ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണില്‍ പങ്കെടുക്കുന്നതിനായി ഇമ്രാന്‍ താഹിറും മിച്ചല്‍ സാന്റ്‌നറും ദുബായിലെത്തി. ഇരുവരേയും സ്വീകരിക്കുന്ന ചിത്രം സിഎസ്‌കെ തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ സിഎസ്‌കെ ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്. 'സ്പിന്‍ ഇരട്ടകള്‍ക്ക് വിസില്‍ വണക്കം' എ കുറിപ്പോടെയാണ് സിഎസ്‌കെ ഇരുവരുടേയും ചിത്രം പങ്കുവെച്ചത്. താഹിര്‍ മുഖാവരണവും മാസ്‌കും ധരിച്ചെത്തിയപ്പോള്‍ സാന്റ്‌നര്‍ മാസ്‌കര്‍ മാത്രം ധരിച്ചാണ് ചിത്രത്തിലുള്ളത്.
സ്പിന്നിനെ തുണയ്ക്കുന്ന യുഎഇയിലെ മൈതാനത്ത് സിഎസ്‌കെയുടെ നിര്‍ണ്ണായ ഭാഗമാണ് ഇരുവരും. ഇമ്രാന്‍ താഹിറും മിച്ചല്‍ സാന്റ്‌നറും ഇക്കഴിഞ്ഞ കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ പങ്കെടുത്തിരുന്നു. തകര്‍പ്പന്‍ പ്രകടനമാണ് ഇരുവരും കാഴ്ചവെച്ചത്. നിലവില്‍ ആറ് ദിവസം ഇരുവരും യുഎഇയില്‍ ക്വാറന്റെയ്‌നില്‍ ഇരിക്കണം. ഇതിന് ശേഷമാവും ഇവര്‍ സിഎസ്‌കെ ടീമിനൊപ്പം ചേരുക. സിഎസ്‌കെ ഓള്‍റൗണ്ടര്‍ ഡ്വെയ്ന്‍ ബ്രാവോയും ദുബായില്‍ എത്തിയിട്ടുണ്ട്. സിപിഎല്‍ ചാമ്പ്യന്മാരായ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്‌സിന്റെ ഭാഗമായിരുന്നു ബ്രാവോ.

അവസാന സീസണില്‍ കൂടുതല്‍ വിക്കറ്റ് നേട്ടക്കാരനുള്ള പര്‍പ്പിള്‍ ക്യാംപ് താഹിറിനായിരുന്നു. 17 മത്സരത്തില്‍ നിന്ന് 26 വിക്കറ്റാണ് താഹിര്‍ വീഴ്ത്തിയത്. ഇത്തവണ സിഎസ്‌കെ നിരയില്‍ ഹര്‍ഭജന്‍ സിങ് ഇല്ലാത്തതിനാല്‍ താഹിറിന് നിര്‍ണ്ണായക റോളാണുള്ളത്. യുഎഇയിലെ മൈതാനങ്ങള്‍ വലുതായതിനാല്‍ത്തന്നെ സ്പിന്‍ ബൗളര്‍മാര്‍ക്ക് കൂടുതല്‍ അനുകൂലമാണ്. 41ാം വയസിലും ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി കളിക്കുന്ന താഹിര്‍ 55 ഐപിഎല്ലില്‍ നിന്നായി 79 വിക്കറ്റാണ് ഇതുവരെ വീഴ്ത്തിയത്.
12 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. കിവീസ് ഓള്‍റൗണ്ടര്‍ മിച്ചല്‍ സാന്റ്‌നറും ടി20 ഫോര്‍മാറ്റിന് വിലപ്പെട്ട താരമാണ്. വെടിക്കെട്ട് ബാറ്റിങ് പുറത്തെടുക്കാന്‍ കഴിവുള്ള സ്പിന്‍ ബൗളറാണ് സാന്റ്‌നര്‍. മധ്യനിരയില്‍ ചെന്നൈയ്ക്ക് വിശ്വസിപ്പിച്ച കളിപ്പിക്കാന്‍ സാധിക്കുന്ന സാന്റ്‌നര്‍ 2018ലാണ് സിഎസ്‌കെയിലെത്തിയത്. എന്നാല്‍ ആ സീസണില്‍ ഒരു മത്സരം പോലും കളിക്കാന്‍ സാധിച്ചില്ല. 2019ല്‍ നാല് മത്സരം കളിക്കാന്‍ അവസരം ലഭിച്ചു. 32 റണ്‍സും നാല് വിക്കറ്റുമാണ് താരം നേടിയത്.
മൂന്ന് തവണ ഐപിഎല്‍ ചാമ്പ്യന്മാരായ സിഎസ്‌കെ ഇത്തവണയും കിരീട സാധ്യത കല്‍പ്പിക്കുന്നവരില്‍ മുന്‍നിരയിലാണ്. ഏറ്റവും മികച്ച സ്പിന്‍ നിര സിഎസ്‌കെയ്ക്കാണ്. ഫഫ് ഡുപ്ലെസിസ്,ഷെയ്ന്‍ വാട്‌സണ്‍,അമ്പാട്ടി റായിഡു,എം എസ് ധോണി തുടങ്ങി പരിചയസമ്പന്നരായ ബാറ്റിങ് നിരയും ഇത്തവണ സിഎസ്‌കെയ്‌ക്കൊപ്പമുണ്ട്. ഉദ്ഘാടന മത്സരത്തില്‍ സിഎസ്‌കെ മുംബൈ ഇന്ത്യന്‍സിനെയാണ് നേരിടുന്നത്.
