IPL 2020: പവര്‍പ്ലേയില്‍ തന്നെ സിഎസ്‌കെ തോറ്റു, മുംബൈക്കെതിരായ മത്സരത്തെക്കുറിച്ച് ഫ്‌ളമിങ്
ഷാര്‍ജ: മുംബൈക്കെതിരായി 10 വിക്കറ്റിന് തോറ്റതോടെ ഈ സീസണിലെ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പതനം ഏറെക്കുറെ പൂര്‍ണ്ണമായി. വളരെ പ്രതീക്ഷയോടെ സീനിയര്‍ നിരയുമായി യുഎഇയിലെത്തി ആദ്യം പ്ലേ ഓഫ് കാണാതെ മടങ്ങുന്ന ടീമായി മാറേണ്ട ദുരവസ്ഥ ധോണിക്കും സംഘത്തിനുമുണ്ടായി. അവസാന നാല് മത്സരങ്ങള്‍ വിജയത്തോടെ അഭിമാനം കാക്കാമെന്ന് പ്രതീക്ഷിച്ചിറങ്ങിയ സിഎസ്‌കെയെ കൂടുതല്‍ നാണക്കേടിലേക്ക് തള്ളിവിടുന്ന പ്രകടനമാണ് മുംബൈ പുറത്തെടുത്തത്.
ചരിത്രത്തിലാദ്യമായാണ് സിഎസ്‌കെ 10 വിക്കറ്റിന് തോല്‍ക്കുന്നത്. കൂടാതെ ഒരു സീസണില്‍ എട്ട് മത്സരം തോല്‍ക്കുന്നതും ഇതാദ്യമായാണ്. ഇപ്പോഴിതാ മുംബൈക്കെതിരായ മത്സരത്തെക്കുറിച്ച് സിഎസ്‌കെ മുഖ്യ പരിശീലകനും മുന്‍ ന്യൂസീലന്‍ഡ് ക്യാപ്റ്റനുമായ സ്റ്റീഫന്‍ ഫ്‌ളമിങ് പറഞ്ഞിരിക്കുകയാണ്. പവര്‍പ്ലേയില്‍ തന്നെ സിഎസ്‌കെ തോറ്റുവെന്നാണ് ഫ്‌ളമിങ് അഭിപ്രായപ്പെട്ടത്. 'ഞങ്ങള്‍ ശരിക്കും വലിയ തിരിച്ചടിയാണ് നേരിട്ടത്. ഭയാനകമായ പവര്‍പ്ലേയായിരുന്നു ഇത്.തുടര്‍ച്ചയായി പെട്ടെന്ന് വിക്കറ്റ് നഷ്ടമായി.

പവര്‍പ്ലേയില്‍ത്തന്നെ മത്സരം ഏറെക്കുറെ അവസാനിച്ചിരുന്നു. ഞങ്ങള്‍ യുവതാരങ്ങള്‍ക്ക് അവസരം നല്‍കിയെങ്കിലും അത് ഫലവത്തായില്ല. മികച്ച വിദേശ ബൗളര്‍മാരുള്ളതിനാല്‍ പൊരുതാവുന്ന സ്‌കോര്‍ നേടാന്‍ ശ്രമിക്കാനാണ് ടൈം ഔട്ടിന്റെ സമയത്ത് പറഞ്ഞത്'-ഫ്‌ളമിങ് പറഞ്ഞു. ജയ്ഗ്‌വാദ്,ജഗദീശന്‍ എന്നീ യുവതാരങ്ങള്‍ക്ക് സിഎസ്‌കെ അവസരം നല്‍കിയെങ്കിലും അവസരം മുതലാക്കാന്‍ ഇരുവര്‍ക്കും സാധിച്ചില്ല. ആദ്യ ഓവറില്‍ത്തന്നെ ജയ്ഗ്‌വാദിനെ നഷ്ടമായി.
അമ്പാട്ടി റായിഡു, ജഗദീശന്‍, ഫഫ് ഡുപ്ലെസിസ്, രവീന്ദ്ര ജഡേജ, എംഎസ് ധോണി എന്നിവരെല്ലാം നിരാശപ്പെടുത്തിയതോടെ വന്‍ തകര്‍ച്ചയെ സിഎസ്‌കെ മുന്നില്‍ക്കണ്ടു. ഒരു ഘട്ടത്തില്‍ 50നുള്ളില്‍ സിഎസ്‌കെ ഒതുങ്ങുമെന്ന് തോന്നിച്ചെങ്കിലും സാം കറാന്റെ അവസരോചിത അര്‍ധ സെഞ്ച്വറി വന്‍ തകര്‍ച്ചയില്‍ നിന്ന് ടീമിനെ കരകയറ്റി. 21 റണ്‍സിന് അഞ്ച് വിക്കറ്റ് എന്ന നിലയില്‍ നിന്നാണ് 114 എന്ന സ്‌കോറിലേക്ക് സിഎസ്‌കെ എത്തിയത്. ഷാര്‍ജ പോലൊരു ചെറിയ മൈതാനത്താണ് ഇത്തരമൊരു തകര്‍ച്ച എന്നതാണ് മറ്റൊരു വസ്തുത.
ഷാര്‍ജയില്‍ ആദ്യം ബാറ്റ് ചെയ്തത് ബുദ്ധിമുട്ടായി. ജയ്ഗ്‌വാദിനെ ഓപ്പണറായി ഇറക്കിയതും ഇമ്രാന്‍ താഹിറിനെ ടീമില്‍ ഉള്‍പ്പെടുത്തിയും പോസിറ്റീവായ തീരുമാനം ആയിരുന്നു. എന്നാല്‍ ഫലം കണ്ടില്ല. ഞങ്ങളുടെ സ്പിന്‍ ബൗളര്‍മാര്‍ക്ക് ഇത്തവണ തിളങ്ങാനായില്ല. എന്നാല്‍ ബാറ്റിങ് നിരയുടെ മോശം പ്രകടനമാണ് ടൂര്‍ണമെന്റില്‍ തിരിച്ചടിയായത്. എതിരാളികള്‍ക്കെതിരേ സാധ്യമായതെല്ലാം ഞങ്ങള്‍ ചെയ്തിട്ടുണ്ട്'-ഫ്‌ളമിങ് കൂട്ടിച്ചേര്‍ത്തു. 11 മത്സരത്തില്‍ നിന്ന് മൂന്ന് ജയം മാത്രം നേടിയ സിഎസ്‌കെ പ്ലേ ഓഫില്‍ കടക്കില്ലെന്ന് ഉറപ്പായിക്കഴിഞ്ഞു. അതിനാല്‍ത്തന്നെ ഇനിയുള്ള മൂന്ന് മത്സരങ്ങളിലെങ്കിലും ജയിച്ച് മടങ്ങാനാവും സിഎസ്‌കെ ഇനി ലക്ഷ്യമിടുക. ജയത്തോടെ മുംബൈ ഇന്ത്യന്‍സ് വീണ്ടും പോയിന്റ് പട്ടികയില്‍ തലപ്പത്തെത്തി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications