IPL 2020: കിരീടം ആര്‍ക്ക്? ഏതൊക്കെ ടീം പ്ലേ ഓഫിലെത്തും- പ്രവചിച്ച് ബ്രയറ്റ് ലീ
സിഡ്‌നി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണിന്റെ ആവേശം ഉയരാന്‍ ഇനി വെറും 10 നാള്‍ ദൂരം. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സും മുന്‍ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മില്‍ ഏറ്റുമുട്ടും. ഇത്തവണത്ത എട്ട് ടീമുകളും ഒന്നിനൊന്ന് മികച്ചവരായതിനാല്‍ ഫേവറേറ്റുകള്‍ ആരൊക്കെയെന്ന് പറയുക പോലും അസാധ്യമാണ്. എന്നാല്‍ കരുത്തോടെ മുംബൈയും സിഎസ്‌കെയും ഇത്തവണയും മുന്നില്‍ത്തന്നെയുണ്ട്. ഇപ്പോഴിതാ ആരാവും ഇത്തവണത്തെ ഐപിഎല്‍ ചാമ്പ്യന്മാരെന്നും പ്ലേ ഓഫില്‍ കടക്കുക ആരെന്നും പ്രവചിച്ചിരിക്കുകയാണ് മുന്‍ ഓസ്‌ട്രേലിയന്‍ പേസ് ബൗളറായ ബ്രയ്റ്റ് ലീ. തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജില്‍ ആരാധകരുടെ ചോദ്യത്തിനോട് പ്രതികരിക്കവെയാണ് ബ്രയറ്റ് ലീ ഐപിഎല്‍ വിജയികളെ പ്രവചിച്ചത്.

ചെന്നൈ സൂപ്പര്‍ കിങ്‌സ് കിരീടം നേടും
ഈ സീസണിലെ വിജയികളാവാന്‍ ബ്രയറ്റ് ലീ കൂടുതല്‍ സാധ്യത നല്‍കിയത് എം എസ് ധോണി നായകനായുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സിനാണ്. ആരാകും ജേതാക്കളെന്ന് ഉത്തരം നല്‍കുക പ്രയാസമാണെങ്കിലും സിഎസ്‌കെയ്‌ക്കൊപ്പമെന്നാണ് ലീ പറഞ്ഞത്. മൂന്ന് തവണ ചാമ്പ്യന്മാരായ സിഎസ്‌കെയില്‍ പരിചയസമ്പന്നരായ നിരവധി താരങ്ങളുണ്ട്. വയസന്‍ പടയെന്ന് എതിരാളികള്‍ കളിയാക്കി വിളിക്കുമ്പോള്‍ സത്യത്തില്‍ സിഎസ്‌കെയുടെ കരുത്ത് ഈ അനുഭവസമ്പത്താണ്. ഇത്തവണ സുരേഷ് റെയ്‌നയും ഹര്‍ഭജന്‍ സിങ്ങും സിഎസ്‌കെ നിരയിലില്ല. ഹര്‍ഭജന്റെ അഭാവം തിരിച്ചടിയാകാന്‍ സാധ്യത കുറവാണെങ്കിലും റെയ്‌നയുടെ അഭാവം ടീമിനെ ബാധിക്കാന്‍ സാധ്യത കൂടുതലാണ്.

പ്ലേ ഓഫിലെത്തുന്ന രണ്ട് ടീം ഏതൊക്കെ?
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും ചെന്നൈ സൂപ്പര്‍ കിങ്‌സിനെക്കൂടാതെ പ്ലോ ഓഫിലെത്താന്‍ സാധ്യതയുള്ള ടീമാണെന്ന് ലീ അഭിപ്രായപ്പെട്ടു. പാറ്റ് കമ്മിന്‍സ് ലോകോത്തര ബൗളറാണെന്നും അവസാന നാലില്‍ കെകെആര്‍ എത്താന്‍ സാധ്യത കൂടുതലാണെന്നും അഭിപ്രായപ്പെട്ട ലീ സണ്‍റൈസേഴ്‌സ് ഹൈദാരാബാദ് ഏറ്റവും സംതുലിതമായ ടീമാണെന്നും അഭിപ്രായപ്പെട്ടു. കൊല്‍ക്കത്ത രണ്ട് തവണ ഐപിഎല്ലില്‍ കിരീടം നേടിയപ്പോള്‍ ഹൈദരാബാദ് ഒരു തവണയും ചാമ്പ്യന്മാരായി. 2014ല്‍ യുഎഇയും ഐപിഎല്ലിന്റെ ഭാഗമായപ്പോള്‍ കിരീടം കൊല്‍ക്കത്തയ്ക്കായിരുന്നു.

ഭയപ്പെടേണ്ട ബാറ്റ്‌സ്മാന്‍ ആര്?
മുംബൈ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയാണ് ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്മാനെന്നാണ് ലീ അഭിപ്രായപ്പെട്ടത്. നാല് തവണ മുംബൈയെ കിരീടത്തിലെത്തിച്ച രോഹിത് ഐപിഎല്ലിലെ റണ്‍വേട്ടക്കാരില്‍ വിരാട് കോലിക്കും സുരേഷ് റെയ്‌നയ്ക്കും പിന്നിലായി മൂന്നാം സ്ഥാനത്താണ് രോഹിത്. 188 ഐപിഎല്ലില്‍ നിന്നായി 31.6 ശരാശരിയില്‍ 4898 റണ്‍സാണ് രോഹിതിന്റെ സമ്പാദ്യം. ഒരു സെഞ്ച്വറിയും 36 അര്‍ധ സെഞ്ച്വറിയും ഹിറ്റ്മാന്റെ പേരിലുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications