
നീണ്ട ഇടവേളയ്ക്ക് ശേഷമുള്ള ധോണിയുടെ മടങ്ങിവരവ് കാത്തിരുന്ന ആരാധകരെ ആവേശത്തിലാഴ്ത്തുന്ന ജയമാണ് സിഎസ്‌കെ നേടിയെടുത്തത്. ബാറ്റുകൊണ്ട് കാര്യമായൊന്നും ധോണിക്ക് ചെയ്യേണ്ടി വന്നില്ലെങ്കിലും ധോണിയെന്ന ബുദ്ധി രാക്ഷസന്റെ തന്ത്രങ്ങളാണ് മുംബൈയ്‌ക്കെതിരേ വിജയം സമ്മാനിച്ചത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സെടുത്തപ്പോള്‍ നാല് പന്ത് ബാക്കി നിര്‍ത്തി അഞ്ച് വിക്കറ്റ് ശേഷിക്കെ സിഎസ്‌കെ വിജയം പിടിച്ചെടുക്കുകയായിരുന്നു.

ക്രിക്കറ്റ് മൈതാനത്തെ ധോണിയുടെ തന്ത്രങ്ങള്‍ പിഴക്കില്ലെന്ന് തെളിയിച്ച നിരവധി സംഭവങ്ങള്‍ മുംബൈ സിഎസ്‌കെ മത്സരത്തിലുണ്ടായി. മുംബൈയുടെ ഓപ്പണിങ് കൂട്ടുകെട്ട് മികച്ച രീതിയില്‍ മുന്നേറവെ രോഹിത് ശര്‍മയുടെ ദൗര്‍ബല്യം നന്നായി അറിയാവുന്ന ധോണി സ്പിന്‍ കെണിയൊരുക്കി രോഹിതിനെ വീഴ്ത്തി. പീയൂഷ് ചൗളയ്‌ക്കെതിരേ മോശം ഷോട്ട് കളിച്ച് അനായാസ ക്യാച്ച് നല്‍കിയാണ് രോഹിത് മടങ്ങിയത്. കൃത്യമായ ഇടവേളകളില്‍ മുംബൈയുടെ വിക്കറ്റ് വീഴ്ത്തിയത് ധോണിയുടെ ബൗളിങ് ചേഞ്ചിങ്ങിലെ മികവാണ്.

ലൂങ്കി എന്‍ഗിഡി ആദ്യ ഓവറില്‍ 18 റണ്‍സ് വഴങ്ങിയപ്പോള്‍ അദ്ദേഹത്തെ ഏറെ നേരത്തേക്ക് പന്തെറിയിക്കാതെ ധോണി മാറ്റി നിര്‍ത്തി. എന്നാല്‍ രണ്ടാം വരവില്‍ കളം എന്‍ഗിഡി കീഴടക്കി. ആദ്യം ക്രുണാല്‍ പാണ്ഡ്യയെ മടക്കിയ എന്‍ഗിഡി അധികം വൈകാതെ അപകടകാരിയ കീറോണ്‍ പൊള്ളാര്‍ഡിനെയും പറഞ്ഞയച്ചു. തരക്കേടില്ലാതെ ബാറ്റുവീശിയ ജെയിംസ് പാറ്റിന്‍സണെയും എന്‍ഗിഡി വീഴ്ത്തി. ഇതില്‍ ഇടം കൈയന്‍ ബാറ്റ്‌സ്മാനായ ക്രുണാലിനെ പുറത്താക്കാന്‍ വലത് വശത്തേക്ക് ഡൈവ് ചെയ്ത് ക്യാച്ച് എടുത്ത ധോണി കീപ്പിങ്ങില്‍ ഇപ്പോഴും തന്റെ തട്ട് ഉയര്‍ന്നു തന്നെ ഇരിക്കുമെന്ന് തെളിയിച്ചു.

സിഎസ്‌കെ ബാറ്റിങ്ങിനിറങ്ങിയപ്പോള്‍ രണ്ട് ശ്രദ്ധേയമായ നീക്കം ധോണിയുടെ ഭാഗത്ത് നിന്നുണ്ടായി. അതില്‍ പ്രധാനം രവീന്ദ്ര ജഡേജയ്ക്ക് ബാറ്റിങ് പ്രൊമോഷന്‍ നല്‍കിയതാണ്. എന്നാല്‍ ജഡേജയ്ക്ക് അവസരം നന്നായി മുതലാക്കാന്‍ സാധിക്കാതെ വന്നതോടെ ഏവരും പ്രതീക്ഷിച്ചത് ധോണിയാണ്. അവിടെയും ഏവരുടെയും ചിന്തകള്‍ക്ക് മുകളില്‍ തന്ത്രം മെനഞ്ഞ ധോണി യുവതാരം സാം കറാനെ ബാറ്റിങ്ങിനിറക്കുകയും 6 പന്തില്‍ രണ്ട് സിക്‌സും 1 ഫോറും നേടി കറാന്‍ മത്സരഫലം സിഎസ്‌കെയ്ക്ക് അനുകൂലമാക്കുകയും ചെയ്തു. ഒടുവില്‍ ബൂംറ എറിഞ്ഞ 19ാം ഓവറില്‍ അംപയര്‍ തെറ്റായി ഔട്ട് വിളിച്ചപ്പോള്‍ ഡിആര്‍എസിലൂടെ തീരുമാനം തിരുത്തിച്ച ധോണി തനിക്ക് പകരക്കാരനില്ലെന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നു.


Click it and Unblock the Notifications