
സൂപ്പര്‍ സ്ലോ ജാദവ്
കേദാര്‍ ജാദവിനെ എന്തിനാണ് ചെന്നൈ കളിപ്പിച്ചതെന്ന് പോലും അറിയാത്ത അവസ്ഥയായിരുന്നു. അത്രയ്ക്കും ദുരന്തമായിരുന്നു ജാദവിന്റെ പ്രകടനം. നേരത്തെ സിഎസ്‌കെയുടെ മധ്യനിരയുടെ നട്ടെല്ലായിരുന്നു ജാദവ്. ഇത്തവണ സിഎസ്‌കെയുടെ തോല്‍വികള്‍ക്ക് പ്രധാന കാരണം ജാദവായിരുന്നു. വേഗത്തില്‍ പോകുന്ന ഇന്നിംഗ്‌സ് മെല്ലെയാക്കിയതും ജാദവിന്റെ സ്ലോ ഇന്നിംഗ്‌സുകളാണ്. ഈ സീസണില്‍ എട്ട് കളിയില്‍ നിന്ന് 63 റണ്‍സാണ് ആകെ സമ്പാദ്യം. ടീമില്‍ ആദ്യം ഒഴിവാക്കാന്‍ പോകുന്നത് ജാദവിനെയാണ്. താരലേലത്തിലും ജാദവിന് പരീക്ഷണം നേരിടേണ്ടി വരും.

കറങ്ങാത്ത ലെഗ് സ്പിന്നര്‍
ലെഗ് സ്പിന്‍ കൊണ്ട് എതിരാളികളെ ഞെട്ടിക്കുമെന്ന് കരുതിയ ബൗളറായ പിയൂഷ് ചൗള. കെകെആറില്‍ നിന്നാണ് ഇത്തവണ ചൗള സിഎസ്‌കെയിലെത്തിയത്. എന്നാല്‍ വന്‍ ഫ്‌ളോപ്പാണ് താരം. ആറ് വിക്കറ്റാണ് ആകെ ലഭിച്ചത്. നല്‍കിയത് 191 റണ്‍സും ഒമ്പത് റണ്‍സിന് മുകളില്‍ ഇക്കോണമിയും താരത്തിനുണ്ട്. അടുത്ത തവണ ചെന്നൈ നല്ലൊരു ഓഫ് സ്പിന്നറെ പകരം എത്തിക്കാനായിരിക്കും ശ്രമിക്കുക. കരണ്‍ ശര്‍മ ലെഗ് സ്പിന്നറായി ടീമിലുള്ളപ്പോള്‍ ബാറ്റ് ചെയ്യുന്ന ഓഫ് സ്പിന്നര്‍ക്ക് തന്നെയാവും ടീം ശ്രമിക്കുക.

കരീബിയന്‍ കരുത്തില്ല
സിഎസ്‌കെയുടെ ഓള്‍റൗണ്ടിംഗ് കരുത്തായിരുന്നു ഡ്വെയ്ന്‍ ബ്രാവോ. 2012 മുതല്‍ ടീമിനൊപ്പമുണ്ട് താരം. ഈ സീസണില്‍ ആറ് മത്സരങ്ങളില്‍ നിന്ന് ഏഴ് റണ്‍സാണ് ആകെ ബ്രാവോയുടെ സമ്പാദ്യം. ആകെ വീഴ്ത്തിയത് ആറ് വിക്കറ്റുകളും. ഈ സീസണില്‍ വളരെ മോശം പ്രകടനമായിരുന്നു ബ്രാവോ കാഴ്ച്ചവെച്ചത്. ഇതോടൊപ്പം പരിക്കും താരത്തെ ടീമില്‍ നിന്ന് ഒഴിവാക്കാന്‍ കാരണമായി. ബ്രാവോയ്ക്ക് പ്രായമായതും സിഎസ്‌കെയെ മാറി ചിന്തിപ്പിക്കുന്നു. സിഎസ്‌കെ അടുത്ത സീസണില്‍ ബ്രാവോയെ കൈവിട്ട് പുതിയ ബാറ്റിംഗ് ഓള്‍റൗണ്ടറെ കൊണ്ടുവരുമെന്ന് ഉറപ്പാണ്. എന്നാല്‍ താരലേലത്തില്‍ ബ്രാവോയെ മറ്റ് ടീമുകള്‍ സ്വന്തമാക്കുമെന്ന് ഉറപ്പാണ്.

ഓപ്പണിംഗും മാറും
ഷെയ്ന്‍ വാട്‌സണെ സിഎസ്‌കെ ഉറപ്പായും ഒഴിവാക്കാന്‍ സാധ്യതയുള്ള താരമായിരുന്നു. ഈ സീസണില്‍ വന്‍ പരാജയമായിരുന്നു താരം. ബൗളിംഗും കൂടി ഇല്ലാതായതോടെ വാട്‌സണ്‍ സിഎസ്‌കെയ്ക്ക് ആവശ്യമില്ലാത്ത താരമായി മാറി. 11 മത്സരങ്ങളില്‍ നിന്ന് 299 റണ്‍സാണ് വാടസന്റെ സമ്പാദ്യം. അതേസമയം വാട്‌സണ്‍ ഐപിഎല്ലില്‍ നിന്നും ക്രിക്കറ്റില്‍ നിന്നും വിരമിക്കുകയാണെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞു. പകരം ഓപ്പണര്‍ക്ക് ലേലത്തില്‍ വന്‍ തുക വീശിയെറിയാന്‍ സിഎസ്‌കെ തയ്യാറാവും. വാട്‌സണ്‍ ടീം മാനേജ്‌മെന്റിന്റെ ഭാഗമായി കോച്ചിംഗ് ടീമില്‍ ഇടംപിടിക്കാനും സാധ്യതയുണ്ട്.

എന്തിനാണ് ഇങ്ങനൊരു താരം
സിഎസ്‌കെ എന്തിനാണ് മുരളി വിജയിയെ കളിപ്പിക്കുന്നതെന്ന് ഇപ്പോഴും വ്യക്തമല്ല. മുന്‍ സീസണുകളില്‍ വന്‍ വിജയമായിരുന്നു വിജയ്. ഈ സീസണില്‍ മൂന്ന് മത്സരങ്ങളില്‍ നിന്ന് 32 റണ്‍സാണ് വിജയ് ആകെ നേടിയത്. ഇനി സിഎസ്‌കെയില്‍ തിരിച്ചെത്തുക അദ്ദേഹത്തിന് അസാധ്യമാണ്. റിതുരാജ് ഗെയ്ക്വാദ് ഓപ്പണറുടെ റോളില്‍ ടീമില്‍ സ്ഥാനമുറപ്പിച്ച് കഴിഞ്ഞു. മൂന്നാം നമ്പറില്‍ കളിക്കാന്‍ വേറെയും താരങ്ങളുണ്ട്. അതേസമയം മുരളി വിജയിനെ അടുത്ത സീസണില്‍ സിഎസ്‌കെ ടീമില്‍ നിലനിര്‍ത്തില്ല. എന്നാല്‍ താരലേലത്തില്‍ അദ്ദേഹത്തെ ആരും വാങ്ങില്ലെന്ന് ഉറപ്പാണ്. അതല്ലെങ്കില്‍ പ്രാദേശിക ടൂര്‍ണമെന്റുകളില്‍ വിജയ് തകര്‍ത്തടിക്കണം.


Click it and Unblock the Notifications











