
കഴിവിനൊപ്പം അത്‌ലറ്റിസവും വേണം
ക്രിക്കറ്റില്‍ പിടിച്ചുനില്‍ക്കാന്‍ ഇപ്പോള്‍ കഴിവിനൊപ്പം അത്‌ലറ്റിസവും വേണമെന്ന് മുംബൈ ഇന്ത്യന്‍സിന്റെ മുന്‍ കോച്ചും ഇപ്പോള്‍ സിംബാബ്‌വെയുടെ മുഖ്യ പരിശീലകനുമായ ലാല്‍ചന്ദ് രാജ്പുത് പറയുന്നു.
കണക്കുകള്‍ നോക്കിയാല്‍ ടെസ്റ്റില്‍ കളിക്കുന്ന ഒരു ഫാസ്റ്റ് ബൗളര്‍ക്കു 20-25 കിമി വരെ ഓടാന്‍ കഴിയും. ഏകദിനത്തിലേക്കു വന്നാല്‍ ഇതു 12-15 കിമി ആയിരിക്കും. താരങ്ങളെ തയ്യാറാക്കുന്നതിനു വേണ്ടി ഇപ്പോള്‍ ദേശീയ ടീമുകള്‍ ജിപിഎസ് ഉപയോഗിക്കുന്നുണ്ട്. പ്ലയോമെട്രിക്‌സ്, ഒളിംപിക് ലിഫ്റ്റുകള്‍ തുടങ്ങി നീന്തല്‍ വരെ ക്രിക്കറ്റില്‍ ഇപ്പോള്‍ താരങ്ങളുടെ ഫിറ്റ്‌നസിന്റെ ഭാഗമാണ്. പരിശീലനത്തിന്റെ ഭാഗമായുള്ള അഞ്ചു കിമി ഓട്ടം, യോ യോ ടെസ്റ്റ് എന്നിവയും സാധാരണമായിക്കഴിഞ്ഞു.

പ്രീസീസണ്‍ തയ്യാറെടുപ്പ്
ഒരു ടീമിന്റെ എട്ടു മുതല്‍ 12 ആഴ്ച വരെ നീണ്ടുനില്‍ക്കുന്ന പ്രീസീസണ്‍ തയ്യാറെടുപ്പുകള്‍ 45-60 മിനിറ്റ് വരെ സ്‌ട്രെങ്ത് ആന്റ് കണ്ടീഷനിങ് സെക്ഷന്‍, ശേഷം ഒന്നോ രണ്ടോ മണിക്കൂര്‍ കഴിവ് മെച്ചപ്പെടുത്താനുള്ള പരിശീലനം, ദിവസത്തിന്റെ അവസാനം 30-40 മിനിറ്റ് വരെ ജിമ്മില്‍ വര്‍ക്കൗട്ട് എന്ന ക്രമത്തിലായിരിക്കും.
കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ടീം കളിക്കാരുടെ ഫിറ്റ്‌നസ് നിലവാരമുയര്‍ത്താനായി കൊണ്ടു വന്നിരിക്കുന്നത് മുന്‍ ഒളിംപിക് ഓട്ടക്കാരനായ ക്രിസ് ഡൊണാള്‍ഡ്‌സനെയാണ്. ക്വാറന്റീനില്‍ പോലും അദ്ദേഹം തങ്ങള്‍ക്കു ഫ്രീടൈം നല്‍കിയിരുന്നില്ലെന്നു കെകെആര്‍ ക്യാപ്റ്റന്‍ ദിനേഷ് കാര്‍ത്തിക് പറഞ്ഞിരുന്നു.

