ദുബായ്: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ അപ്രതീക്ഷിത തോല്‍വി വഴങ്ങിയതില്‍ താന്‍ തകര്‍ന്ന് പോയെന്ന് സിഎസ്‌കെ താരം ഷെയ്ന്‍ വാട്‌സണ്‍. ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി അടക്കമുള്ളവര്‍ തോല്‍വിയില്‍ വിമര്‍ശനം ഏറ്റുവാങ്ങുകയാണ്. ഇതിനിടയിലാണ് വാട്‌സണ്‍ തോല്‍വിയെ കുറിച്ച് പ്രതികരിച്ചത്. പത്തോവറില്‍ 90 റണ്‍സുണ്ടായിരുന്നു സിഎസ്‌കെയ്ക്ക്. അടുത്ത് പത്തോറില്‍ 80 റണ്‍സില്‍ താഴെ മാത്രം മതിയായിരുന്നു. എന്നാല്‍ മത്സരം സിഎസ്‌കെയുടെ മധ്യനിര നഷ്ടപ്പെടുത്തുകയായിരുന്നു. ധോണി അടക്കമുള്ളവര്‍ നിരാശപ്പെടുത്തി.

കേദാര്‍ ജാദവാണ് തോല്‍വിയില്‍ ഏറ്റവും കൂടുതല്‍ പഴിവാങ്ങിയത്. അഞ്ച് പന്തുകളാണ് ജാദവ് പാഴാക്കിയത്. ഇതാണ് സിഎസ്‌കെയുടെ തോല്‍വിയിലേക്ക് നയിച്ച പ്രധാന കാരണം. ടീമിനെ തനിക്ക് ജയിപ്പിക്കാന്‍ സാധിച്ചില്ലല്ലോ എന്ന സങ്കടമുണ്ട്. ജയിക്കാവുന്ന മത്സരമായിരുന്നു. ടീമിന്റെ ഫിനിഷിംഗ് ഏറ്റെടുക്കാന്‍ സാധിക്കാത്തതില്‍ താന്‍ തകര്‍ന്ന് പോയെന്നും വാട്‌സണ്‍ പറഞ്ഞു. താന്‍ മാത്രമല്ല, ടീം ഒന്നടങ്കം തകര്‍ന്ന് പോയി. ടീമിന്റെ വിജയം അവരെല്ലാം ഉറപ്പിച്ചിരുന്നു. അത്രയ്ക്കും എളുപ്പമായിരുന്നു വിജയം. എന്നാല്‍ ആ സിമ്പിളായ കാര്യം നടപ്പാക്കുന്നതില്‍ പിഴച്ചെന്നും വാട്‌സണ്‍ വ്യക്തമാക്കി.
കെകെആറിന്റേത് കരുത്തുറ്റ ബാറ്റിംഗ് നിരയായിരുന്നു. എന്നാല്‍ സിഎസ്‌കെ ഗംഭീരമായി തന്നെയാണ് പന്തെറിഞ്ഞത്. കെകെആറിനെ ഞങ്ങളുടെ ബൗളിംഗ് നിര 167 റണ്‍സില്‍ ഒതുക്കിയിരുന്നു. സാം കറനും ശാര്‍ദുല്‍ താക്കൂറും നന്നായി പന്തെറിഞ്ഞു. കരണ്‍ ശര്‍മയുടെ പന്തുകള്‍ മനോഹരമായിരുന്നു. വളരെ കഴിവുള്ള ലെഗ് സ്പിന്നറാണ് കരണ്‍ ശര്‍മ. ഇവരെല്ലാം വളരെ കഷ്ടപ്പെട്ടാണ് ആ സ്‌കോറിലേക്ക് കെകെആറിനെ ഒതുക്കിയത്. 167 റണ്‍സിലേക്ക് കെകെആറിനെ ഒതുക്കി എന്നുള്ളത്. അത് ഞങ്ങള്‍ക്ക് ചേസ് ചെയ്ത് ജയിക്കാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ പിഴച്ചെന്നും വാട്‌സണ്‍ പറഞ്ഞു.
കെകെആര്‍ തിരിച്ചുവന്നത് മികച്ച ബൗളിംഗിലൂടെയാണ്. പക്ഷേ എല്ലാ ക്രെഡിറ്റും നല്‍കേണ്ടത് സുനില്‍ നരെയ്‌നാണ്. മൂന്ന് ഓവറുകള്‍ നരെയ്ന്‍ ഞങ്ങള്‍ക്കെതിരെ ആ സമയം എറിഞ്ഞു. സിഎസ്‌കെയുടെ വിജയക്കുതിപ്പ് തടഞ്ഞത് ആ ഓവറുകളാണ്. ഇതോടെ ഒരോവറില്‍ 14 റണ്‍സൊക്കെ അടിക്കണമെന്ന നിലയായി. അത് ബുദ്ധിമുട്ടേറിയതായിരുന്നു. ആ തോല്‍വി ശരിക്കും ഞങ്ങളെ വിഷമിപ്പിച്ചു. ഇത്തരം സ്‌കോറുകള്‍ 18 ഓവറില്‍ നിങ്ങള്‍ക്ക് ഫിനിഷ് ചെയ്യാന്‍ പറ്റുന്ന സ്‌കോറുകളാണ്. എന്നാല്‍ ചേസിംഗില്‍ ഞങ്ങള്‍ തോറ്റും. ഞങ്ങള്‍ ഇപ്പോഴും ആ തോല്‍വിയുടെ വേദനയിലാണ്. പക്ഷേ ആര്‍സിബിക്കെതിരെയുള്ള മത്സരത്തിന് മുമ്പ് എല്ലാം ഞങ്ങള്‍ പരിഹരിക്കും. തിരിച്ചുവരുമെന്നും വാട്‌സണ്‍ പറഞ്ഞു.