്യാന്‍ ഓജ വ്യക്തമാക്കി. ഇന്ന് പഞ്ചാബിനെതിരെയാണ് അവരുടെ മത്സരം. അതില്‍ വിജയിക്കേണ്ടത് മുന്നോട്ട് പോകാന്‍ സിഎസ്‌കെയ്ക്ക് അത്യാവശ്യമാണ്.
സിഎസ്‌കെയ്ക്ക് ഹൈദരാബാദിനെതിരെ നേരത്തെ വിക്കറ്റുകള്‍ നഷ്ടപ്പെട്ടു. കേദാര്‍ ജാദവിനാണെങ്കില്‍ നല്ല രീതിയില്‍ കളിക്കാനുമായില്ല. ധോണി മധ്യഓവറുകളില്‍ മെല്ലെ കളിച്ചത് എന്തിനാണെന്ന് വ്യക്തമാണ്. കാരണം സ്‌കോറിംഗ് കുറഞ്ഞ ടീമും ഒപ്പം വിക്കറ്റുകളും ധാരാളം നഷ്ടപ്പെട്ടിരുന്നു. റാഷിദ് ഖാന്റെ ഓവറുകളില്‍ വളരെ സൂക്ഷിച്ചാണ് ധോണി കളിച്ചത്. വിക്കറ്റുകള്‍ നഷ്ടപ്പെടുത്താന്‍ അദ്ദേഹം തയ്യാറല്ലായിരുന്നു. താന്‍ പുറത്തായാല്‍ ടീം തകരുമെന്നും, മുന്നോട്ട് പോകില്ലെന്നും നന്നായി അറിയാമായിരുന്നു ധോണിക്ക്. ആ സമയം ധോണി പുറത്തായിരുന്നുവെങ്കില്‍, രവീന്ദ്ര ജഡേജ അര്‍ധ സെഞ്ച്വറി പോലും നേടില്ലായിരുന്നുവെന്നും ഓജ പറഞ്ഞു.
ജഡേജ പിടിച്ച് നിന്നത് ധോണിയുള്ളത് കൊണ്ടാണ്. ധോണി എല്ലാ അര്‍ത്ഥത്തിലും ഏറ്റവും മികച്ച പ്രകടനമാണ് നടത്തിയത്. അതേസമയം കേദാര്‍ ജാദവിനെ സിഎസ്‌കെയില്‍ ഉള്‍പ്പെടുത്തുന്നതിനോട് യോജിപ്പില്ല. ഇപ്പോഴത്തെ നിലയില്‍ ജാദവ് ബാറ്റ് ചെയ്യുന്നത് മോശം ഫോമിലാണ്. ബൗളിംഗും ബാറ്റിംഗും മോശമാണ്. ഫീല്‍ഡിംഗിലും അദ്ദേഹം മോശമാണ്. റോക്കറ്റ് വേഗത്തില്‍ ഫീല്‍ഡ് ചെയ്യുന്ന താരമല്ല അദ്ദേഹം. കാരണം സിഎസ്‌കെ വയസ്സന്‍മാരുടെ ടീമാണ്. അതിനെ മറച്ചുവെക്കാന്‍ യുവതാരങ്ങളും ടീമിലില്ല. അതുകൊണ്ട് ഇത്തരം ചെറിയ കാര്യങ്ങള്‍ വലുതായി തന്നെ ടീമില്‍ കാണാന്‍ സാധിക്കുമെന്നും ഓജ പറഞ്ഞു. ജാദവിന് പകരം മറ്റൊരാളെ കൊണ്ടുവന്ന് ബാറ്റിംഗ് ലൈനപ്പില്‍ മാറ്റം വരുത്തണെന്നും ഓജ ആവശ്യപ്പെട്ടു.