ദുബായ്: ഐപിഎല്‍ ഫൈനലില്‍ മുംബൈ ഇന്ത്യന്‍സിനെതിരേ ക്യാപ്റ്റന്റെ കളി കെട്ടഴിച്ചതോടെ ഒരു നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സ് നായകന്‍ ശ്രേയസ് അയ്യര്‍. കളിയില്‍ 50 പന്തില്‍ നിന്നും ആറു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം ശ്രേയസ് പുറത്താവാതെ 65 റണ്‍സെടുത്തിരുന്നു. ഈ സീസണില്‍ 500 റണ്‍സെന്ന നാഴികക്കല്ലാണ് ഇതോടെ അദ്ദേഹം പൂര്‍ത്തിയാക്കിയത്.

500 റണ്‍സ് തികയ്ക്കാന്‍ ഫൈനലില്‍ ശ്രേയസിനു വേണ്ടിയിരുന്നത് 46 റണ്‍സായിരുന്നു. അത് അദ്ദേഹം മറികടക്കുകയും ചെയ്തു. ഐപിഎല്‍ കരിയറില്‍ ഇതാദ്യമായാണ് ശ്രേയസ് ഒരു സീസണില്‍ 500ന് മുകളില്‍ സ്‌കോര്‍ ചെയ്തത്. ഈ സീസണില്‍ ഡിസിക്കു വേണ്ടി 500ന് മുകളില്‍ നേടിയ രണ്ടാമത്തെ താരം കൂടിയാണ് അദ്ദേഹം.
ഓപ്പണര്‍ ശിഖര്‍ ധവാനാണ് (618 റണ്‍സ്) ഈ സീസണില്‍ ഡിസിക്കായി കൂടുതല്‍ റണ്‍സ് സ്‌കോര്‍ ചെയ്ത താരം. ഈ സീസസണിലെ റണ്‍വേട്ടക്കാരില്‍ നാലാംസ്ഥാനത്താണ് ശ്രേയസ്. കിങ്‌സ് ഇലവന്‍ പഞ്ചാബ് ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍ (670), ധവാന്‍ (618), സണ്‍റൈസേഴ്‌സ് ഹൈദാരാബാദ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ (548) എന്നിവരാണ് ആദ്യ മൂന്നു സ്ഥാനങ്ങളില്‍ നില്‍ക്കുന്നത്.
മുംബൈയ്‌ക്കെതിരേ ഫൈനലില്‍ ടോസിനു ശേഷം ബാറ്റ് ചെയ്ത ഡിസി ഏഴു വിക്കറ്റിന് 156 റണ്‍സാണ് നേടിയത്. ശ്രേയസിന്റെയും റിഷഭ് പന്തിന്റെയും (56) ഇന്നിങ്‌സുകളാണ് ഡിസിയെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്. തുടക്കത്തില്‍ മൂന്നിന് 22 റണ്‍സെന്ന നിലയില്‍ പതറിയ ഡല്‍ഹിയെ കളിയിലേക്കു തിരികെ കൊണ്ടുവന്നത് ശ്രേയസ്- റിഷഭ് പന്ത് സഖ്യമായിരുന്നു. 96 റണ്‍സാണ് നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്നെടുത്തത്.
ഈ മല്‍സരത്തിലെ ഇന്നിങ്‌സോടെ ഐപിഎല്‍ ഫൈനലില്‍ കൂടുതല്‍ റണ്‍സെടുത്ത രണ്ടാമത്തെ ക്യാപ്റ്റനായി ശ്രേയസ് മാറി. 2016ലെ ഫൈനലില്‍ 69 റണ്‍സെടുത്ത സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നായകന്‍ ഡേവിഡ് വാര്‍ണറാണ് (69) ലിസ്റ്റില്‍ തലപ്പത്ത്. ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ എംഎസ് ധോണിയെ പിന്തള്ളിയാണ് ശ്രേയസ് രണ്ടാംസ്ഥാനത്തേക്കു കയറിയത്. 2013ലെ ഫൈനലില്‍ മുംബൈ ഇന്ത്യന്‍സിനെതിരേ ധോണി പുറത്താവാതെ 63 റണ്‍സെടുത്തിരുന്നു.