ദുബായ്: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണിന് ഇന്ന് തുടക്കമാവുകയാണ്. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് മുന്‍ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നേരിടും. ആരാധക പിന്തുണയിലും താരസമ്പന്നതയിലും വലിയ കരുത്തുള്ള ഇരു ടീമുകളും ഏറ്റുമുട്ടുമ്പോള്‍ വിജയം ആര്‍ക്കെന്നത് പ്രവചിക്കുക അസാധ്യമായ കാര്യമാണ്. പലരും പല വിധത്തിലുള്ള അഭിപ്രായങ്ങളും വിലയിരുത്തലുകളുമായി രംഗത്തെത്തുന്നുണ്ട്. ഇപ്പോഴിതാ മുന്‍ ഓസീസ് പേസര്‍ ബ്രയറ്റ് ലീ ഉദ്ഘാടന മത്സരത്തില്‍ ആര്‍ക്കാണ് വിജയ സാധ്യതയെന്ന് വ്യക്തമാക്കിയിരിക്കുകയാണ്.
എം എസ് ധോണി നായകനായുള്ള സിഎസ്‌കെ ഉദ്ഘാടന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ പരാജയപ്പെടുത്തുമെന്നാണ് ബ്രയറ്റ് ലീ അഭിപ്രായപ്പെട്ടത്. മുംബൈയേക്കാള്‍ മികച്ച സ്പിന്‍ കരുത്ത് സിഎസ്‌കെയ്ക്കുള്ളതാണ് മുംബൈക്ക് മുകളില്‍ സിഎസ്‌കെയ്ക്ക് ആധിപത്യം നല്‍കുന്നതെന്നതാണ് ലീയുടെ വിലയിരുത്തല്‍. യുഎഇയിലെ മൈതാനത്ത് സ്പിന്നര്‍മാര്‍ക്ക് കൂടുതല്‍ തിളങ്ങാന്‍ സാധിക്കും. രവീന്ദ്ര ജഡേജ,മിച്ചല്‍ സാന്റ്‌നര്‍,ഇമ്രാന്‍ താഹിര്‍ എന്നിവര്‍ ലോകോത്തര ബൗളര്‍മാരാണെന്നും ലീ അഭിപ്രായപ്പെട്ടു. സ്റ്റാര്‍ സ്‌പോര്‍ട്‌സിലെ ക്രിക്കറ്റ് കണക്റ്റഡ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ലീ. ഇത്തവണ ഹര്‍ഭജന്‍ സിങ് സിഎസ്‌കെ ഇല്ലെങ്കിലും സിഎസ്‌കെയുടെ സ്പിന്‍ കരുത്തിനെ അത് ബാധിക്കില്ല. കരണ്‍ ശര്‍മ,പീയൂഷ് ചൗള എന്നിവരും ടീമിന് സ്പിന്‍ കരുത്ത് പകരാന്‍ ഒപ്പമുണ്ട്.

മുംബൈ ഇന്ത്യന്‍സിന്റെ ടീം കരുത്തിനെപ്പറ്റിയും ലീ സംസാരിച്ചു. 'അവസാന വര്‍ഷത്തെ ചാമ്പ്യന്മാരായ മുംബൈക്ക് ഇത്തവണയും മികച്ച ടീമുണ്ട്. പൊള്ളാര്‍ഡ് മികച്ച ഫോമിലാണ്. രോഹിതിന്റെ മികവിനെക്കുറിച്ച് പറയേണ്ടതില്ലല്ലോ. ജസ്പ്രീത് ബൂംറയ്‌ക്കൊപ്പം മികച്ച പേസര്‍മാരും ടീമിലുണ്ട്. മുംബൈ ആദ്യ നാലില്‍ എത്തുമെന്ന് ഉറപ്പാണ്'-ബ്രയറ്റ് ലീ പറഞ്ഞു. ഇത്തവണ സീനിയര്‍ സ്പിന്നര്‍മാരുടെ അഭാവം മുംബൈ നിരയിലുണ്ട്. രാഹുല്‍ ചഹാറും ജയന്ത് യാദവുമാണ് ടീമിന്റെ സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍മാര്‍. സ്പിന്‍ ഓള്‍റൗണ്ടര്‍ ക്രുണാല്‍ പാണ്ഡ്യയും ഒപ്പമുണ്ട്. ലസിത് മലിംഗ ഇത്തവണ ഐപിഎല്ലില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് മുംബൈയ്ക്ക് ചെറിയ തിരിച്ചടിയാണ്. മലിംഗയുടെ അഭാവത്തില്‍ ബൂംറയ്ക്കാവും മുംബൈയുടെ ബൗളിങ് നിരയുടെ മുഖ്യ ചുമതല. ബൂംറയുടെ വലിയ ആരാധകനാണ് താനെന്നും വ്യത്യസ്തമായ ആക്ഷനാണ് അവന്റെ സവിശേഷതയെന്നും ലീ അഭിപ്രായപ്പെട്ടു. പന്തിനെ പുഷ് ചെയ്ത് എറിയുന്ന ബൂംറ അനായാസമായി സ്വിങ്ങും ചെയ്യിപ്പിക്കുന്നു. ന്യൂ ബോളില്‍ അവന്‍ മികച്ചവനാണെങ്കിലും ഡെത്ത് ഓവറിലാണ് കൂടുതല്‍ മികവ്. 140 സ്പീഡില്‍ ബാറ്റ്‌സ്മാന്റെ കാലിന് ചുവട്ടില്‍ യോര്‍ക്കര്‍ എറിയാന്‍ അവന് സാധിക്കും. സ്ഥിരതയോടെ യോര്‍ക്കര്‍ എറിയാന്‍ സാധിക്കുന്ന ചുരുക്കം ചില ബൗളര്‍മാരില്‍ ഒരാളാണ് ബൂംറയെന്നും ലീ പറഞ്ഞു.