ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണില്‍ തുടര്‍ തോല്‍വികള്‍ ഏറ്റുവാങ്ങി സിഎസ്‌കെ നിരാശപ്പെടുത്തുകയാണ്. മുംബൈയോട് ജയിച്ചു തുടങ്ങിയെങ്കിലും പിന്നീടുള്ള മത്സരങ്ങളിലെല്ലാം അവര്‍ തോറ്റു. മൂന്ന് ഐപിഎല്‍ കിരീടം സ്വന്തമാക്കിയിട്ടുള്ള സിഎസ്‌കെയില്‍ നിന്ന് ആരാധകര്‍ പ്രതീക്ഷിക്കുന്നതൊന്നും ഇത്തവണ നല്‍കാന്‍ ടീമിന് സാധിക്കുന്നില്ല. അവസാന മത്സരത്തില്‍ ഹൈദരാബാദിനോട് ഏഴ് റണ്‍സിന് സിഎസ്‌കെയ്ക്ക് തോല്‍വി സമ്മതിക്കേണ്ടി വന്നു.
ടീമിനെതിരെയും നായകന്‍ ധോണിക്കെതിരെയും വിമര്‍ശനങ്ങള്‍ ശക്തമാകവെ ഹൈദരാബാദിനെതിരായ തോല്‍വിക്ക് വിശദീകരണം നല്‍കിയിരിക്കുകയാണ് എം എസ് ധോണി. ഫീല്‍ഡിങ് പിഴവും ബാറ്റിങ് നിരയുടെ മോശം ഫോമുമാണ് തോല്‍വിക്ക് കാരണമായി ധോണി ചൂണ്ടിക്കാട്ടുന്നത്. 'നീണ്ട ഇടവേളക്ക് ശേഷമാണ് ഞങ്ങള്‍ തുടര്‍ച്ചയായ മൂന്ന് മത്സരങ്ങള്‍ തോല്‍ക്കുന്നത്. പൊഫഷണലിസം ടീമിനില്ല. ക്യാച്ചുകള്‍ നഷ്ടപ്പെടുത്താതിരിക്കുകയും നോ ബോള്‍ എറിയാതിരിക്കുകയും വേണം. ഇവ നിയന്ത്രിക്കാവുന്ന കാര്യങ്ങളാണ്. അത് സംഭവിച്ചാല്‍ ടീമിന് കൂടുതല്‍ ആശ്വാസമാകും'-ധോണി പറഞ്ഞു.

ഹൈദരാബാദിന്റെ ടോപ് ഓഡറിനെ വളരെ വേഗം മടക്കാന്‍ സാധിച്ചെങ്കിലും മധ്യനിരയിലെ യുവതാരങ്ങളുടെ പ്രകടനം സിഎസ്‌കെയുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. കന്നി അര്‍ധ സെഞ്ച്വറി നേടിയ 19കാരന്‍ പ്രിയം ഗാര്‍ഗിന്റെയും (51*) അഭിഷേക് ശര്‍മയുടെയും (31) ബാറ്റിങ്ങാണ് ഹൈദരാബാദിന് ഭേദപ്പെട്ട ടോട്ടല്‍ സമ്മാനിച്ചത്. രവീന്ദ്ര ജഡേജയും ശര്‍ദുല്‍ ഠാക്കൂറും അടുത്തടുത്ത പന്തുകളില്‍ ക്യാച്ച് നഷ്ടപ്പെടുത്തിയത് സിഎസ്‌കെയ്ക്ക് വലിയ തിരിച്ചടിയായി.
'ടീം മികച്ച നിലയിലായിരുന്നു.16ാം ഓവറിന് ശേഷം മികച്ച രണ്ടോവര്‍ ലഭിച്ചു. മൊത്തത്തില്‍ ടീമിന്റെ പ്രകടനം മെച്ചപ്പെട്ടു. ക്യാച്ച് നഷ്ടപ്പെടുത്താന്‍ ആരും ആഗ്രഹിക്കുന്നില്ല. ടീം മികച്ച രീതിയില്‍ പോകുമ്പോള്‍ ക്യാച്ചുകള്‍ എടുക്കേണ്ടത് അത്യാവശ്യമാണ്. ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കേണ്ടത് അത്യാവശ്യമാണ്. ചില പോസിറ്റീവ് കാര്യങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ശക്തമായി തിരിച്ചുവരാന്‍ ശ്രമിക്കും'-ധോണി പറഞ്ഞു.
ടീമിന്റെ മെല്ലെപ്പോക്ക് ബാറ്റിങ്ങാണ് തോല്‍വിക്ക് പ്രധാന കാരണം. 14 ഓവറില്‍ വെറും 71 റണ്‍സ് മാത്രമാണ് സിഎസ്‌കെ നേടിയതെന്നത് ടീമിന്റെ ബാറ്റിങ് നിരയുടെ നിലവാരം എടുത്തുകാട്ടുന്നു. ടോപ് ഓഡറില്‍ ഷെയ്ന്‍ വാട്‌സണും കേദാര്‍ ജാദവും നിരാശപ്പെടുത്തുന്നതാണ് ടീമിന്റെ തലവേദന. അനുയോജ്യരായ പകരക്കാരില്ലാത്തതും ടീമിനെ പ്രതിസന്ധിയിലാക്കുന്നു. മത്സരത്തിലെ തന്റെ ബാറ്റിങ്ങിനെക്കുറിച്ചും ധോണി പറഞ്ഞു.
'നിരവധി പന്തുകളെ കൃത്യമായി ടൈമിങ് കണ്ടെത്താന്‍ സാധിച്ചില്ല. കൂറ്റന്‍ അടിക്ക് ശ്രമിച്ചെങ്കിലും നടന്നില്ല. വിക്കറ്റ് നഷ്ടപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ സമയമെടുത്ത് ബാറ്റ് ചെയ്യുന്നതാണ് നല്ലത്'-ധോണി പറഞ്ഞു. ധോണി 36 പന്തില്‍ 47 റണ്‍സ് നേടിയെങ്കിലും വളരെ പന്തുകള്‍ തുടക്കത്തിലെ നഷ്ടപ്പെടുത്തി. രവീന്ദ്ര ജഡേജയുടെ (35 പന്തില്‍ 50) ബാറ്റിങ് മാത്രമായിരുന്നു സിഎസ്‌കെയ്ക്ക് ആശ്വസിക്കാനുണ്ടായിരുന്നത്.