സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ ഐപിഎല്ലിലെ എലിമിനേറ്റര്‍ പോരാട്ടത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാഗ്ലൂരിനു വേണ്ടി ഓപ്പണറായി ഇറങ്ങാനുള്ള ക്യാപ്റ്റന്‍ വിരാട് കോലിയുടെ തീരുമാനം തന്നെ അദ്ഭുതപ്പെടുത്തിയെന്നു ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. മലയാളി താരം ദേവ്ദത്ത് പടിക്കലിനൊപ്പം ഓപ്പണറായി ഇറങ്ങിയ കോലി ആറു റണ്‍സിന് പുറത്തായിരുന്നു. രണ്ടാം ഓവറിലെ രണ്ടാം പന്തില്‍ ജാസണ്‍ ഹോള്‍ഡറുടെ ബൗളിങില്‍ കോലിയെ വിക്കറ്റ് കീപ്പര്‍ ശ്രീവത്സ് ഗോസ്വാമി ക്യാച്ചെടുക്കുകയായിരുന്നു.

ഹോള്‍ഡറുടെ ഓപ്പണിങ് സ്‌പെല്‍ വളരെ മികച്ചതായിരുന്നു. വിരാട് ഓപ്പണ്‍ ചെയ്യാനെത്തിയപ്പോള്‍ അദ്ഭുതപ്പെട്ടു പോയി. വ്യത്യസ്തമായ ഒരു തന്ത്രമായിരുന്നു അത്. പക്ഷെ ക്ലിക്കായില്ല. വിരാട് വളരെ പോസിറ്റീവ് ആയിത്തന്നെയാണ് കളിച്ചത്. ഹോള്‍ഡറുടെ ഔട്ട് സ്വിങറിനെ മികച്ച രീതിയില്‍ നേരിടുന്നതിനു വേണ്ടിയാണ് അദ്ദേഹം മുന്നോട്ട് നടന്ന് കയറി ഷോട്ടുകള്‍ കളിച്ചത്. എന്നാല്‍ ഹോള്‍ഡര്‍ക്കു മറ്റു ബൗളര്‍മാരേക്കാള്‍ ബൗണ്‍സ് പിച്ചില്‍ നിന്നും ലഭിച്ചു. അദ്ദേഹത്തിന്റെ ഉയരമായിരുന്നു ഇതിനു പ്രധാന കാരണം. ഇതാണ് കോലിയുടെ പുറത്താവലിനു വഴിയൊരുക്കിയത്. അപ്രതീക്ഷിത ബൗണ്‍സ് കോലിയുടെ വിക്കറ്റ് നഷ്ടപ്പെടാന്‍ ഇടയാക്കുകയും ചെയ്തതായി സച്ചിന്‍ തന്റെ യൂട്യൂബ് ചാനലില്‍ വിലയിരുത്തി.
കോലി ഔട്ടായി വൈകാതെ തന്നെ ദേവ്ദത്തിനെയും ഹോള്‍ഡര്‍ പുറത്താക്കി. എബി ഡിവില്ലിയേ്‌സിനൊപ്പം ആര്‍സിബിയുടെ മറ്റു രണ്ടു പ്രധാനപ്പെട്ട താരങ്ങളായിരുന്നു കോലിയും ദേവ്ദത്തും. ടീമിന്റെ സ്‌കോറിങില്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയവരാണ് മൂന്നു പേരും. എന്നാല്‍ ഇവരില്‍ രണ്ടു പേര്‍ തുടക്കത്തില്‍ പുറത്താക്കിയ ഹോള്‍ഡറാണ് ഗെയിം ചേഞ്ചറെന്നും സച്ചിന്‍ കൂട്ടിച്ചേര്‍ത്തു.

ഹോള്‍ഡറെക്കൂടാതെ എസ്ആര്‍എച്ച് സ്പിന്നര്‍ ഷഹബാസ് നദീമിന്റെയും ബൗളിങ് തന്നെ ആകര്‍ഷിച്ചതായി മാസ്റ്റര്‍ ബ്ലാസ്റ്റര്‍ പറയുന്നു. എസ്ആര്‍എച്ചിന്റെ സ്പിന്നര്‍മാരായ നദീമിന്റെയും റാഷിദ് ഖാന്റെയും പ്രകടനം നന്നായി ആസ്വദിച്ചു. റാഷിദ് എല്ലായ്‌പ്പോഴും നന്നായി ബൗള്‍ ചെയ്യുന്ന താരമാണ്. അദ്ദേഹത്തിനൊപ്പം നദീമും മികച്ച ബൗളിങാണ് പുറത്തെടുത്തത്. എബി ഡിവില്ലിയേഴ്‌സിനു ആക്രമിച്ചു ബാറ്റ് ചെയ്യാനുള്ള സ്വാതന്ത്ര്യം നദീം നല്‍കിയില്ല. എബിഡിയുടെ ഫുട്ട് വര്‍ക്ക് പരിശോധിച്ചാല്‍ അതു വ്യക്തമാവും. സ്പിന്നര്‍മാര്‍ക്കെതിരേ ബാക്ക് ഫൂട്ടില്‍ കളിക്കാനായിരുന്നു എബിഡി ശ്രമിച്ചതെന്നും സച്ചിന്‍ വിലയിരുത്തി.