തനിച്ചുള്ള വര്‍ക്കൗട്ട് ഗുണം ചെയ്യില്ല
കൊവിഡിനെ തുടര്‍ന്നുണ്ടായ ലോക്ക്ഡൗണ്‍ കാരണം പല താരങ്ങളും തനിച്ച് വീട്ടില്‍ വച്ച് തന്നെയായിരുന്നു വര്‍ക്കൗട്ട് ചെയ്തിരുന്നത്. ഇതു ഗുണം ചെയ്യില്ലെന്നു ഡല്‍ഹി ടീമിന്റെ മുന്‍ ഫിസിയോ വൈഭവ് ദാഗ അഭിപ്രായപ്പെട്ടു.
ക്രിക്കറ്റ് ടീം സ്‌പോര്‍ട്ടാണ്. ഏതു തരത്തിലുള്ള ഫിറ്റ്‌നസ് പ്രവര്‍ത്തികള്‍ അവര്‍ ചെയ്താലും അത് ഒരുമിച്ച് തന്നെയാണ് ചെയ്യാറുള്ളത്. ഗ്രൂപ്പായി ഇതു ചെയ്യുമ്പോള്‍ കൂടുതല്‍ നന്നായി ചെയ്യാന്‍ ഓരോരുത്തരും ശ്രമിക്കും. എന്നാല്‍ തനിച്ചാണ് ചെയ്യുന്നതെങ്കില്‍ കൂടുതല്‍ നന്നാക്കുവാനുള്ള പ്രചോദനം പലപ്പോഴും ലഭിക്കില്ലെന്നും ദാഗ ചൂണ്ടിക്കാട്ടി.
പലര്‍ക്കും ട്രെഡ്മില്‍ ഇഷ്ടമല്ല. പുറത്തു പോയി പരിശീലിക്കാനാണ് പലര്‍ക്കും ഇഷ്ടം. പക്ഷെ ലോക്ക്ഡൗണ്‍ സമയത്ത് അതു സാധ്യമല്ലായിരുന്നു. ഈ മാസമാണ് ഇന്ത്യയില്‍ ജിമ്മുകള്‍ തുറന്നത്. സ്വിമ്മിങ് പൂളുകള്‍ ഇനിയും തുറന്നിട്ടില്ലെന്നും ദാഗ കൂട്ടിച്ചേര്‍ത്തു.

വേഗവും കരുത്തും വേണം
വളരെയധികം വേഗവും അതോടൊപ്പം കരുത്തും വേണ്ട ഗെയിമാണ് ക്രിക്കറ്റെന്നു രാജസ്ഥാന്‍ റോയല്‍സിന്റെ സ്‌ട്രെങ്ത് ആന്റ് കണ്ടീഷനിങ് കോച്ച് ജോണ്‍ ഗ്ലോസ്റ്റര്‍ ചൂണ്ടിക്കാട്ടി. ഒരു ടെസ്റ്റ് പരമ്പരയ്ക്കു ശേഷം ടി20യില്‍ കളിക്കാനെത്തിയാല്‍ ഒരു താരം 20 ശതമാനം കുറവ് തയ്യാറെടുപ്പ് മാത്രമേ നടത്തൂയെന്നും അദ്ദേഹം പറഞ്ഞു.
അതിവേഗം ചലിക്കാനുള്ള കഴിവും നന്നായി ത്രോ ചെയ്യാനുള്ള മിടുക്കും ടി20യില്‍ വളരെ പ്രധാനമാണെന്ന് രാജ്പുത് പറയുന്നു. അതിവേഗം ഓടാനും നന്നായി ത്രോ ചെയ്യാനുമെല്ലാം മികച്ച ഫിറ്റ്‌നസ് ആവശ്യമുണ്ട്. ഇതിനായി കൂടുതല്‍ സമയം ജിമ്മില്‍ ചിലവിടേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഐപിഎല്ലില്‍ ഇവ രണ്ടും നന്നായിചെയ്തു കൊണ്ടിരിക്കുന്ന താരങ്ങള്‍ വീട്ടില്‍ ഇതിനാവശ്യമായ ഉപകരണങ്ങളുള്ളവരാണെന്നും ദാഗചൂണ്ടിക്കാട്ടി.

