ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനു അഞ്ചാം കിരീടം നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച യുവതാരം ഇഷാന്‍ കിഷനെ പ്രശംസിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍. ചൊവ്വാഴ്ച ദുബായില്‍ നടന്ന കലാശക്കളില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ തകര്‍ത്തായിരുന്നു മുംബൈ കിരീടം നിലനിര്‍ത്തിയത്. മുംബൈയ്ക്കായി ഈ സീസണില്‍ കൂടുതല്‍ റണ്‍സെടുത്ത താരം കൂടിയാണ് ഇഷാന്‍. പോക്കറ്റ് സൈസ് ഡൈനാമൈറ്റ് എന്ന വിളിപ്പേരുള്ള താരം ഫൈനലിലും മിന്നിയിരുന്നു. റണ്‍ചേസില്‍ 19 പന്തില്‍ 33 റണ്‍സുമായി ഇഷാന്‍ പുറത്താവാതെ നിന്നിരുന്നു. ട്വിറ്ററിലൂടെയായിരുന്നു യുവിയുടെ അഭിനന്ദനം.

ഐപിഎല്ലില്‍ മറ്റു ടീമുകളേക്കാള്‍ ബഹുദൂരം മുന്നിലാണ് തങ്ങളെന്നു മുംബൈ ഇന്ത്യന്‍സ് തെളിയിച്ചു. ഫൈനലില്‍ ക്യാപ്റ്റന്റെ കളിയാ് രോഹിത് കെട്ടഴിച്ചത്. ഹൃദയം കൊണ്ട് ഡല്‍ഹി ക്യാപ്പിറ്റല്‍സിനൊപ്പമാണ്, അവരുടെ ഏറ്റവും മികച്ച ടൂര്‍ണമെന്റായിരുന്നു ഇത്. ഇഷാന്‍ കിഷന്‍ വളരെ സ്‌പെഷ്യല്‍ പ്ലെയറായി മാറിക്കൊണ്ടിരിക്കുകയാണ് എന്നായിരുന്നു യുവി ട്വിറ്ററില്‍ കുറിച്ചത്.
ഈ സീസണില്‍ ചില വെടിക്കെട്ട് ഇന്നിങ്‌സുകള്‍ ഇഷാന്‍ കളിച്ചിരുന്നു. പരിക്കു കാരണം ക്യാപ്റ്റന്‍ രോഹിത് ശര്‍മ സീസണിന്റെ രണ്ടാംപകുതിയിലെ ചില മല്‍സരങ്ങളില്‍ പുറത്തിരുന്നപ്പോള്‍ ഓപ്പണറായും ഇഷാന്‍ ഇറങ്ങിയിരുന്നു. ഈ റോളിലും തകര്‍പ്പന്‍ പ്രകടനമായിരുന്നു താരത്തിന്റേത്. മധ്യനിരയില്‍ ഇഷാന്റെ സ്ഥിരതയാര്‍ന്ന പ്രകടനം ഓപ്പണര്‍മാര്‍ക്കു കൂടുതല്‍ ആക്രമിച്ചു കളിക്കാന്‍ ധൈര്യം നല്‍കുകയും ചെയ്തിരുന്നു. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരേയാണ് ഇഷാന്റെ ഏറ്റവും മികച്ച ഇന്നിങ്‌സ് കണ്ടത്. അന്ന് അര്‍ഹിച്ച സെഞ്ച്വറി ഒരു റണ്‍സ് മാത്രം അകലെ താരത്തിനു നഷ്ടമാവുകയായിരുന്നു.

ആര്‍സിബിക്കെതിരേ മുംബൈയ്ക്കു 39 റണ്‍സാവുമ്പോഴേക്കും മുന്‍നിര ബാറ്റ്‌സ്മാന്‍മാരെ നഷ്ടമായിരുന്നു. തുടര്‍ന്നായിരുന്നു ഇഷാനു കീഴില്‍ രക്ഷാപ്രവര്‍ത്തനം. 58 പന്തില്‍ ഒമ്പത് സിക്‌സറുകളും രണ്ടു ബൗണ്ടറിയുമടക്കം 99 റണ്‍സ് താരം വാരിക്കൂട്ടി. ഇഷാന്റെ ഇന്നിങ്‌സ് മുംബൈയെ ജയിപ്പിച്ചില്ലെങ്കിലും അദ്ദേഹത്തിന്റെ പക്വതയാര്‍ന്ന പ്രകടനം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.
ഇതുകൂടാതെ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ 37 പന്തില്‍ 68ഉം ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ 47 പന്തില്‍ പുറത്താവാതെ 72ഉം ക്വാളിഫയര്‍ വണ്ണില്‍ ഡല്‍ഹിക്കെതിരേ തന്നെ 30 പന്തില്‍ പുറത്താവാതെ 55 റണ്‍സും ഇഷാന്‍ സ്‌കോര്‍ ചെയ്തിരുന്നു. 14 മല്‍സരങ്ങളില്‍ നിന്നും 145.76 സ്‌ട്രൈക്ക് റേറ്റോടെ 516 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. ഈ സീസണിലെ ഐപിഎല്ലില്‍ ഏറ്റവുമധികം സിക്‌സറുകള്‍ നേടിയ താരം ഇഷാനായിരുന്നു (29 സിക്‌സറുകള്‍).