ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ആദ്യ ഏഴ് മത്സരത്തില്‍ അഞ്ചിലും പരാജയപ്പെട്ട സിഎസ്‌കെ രണ്ടാം ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 20 റണ്‍സിന് പരാജയപ്പെടുത്തി തിരിച്ചുവരവ് അറിയിച്ചിരിക്കുകയാണ്. സീസണില്‍ ബാറ്റിങ് നിരയുടെ മെല്ലെപ്പോക്കായിരുന്നു സിഎസ്‌കെയുടെ പ്രധാന പ്രശ്‌നം. എന്നാല്‍ ഹൈദരാബാദിനെതിരേ ബാറ്റിങ് നിരയില്‍ നിന്ന് കൂടുതല്‍ മികച്ച പ്രകടനമാണ് ഉണ്ടായത്. ഹൈദരാബാദിനെതിരായ നിര്‍ണ്ണായക വിജയത്തിന് പിന്നാലെ ബാറ്റിങ് നിരയെ പ്രശംസിച്ചിരിക്കുകയാണ് നായകന്‍ എം എസ് ധോണി.
'ഏറ്റവും പ്രധാനപ്പെട്ട കാര്യം രണ്ട് പോയിന്റ് ലഭിക്കുകയെന്നതാണ്. ഹൈദരാബാദിനെതിരേ ബാറ്റിങ് നിര മനോഹരമായി കാര്യങ്ങള്‍ ചെയ്തുവെന്നാണ് വിശ്വസിക്കുന്നത്. ബാറ്റ്‌സ്മാന്‍മാര്‍ക്ക് ചില ഉത്തരവാദിത്തമുണ്ട്. സാഹചര്യത്തിനനുസരിച്ച് അവരത് മനോഹരമായി ചെയ്തു. 160ന് മുകളിലൊരു ടീം സ്‌കോര്‍ ലഭിക്കുന്നതിന് മികച്ച തുടക്കം അത്യാവശ്യമാണ്. ഫാസ്റ്റ് ബൗളര്‍മാരും ഭംഗിയായി പന്തെറിഞ്ഞു. ചിലര്‍ക്ക് സ്വിങ് ബൗളിങ്ങ് വഴങ്ങുമ്പോള്‍ മറ്റ് ചിലര്‍ക്ക് ബൗണ്‍സറുകളാണ് വഴങ്ങുന്നത്. എന്തായാലും പദ്ധതികള്‍ കൃത്യമായി നടപ്പിലാക്കുക എന്നതിലാണ് കാര്യം-ധോണി പറഞ്ഞു.

ആദ്യ മത്സരങ്ങളിലെ പിഴവ് ഉള്‍ക്കൊള്ളുന്ന ബാറ്റിങ്ങാണ് ടീം നടപ്പിലാക്കിയത്. ഫഫ് ഡുപ്ലെസിസും ഷെയ്ന്‍ വാട്‌സണും ചേര്‍ന്നുള്ള ഓപ്പണിങ് കൂട്ടുകെട്ട് പവര്‍പ്ലേയില്‍ റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടിയിരുന്നു. ഇതോടെ സാം കറാനെ ഓപ്പണറായി ഇറക്കിയ സിഎസ്‌കെയുടെ പദ്ധതി വിജയിച്ചു. പവര്‍പ്ലേയില്‍ കറാന്‍ അതിവേഗം റണ്‍സുയര്‍ത്തിയതോടെ സമ്മര്‍ദ്ദം ഇല്ലാതെ കളിക്കാന്‍ സിഎസ്‌കെയെ സഹായിക്കുകയും ചെയ്തു.
ടീമില്‍ ഒരു അധിക സ്പിന്നറെ ഉള്‍പ്പെടുത്തിയതിന്റെ കാരണവും ധോണി വ്യക്തമാക്കി. സാം കറാന്‍ ഓപ്പണറായി എത്തുമ്പോള്‍ ജഗദീശനെ ബാറ്റിങ്ങിനിറക്കാന്‍ സാധിക്കുന്ന മധ്യനിരയിലാണ്. ഇത് ഫലപ്രദമാകില്ലെന്ന് മനസിലായതോടെയാണ് അധികമായൊരു സ്പിന്നറെ ഉള്‍പ്പെടുത്തിയതെന്നാണ് ധോണി പറഞ്ഞത്. സാം കറാന്‍ ഞങ്ങളെ സംബന്ധിച്ച് എല്ലാം തികഞ്ഞ താരമാണ്. ഒരു പേസ് ബൗളര്‍ ഓള്‍റൗണ്ടറാണ് ടീമിന് അത്യാവശ്യം. സ്പിന് ഓള്‍റൗണ്ടറായാലും 15-45 ഇടയില്‍ ടീമിന് സംഭാവന ചെയ്യാന്‍ കഴിയുന്നത് വലിയ കാര്യമാണെന്നും ധോണി പറഞ്ഞു.
മത്സരത്തിനിടെ ധോണിക്ക് പല തവണ നിയന്ത്രണം നഷ്ടപ്പെട്ടു. 18ാം ഓവറില്‍ ഷര്‍ദുല്‍ ഠാക്കൂറിന്റെ പന്ത് വൈഡ് ലൈനിന് പുറത്തുകൂടി പോയിട്ടും അംപയര്‍ വൈഡ് വിളിച്ചില്ല. വൈഡ് വിളിക്കാന്‍ അംപയര്‍ ഒരുങ്ങിയപ്പോള്‍ ധോണിക്ക് നിയന്ത്രണം നഷ്ടപ്പെട്ടതോടെയാണ് അംപയര്‍ വൈഡ് വിളിക്കാതിരുന്നത്. ഇത് വിവാദമാവുകയും ചെയ്തു. മത്സരത്തിനിടെ നിയന്ത്രണമില്ലാതെ പന്തെറിഞ്ഞ കരണ്‍ ശര്‍മയെ ധോണി ശകാരിച്ചിരുന്നു. തുടര്‍ തോല്‍വികളുടെ സമ്മര്‍ദ്ദം ടീമിനെ ബാധിച്ചിട്ടുണ്ടെന്ന് തന്നെയാണ് ഇതെല്ലാം വ്യക്തമാക്കുന്നത്. പ്ലേ ഓഫില്‍ കടക്കണമെങ്കില്‍ ഇനിയുള്ള മത്സരങ്ങളിലും ജയിക്കേണ്ടത് സിഎസ്‌കെയ്ക്ക് അത്യാവശ്യമാണ്.