തലകുമ്പിട്ട് നിരാശനായി ധോണി, ഈ കാഴ്ച കാണാനാകില്ലെന്ന് ആരാധകര്‍; ട്വിറ്റര്‍ പ്രതികരണങ്ങള്‍
ദുബായ്: ലോക ക്രിക്കറ്റ് കണ്ട് എക്കാലത്തെയും മികച്ച ഫിനിഷര്‍ തലകുമ്പിട്ട് നിരാശയോടെ നില്‍ക്കേണ്ടി വന്ന ദയനീയ കാഴ്ചയ്ക്കാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്-സിഎസ്‌കെ മത്സരം സാക്ഷ്യം വഹിച്ചത്. ഹൈദരാബാദിന്റെ 165 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ സിഎസ്‌കെയുടെ പോരാട്ടം 157 റണ്‍സില്‍ ഒതുങ്ങി. 36 പന്തില്‍ നാല് ഫോറും 1 സിക്‌സും ഉള്‍പ്പെടെ പുറത്താവാതെ 47 റണ്‍സുമായി എം എസ് ധോണി ഒരുവശത്തുണ്ടായിരുന്നു.
മത്സരം തോറ്റതോടെ നിരാശകൊണ്ട് അദ്ദേഹം മൈതാനത്ത് തലകുമ്പിട്ട് ഇരുന്നുപോയി. 39ാം വയസിന്റെ ശാരീരിക ക്ഷമത വലിയ വെല്ലുവിളി ഉയര്‍ത്തുവെന്ന് ധോണിയുടെ ശരീര ഭാഷ വ്യക്തമാക്കുന്നുണ്ടായിരുന്നു. ചരിത്രത്തിലാദ്യമായി പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്ത് എത്തേണ്ടി വന്നതിന്റെ സങ്കടവും തോല്‍വിയുടെ നിരാശയുമെല്ലാം ധോണി മുഖത്ത് പ്രകടമായിരുന്നു. നിരവധി തവണ സിഎസ്‌കെയെ ഒറ്റക്ക് വിജയത്തിലേക്ക് കൈപിടിച്ച് ഉയര്‍ത്തിയിട്ടുള്ള ധോണിക്ക് ഇത്തവണ അത് സാധിച്ചില്ല. സിഎസ്‌കെയുടെ തോല്‍വിയില്‍ ധോണിക്കെതിരേ എതിരാളികള്‍ വിമര്‍ശനം ഉന്നയിക്കുമ്പോഴും മഹിയെ ചേര്‍ത്തുപിടിക്കുകയാണ് ആരാധകര്‍.

സാമൂഹിക മാധ്യമങ്ങളിലൂടെ ധോണിക്ക് വലിയ പിന്തുണയാണ് ആരാധകര്‍ നല്‍കുന്നത്. ധോണിയെ ഈ അവസ്ഥയില്‍ കാണുന്നത് വിഷമിപ്പിക്കുന്നുവെന്നും ധോണിയെ ഇപ്പോഴും ഇഷ്ടപ്പെടുന്നുവെന്നുമാണ് കൂടുതല്‍ ആരാധകരും ട്വിറ്ററിലൂടെ പ്രതികരിച്ചത്. തോല്‍വിയിലും ആരാധകര്‍ ധോണിയെ ചേര്‍ത്തുപിടിക്കുമ്പോള്‍ മുന്‍ താരങ്ങളടക്കം പലരും ധോണിയുടെ കായിക ക്ഷമതയെ ചോദ്യം ചെയ്ത് കഴിഞ്ഞു. പഴയ ധോണിയില്‍ നിന്ന് ഏറെ മാറിയിരിക്കുന്ന ധോണി വിരമിക്കല്‍ പ്രഖ്യാപിച്ചത് ഉചിത സമയത്തായിരുന്നുവെന്ന് തന്നെയാണ് ഈ പ്രകടനം വ്യക്തമാക്കുന്നത്.
മൈതാനത്ത് കൂടുതല്‍ സമയവും ഊര്‍ജ സ്വലതയോടെ നില്‍ക്കാന്‍ ധോണിക്ക് സാധിക്കുന്നില്ല. റണ്‍സുകള്‍ ഓടിയെടുക്കാന്‍ ബുദ്ധിമുട്ടുന്നു. ഇതൊക്കെ ധോണി ഈ സീസണിലെ ഐപിഎല്ലിന് ശേഷം വിരമിക്കുമെന്ന സൂചനയാണ് നല്‍കുന്നത്. ഒന്നര വര്‍ഷത്തിന്റെ ഇടവേളയ്ക്ക് ശേഷം മടങ്ങിയെത്തിയ ധോണിക്ക് ഇനി പഴയ ധോണിയാവുക എളുപ്പമുള്ള കാര്യമല്ല. അതിനാല്‍ വലിയ വിമര്‍ശനം നേരിടുന്നതിന് മുമ്പ് വിരമിക്കല്‍ തന്നെയാണ് ഉചിതമെന്ന തരത്തിലും ട്വീറ്റുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
ടീമിന്റെ ബൗളിങ് നിര മികച്ച പ്രകടനം പുറത്തെടുക്കുമ്പോഴും ബാറ്റിങ് നിര തീര്‍ത്തും നിരാശപ്പെടുത്തുന്നു. 14 ഓവര്‍ പൂര്‍ത്തിയാവുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 71 എന്ന ദാരുണാവസ്ഥയിലായിരുന്നു സിഎസ്‌കെ. അവിടെ നിന്ന് തരക്കേടില്ലാത്ത അവസ്ഥയിലേക്ക് ധോണി ടീമിനെ എത്തിച്ചെങ്കിലും നിലവിലെ സാഹചര്യത്തില്‍ ടീമിന് ജയം തന്നെ വേണം. അമ്പാട്ടി റായിഡു,ഡ്വെയ്ന്‍ ബ്രാവോ എന്നിവര്‍ മടങ്ങിയെത്തിയതോടെ ടീം വളരെ ആത്മവിശ്വാസത്തിലായിരുന്നെങ്കിലും ജയം നേടാന്‍ സാധിക്കാതെ പോയി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications