
ക്രിസീല്‍ ഹൈദരാബാദ് ബാറ്റ്‌സ്മാന്‍ റാഷിദ് ഖാനും പന്തെറിയാന്‍ ഷര്‍ദുല്‍ ഠാക്കൂറും. ലൈനില്‍ പന്തെറിയാനുന്ന ഠാക്കൂറിന്റെ ശ്രമം വൈഡ് ലൈനിലും വെളിയിലൂടെയാണ് കടന്നുപോയത്. ഇതുകണ്ട് അംപയര്‍ പോള്‍ റീഫല്‍ വൈഡ് വിളിക്കാന്‍ ഒരുങ്ങിയപ്പോഴാണ് സിഎസ്‌കെ നായകന്‍ ധോണിക്ക് നിയന്ത്രണം വിട്ടത്. ധോണി ക്ഷുഭിതനായതോടെ അംപയര്‍ വൈഡ് വിളിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറി.

ഇതിന് പിന്നാലെ സംഭവം വളരെ വിവാദമായിരിക്കുകയാണ്. ധോണിയുടെ ക്ഷുഭിതനായുള്ള മുഖം കണ്ട് അംപയര്‍ ഭയന്നെന്ന തരത്തിലാണ് സാമൂഹ്യ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നത്. ധോണിയുടെ കലിപ്പന്‍ മുഖം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്. ആദ്യ ഏഴ് മത്സരത്തില്‍ അഞ്ചിലും തോറ്റതിന്റെ സമ്മര്‍ദ്ദം സിഎസ്‌കെയ്ക്കും ധോണിക്കും നന്നായി ഉണ്ട്. അത് അവരുടെ പ്രകടനത്തില്‍ത്തന്നെ വ്യക്തമായിരുന്നു. സാധാരാണ പെട്ടെന്നൊന്നും നിയന്ത്രണം വിടാത്ത ധോണിക്ക് പോലും നിയന്ത്രണം വിടുന്ന സാഹചര്യം ഉണ്ടായത് മത്സരത്തിന്റെ തുടര്‍ തോല്‍വികളുടെ സമ്മര്‍ദ്ദം തന്നെയാണ്.

ഈ സീസണില്‍ ഇത് രണ്ടാം തവണയാണ് ധോണി അംപയറോട് കയര്‍ക്കുന്നത്. നേരത്തെ രാജസ്ഥാനെതിരേ ടോം കറാന്റെ ക്യാച്ചുമായി ബന്ധപ്പെട്ടും ധോണി അംപയറോട് കയര്‍ത്തിരുന്നു. നേരത്തെ അംപയറുടെ തെറ്റായ തീരുമാനത്തിനെതിരേ മൈതാനത്തിലേക്ക് ഇറങ്ങിവന്ന പ്രതിഷേധിച്ച ധോണിയുടെ നടപടിയും വലിയ വിവാദമായിരുന്നു. എന്തായാലും ഹൈദരാബാദിനെതിരായ ധോണിയുടെ കലിപ്പന്‍ ഭാവം സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിക്കഴിഞ്ഞു.

മത്സരത്തില്‍ 20 റണ്‍സിനാണ് ഹൈദരാബാദിനെ സിഎസ്‌കെ തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത സിഎസ്‌കെ ആറ് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സെടുത്തപ്പോള്‍ ഹൈദരാബാദിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. സാം കറാനെ ഓപ്പണറാക്കി ഇറക്കിയ സിഎസ്‌കെയുടെ തീരുമാനം വിജയിച്ചിരുന്നു. 21 പന്തില്‍ 3 ഫോറും 2 സിക്‌സും ഉള്‍പ്പെടെ 31 റണ്‍സാണ് താരം അടിച്ചെടുത്തത്. ഷെയ്ന്‍ വാട്‌സണ്‍ (42),അമ്പാട്ടി റായിഡു (41) എന്നിവരാണ് സിഎസ്‌കെയുടെ മറ്റ് പ്രധാന സ്‌കോറര്‍മാര്‍. ധോണി (13 പന്തില്‍ 21),രവീന്ദ്ര ജഡേജ (10 പന്തില്‍ 25*) എന്നിവരും തിളങ്ങി. ഹൈദരാബാദ് നിരയില്‍ കെയ്ന്‍ വില്യംസണ്‍ (57) മാത്രമാണ് തിളങ്ങിയത്. ഡേവിഡ് വാര്‍ണര്‍ (9),ജോണി ബെയര്‍സ്‌റ്റോ (23),മനീഷ് പാണ്ഡെ (4) എന്നിവര്‍ക്ക് തിളങ്ങാന്‍ കഴിയാതിരുന്നതാണ് ഹൈദരാബാദിന്റെ തോല്‍വിയുടെ പ്രധാന കാരണം.


Click it and Unblock the Notifications