ഷമിയാണ് ബെസ്റ്റ്
ടീമംഗവും ഇന്ത്യന്‍ പേസറുമായ മുഹമ്മദ് ഷമിയാണ് ഏറ്റവും നന്നായി യോര്‍ക്കറുകള്‍ എറിയുന്ന ബൗളറെന്നു മാക്സ്വെല് അഭിപ്രായപ്പെട്ടു. സമ്മര്‍ദ്ദത്തിനിടയിലും വളരെ മികച്ച രീതിയില്‍ യോര്‍ക്കറുകള്‍ എറിയാന്‍ ഷമിക്കു സാധിക്കുന്നുണ്ട്. മുംബൈ ഇന്ത്യന്‍സിനെതിരേ ഡബിള്‍ സൂപ്പര്‍ ഓവറിലേക്കു നീണ്ട തൊട്ടുമുമ്പത്തെ കളിയില്‍ ഷമിയുടെ മികവ് എല്ലാവരും കണ്ടതാണ്. ആദ്യ സൂപ്പര്‍ ഓവറില്‍ റണ്‍സ് പ്രതിരോധിക്കാന്‍ പഞ്ചാബിനെ സഹായിച്ചത് ഷമിയുടെ മികച്ച ബൗളിങായിരുന്നുവെന്നും മാക്സ്വെല് പഞ്ചാബിന്റെ ട്വിറ്റര്‍ ഹാന്റിലിലെ വീഡിയോയില്‍ പറയുന്നു.
ഗംഭീര പ്രകടനം
പഞ്ചാബിനു വേണ്ടി ഈ സീസണില്‍ ഗംഭീര ബൗളിങാണ് ഷമി കാഴ്ച വച്ചുകൊണ്ടിരിക്കുന്നത്. മുംബൈയ്ക്കെതിരേ ആദ്യ സൂപ്പര്‍ ഓവറില്‍ അഞ്ചു റണ്‍സ് പ്രതിരോധിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. 10-15 റണ്‍സെങ്കിലും നേടിയാല്‍ മാത്രമേ സൂപ്പര്‍ ഓവറില്‍ വിജയസാധ്യത ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ അഞ്ചു റണ്‍സ് പ്രതിരോധിക്കാന്‍ തങ്ങളെ സഹായിച്ചത് ഷമിയാണ്. അദ്ദേഹം അസാധാരണ പ്രകടനമാണ് ടീമിനു വേണ്ടി നടത്തിക്കൊണ്ടിരിക്കുന്നതെന്നും മാക്സ്വെല് കൂട്ടിച്ചേര്‍ത്തു.
ആദ്യ സൂപ്പര്‍ ഓവറില്‍ പഞ്ചാബ് അഞ്ചു റണ്‍സെടുത്തപ്പോള്‍ മറുപടിയില്‍ മുംബൈയ്ക്കും ഇതേ സ്കോറാണ് നേടാനായത്. തുടര്‍ന്നാണ് വിജയികളെ കണ്ടെത്താന്‍ വീണ്ടുമൊരു സൂപ്പര്‍ ഓവര്‍ വേണ്ടിവന്നത്.
ഡല്‍ഹിക്കെതിരായ ജയം
ഡല്‍ഹിക്കെതിരേ വിജയത്തിനു വേണ്ടി അവസാന ഓവര്‍ വരെ പഞ്ചാബിനു കളിക്കേണ്ടി വന്നില്ലെന്നത് നല്ല കാര്യമാണ്. ഒരോവര്‍ ബാക്കി നില്‍ക്കെ ഞങ്ങള്‍ വിജയിക്കുകയും ചെയ്തു. ഇതു ടീമിനെ സംബന്ധിച്ച് മഹത്തായ കാര്യമാണെന്നും മാക്സ്വെല് അഭിപ്രായപ്പെട്ടു.
തുടര്‍ച്ചയായി മൂന്നു വിജയങ്ങള്‍ ഞങ്ങള്‍ നേടിക്കഴിഞ്ഞു. ഇപ്പോള്‍ ടീമംഗങ്ങള്‍ക്കിടയില്‍ നല്ല ആത്മവിശ്വാസവും പ്രതീക്ഷയുമാണുള്ളത്. ശരിയായ സമയത്തു തന്നെ ടീം താളം വീണ്ടെടുത്തിരിക്കുന്നു. ഇതേ ഫോം തുടര്‍ന്നു കൊണ്ടു പോവാന്‍ കഴിയുമെന്നാണ് വിശ്വസിക്കുന്നതെന്നും മാക്സ്വെല് വിശദമാക്കി.