രോഹിത്തിന്റെയും തിവാരിയുടെയും പ്രകടനം
ഫുട്‌ബോളിനെപ്പോലെയല്ല, ക്രിക്കറ്റ് സ്റ്റാര്‍ട്ട് ആന്റ് സ്‌റ്റോപ്പെന്ന ശൈലിയുള്ള ഗെയിമാണ്. അതുകൊണ്ടു തന്നെ അല്‍പ്പം ഭാരം കൂടിയെന്നു വച്ച് മാച്ച് ഫിറ്റല്ലെന്നു പറയാന്‍ കഴിയില്ല. ഇതിനു മികച്ച ഉദാഹരണങ്ങളായിരുന്നു മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും ടീമംഗം സൗരഭ് തിവാരിയുടെയും പ്രകടനങ്ങള്‍.
അമിത വണ്ണം തോന്നിപ്പിച്ച രോഹിത് കെകെആറിനെതിരായ കളിയില്‍ അത് വകവയ്ക്കാതെയാണ് 54 പന്തില്‍ നിന്നും 80 റണ്‍സ് അടിച്ചെടുത്ത്. കഴിഞ്ഞ രണ്ടു കളികളിലും 'പൊണ്ണത്തടിയനായ' തിവാരി ബാറ്റിങില്‍ മോശമല്ലാത്ത പ്രകടനം നടത്തിയിരുന്നു.

ഫീല്‍ഡിങും ഫിറ്റ്‌നസും
ഫിറ്റ്‌നസും ക്രിക്കറ്റില്‍ നിന്നുള്ള നീണ്ട ബ്രേക്കും ഒരു താരത്തെ ഏറ്റവുമധികം ബാധിക്കുക ഫീല്‍ഡിങിലായിരിക്കും. ഈ സീസണില്‍ ഇതുവരെയുളള മല്‍സരങ്ങളില്‍ താരങ്ങള്‍ പാഴാക്കിയ ക്യാച്ചുകള്‍ നോക്കിയാല്‍ ഇതു ബോധ്യമാവും.
ഒരിക്കലും ചോരാത്ത കൈകള്‍ക്കു ഉടമയായിരുന്ന ആര്‍സിബി ക്യാപ്റ്റന്‍ വിരാട് കോലി പഞ്ചാബിനെതിരായ കളിയില്‍ കെഎല്‍ രാഹുലിന്റെ രണ്ടു സിംപിള്‍ ക്യാച്ചുകള്‍ കൈവിട്ടത് ഇതു അടിവരയിടുന്നു.പല കളിക്കാരും ഇതുപോലെ നിരവധി ക്യാച്ചുകള്‍ ടൂര്‍ണമെന്റില്‍ പാഴാക്കി.
ഒരു ഫീല്‍ഡിങ് യൂനിറ്റെന്ന നിലയില്‍ ദിവസേന 50-100 ക്യാച്ചുകള്‍ വരെ താരങ്ങള്‍ എടുക്കാറുണ്ടെന്നു രാജ്പുത്ത് പറയുന്നു. മഹാമാരിയെ തുടര്‍ന്നു ക്രിക്കറ്റ് നിന്നു പോയതു കാരണം അതുണ്ടായില്ല. വീണ്ടും വീണ്ടും ചെയ്യുന്നതിലൂടെ മാത്രമേ ക്യാച്ചിങ് മെച്ചപ്പെടുകയുള്ളൂവെന്നും അദ്ദേഹം വിലയിരുത്തി. ടി20 കളിക്കണമെങ്കില്‍ നിങ്ങള്‍ ആദ്യം നല്ലൊരു അത്‌ലറ്റാവണം, ഫീല്‍ഡിങെന്നാല്‍ അതിവേഗം ചലിക്കാനുള്ള ശേഷി കൂടിയാണന്നും രാജ്പൂത് ചൂണ്ടിക്കാട്ടി.
പരിശീലനം കുറഞ്ഞതു കാരണം താരങ്ങളുടെ പ്രതികരണത്തിന്റെയും വേഗം കുറഞ്ഞതായി ദാഗ അഭിപ്രായപ്പെട്ടു.


Click it and Unblock the Notifications