ദുബായ്: ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വേഗമേറിയ ബൗളിങ് പ്രകടനമെന്ന റെക്കോര്‍ഡ് ഇനി ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ദക്ഷിണാഫ്രിക്കന്‍ പേസര്‍ ആന്റിച്ച് നോര്‍ട്ടെയ്ക്കു സ്വന്തം. രാജസ്ഥാന്‍ റോയല്‍സിനെതിരേ ഡല്‍ഹി ജയിച്ച മല്‍സരത്തിലായിരുന്നു നോര്‍ട്ടെയുടെ പന്തുകള്‍ തീതുപ്പിയത്. മണിക്കൂറില്‍ 156.22 കിമി വേഗത്തില്‍ ബൗള്‍ ചെയ്തായിരുന്നു നോര്‍ട്ടെ ക്രിക്കറ്റ് പ്രേമികരളെ വിസ്മയിപ്പിച്ചത്.

രാജസ്ഥാന്‍ ഇന്നിങ്‌സിലെ മൂന്നാമത്തെയും തന്റെ ഓവറിലെ അഞ്ചാമത്തെയും പന്താണ് നോര്‍ട്ടെ 156.22 kmph വേഗതയിലെറിഞ്ഞത്. ഈ പന്ത് നേരിട്ടത് രാജസ്ഥാന്‍ ഓപ്പണര്‍ ജോസ് ബട്‌ലറായിരുന്നു. സ്‌കൂപ്പ് ഷോട്ടിലൂടെ അദ്ദേഹം ഈ പന്തില്‍ ബൗണ്ടറി നേടുകയും ചെയ്തു. തൊട്ടടുത്ത പന്തില്‍ ബട്‌ലറെ ബൗള്‍ഡാക്കിയാണ് നോര്‍ട്ടെ ഇതിനു മറുപടി നല്‍കിയത്. ഇതേ ഓവറില്‍ നോര്‍ട്ടെയുടെ നാലു പന്തുകളും 150 kmph നും മുകളില്‍ വേഗതയുള്ളവയായിരുന്നു. ടൂര്‍ണമെന്റിന്റെ ഇതുവരെ നടന്ന 12 വര്‍ഷത്തെ ചരിത്രമെടുത്താല്‍ ഇത്രയും വേഗതയില്‍ പന്തെറിയാന്‍ മറ്റൊരു ബൗളര്‍ക്കുമായിട്ടില്ല.
ഏറ്റവും വേഗമേറിയ പന്ത് മാത്രമല്ല വേഗമേറിയ രണ്ടാമത്തെയും മൂന്നാമത്തെയും പന്തും രാജസ്ഥാനെതിരോ നോര്‍ട്ടെ എറിഞ്ഞുവെന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. 155.2 kmph, 154.7 kmph എന്നിങ്ങനെയാണ് താരത്തിന്റെ മറ്റു രണ്ടു പന്തുകളുടെയും വേഗത. നാട്ടുകാരനും ഈ സീസണില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ താരവുമായ വെറ്ററന്‍ പേസര്‍ ഡെയ്ല്‍ സ്റ്റെയ്‌നിന്റെ പേരിലുണ്ടായിരുന്ന റെക്കോര്‍ഡാണ് നോര്‍ട്ടെ പഴങ്കഥയാക്കിയത്. നേരത്തേ 154.4 kmph വേഗതയില്‍ പന്തെറിഞ്ഞായിരുന്നു ഐപിഎല്ലിലെ അതിവേഗക്കാരനായി സ്റ്റെയ്ന്‍ മാറി. എന്നാല്‍ ഇനി റെക്കോര്‍ഡ് നോര്‍ട്ടെ അലങ്കരിക്കും.
ഈ സീസണിലെ ഐപിഎല്ലില്‍ തികച്ചും അപ്രതീക്ഷിതമായി ഡല്‍ഹി ടീമിലെത്തിയ താരമാണ് നോര്‍ട്ടെ. ഇംഗ്ലീഷ് പേസര്‍ ക്രിസ് വോക്‌സ് ടൂര്‍ണമെന്റ് തുടങ്ങുന്നതിനു മുമ്പ് പിന്‍മാറിയതോടെയാണ് പകരക്കാരനായി ഡല്‍ഹി നോര്‍ട്ടെയെ കൊണ്ടു വന്നത്. ഈ നീക്കം അപ്രതീക്ഷിത വിജയമാവുകയും ചെയ്തു. നാട്ടുകാരനായ കാഗിസോ റബാദയ്‌ക്കൊപ്പം ഡല്‍ഹി പേസ് ബൗളിങിലെ കുന്തമുനയായി താരം മാറിക്കഴിഞ്ഞു. ഈ സീസണില്‍ ഡല്‍ഹിയുടെ എട്ടു മല്‍സരങ്ങളിലും ബൗള്‍ ചെയ്ത നോര്‍ട്ടെ 10 വിക്കറ്റുകളും നേടിയിട്ടുണ്ട്.