അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണ്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ ചെന്നൈ സൂപ്പര്‍ കിങ്സിന് വീണ്ടും തിരിച്ചടി. സൂപ്പര്‍ താരം സുരേഷ് റെയ്നയ്ക്ക് പിന്നാലെ സ്റ്റാര്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങും സീസണില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതാണ് സിഎസ്‌കെയ്ക്ക് തിരിച്ചടിയായിരിക്കുന്നത്. ട്വിറ്ററിലൂടെ വിട്ടുനില്‍ക്കുന്നതിന് പിന്നിലെ കാരണവും ഹര്‍ഭജന്‍ വ്യക്തമാക്കിയിട്ടുണ്ട്.
'പ്രിയ സുഹൃത്തുക്കളെ, വ്യക്തിപരമായ കാരണങ്ങളാല്‍ ഇത്തവണത്തെ സീസണില്‍ ഞാന്‍ കളിക്കില്ല. ഈ പ്രതിസന്ധി ഘട്ടത്തില്‍ അല്‍പ്പം സ്വകാര്യത വേണമെന്നും കുടുംബത്തോടൊപ്പം സമയം ചിലവിടണമെന്നും ആഗ്രഹിക്കുന്നു.സിഎസ്‌കെ മാനേജ്‌മെന്റ് വലിയ പിന്തുണയാണ് നല്‍കുന്നത്. അവര്‍ക്ക് മികച്ചൊരു ഐപിഎല്‍ ആകട്ടെയെന്ന് ആശംസിക്കുന്നു. സുരക്ഷിതമായിരിക്കു,ജയ് ഹിന്ദ്' -എന്നാണ് ഹര്‍ഭജന്‍ ട്വിറ്ററില്‍ വിട്ടുനില്‍ക്കാന്‍ കാരണമായി കുറിച്ചത്.

നേരത്തെ ചെന്നൈയില്‍ സംഘടിപ്പിച്ച അഞ്ച് ദിന ക്യാംപിലും ഹര്‍ഭജന്‍ പങ്കെടുത്തിരുന്നില്ല. യുഎഇയിലേക്ക് പുറപ്പെട്ട സിഎസ്‌കെ ടീമിനൊപ്പവും ഹര്‍ഭജനില്ലായിരുന്നു. സ്പിന്നിനെ തുണയ്ക്കുന്ന യുഎഇയിലെ മൈതാനത്ത് ഹര്‍ഭജന്റെ സാന്നിധ്യം സിഎസ്‌കെയ്ക്ക് ഏറെ കരുത്താകുമായിരുന്നെങ്കിലും താരത്തിന്റെ പിന്മാറ്റം ടീമിനെ സംബന്ധിച്ച് വലിയ നഷ്ടമാണ്. കരണ്‍ ശര്‍മ,പീയൂഷ് ചൗള,ഇമ്രാന്‍ താഹിര്‍,മിച്ചല്‍ സാന്റ്നര്‍,രവീന്ദ്ര ജഡേജ എന്നിവര്‍ സിഎസ്‌കെയ്ക്കൊപ്പം സ്പിന്‍ കരുത്തേകാന്‍ ഉണ്ടെങ്കിലും ബാറ്റുകൊണ്ടും തിളങ്ങാന്‍ കെല്‍പ്പുള്ള ഹര്‍ഭജന്റെ വിടവ് നികത്തുക എളുപ്പമാകില്ല.
നേരത്തെ സിഎസ്‌കെ ക്യാംപില്‍ കോവിഡ് സ്ഥിരീകരിച്ചത് വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. പേസ് ബൗളര്‍ ദീപക് ചഹാര്‍ ഉള്‍പ്പെടെ 13ഓളം താരങ്ങള്‍ക്കും മറ്റ് സ്റ്റാഫുകള്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. എന്നാല്‍ അവസാന പരിശോധനയില്‍ ഇവരുടെ പരിശോധനാ ഫലം നെഗറ്റീവായിരുന്നു. സിഎസ്‌കെ ഒഴികെയുള്ള ടീമുകളെല്ലാം ഇതിനോടകം പരിശീലനം ആരംഭിച്ചിട്ടുണ്ട്.
നേരത്തെ യുഎഇയിലെത്തിയ ശേഷം സുരേഷ് റെയ്നയും സിഎസ്‌കെ വിട്ട് നാട്ടിലേക്ക് മടങ്ങിയിരുന്നു. കുടുംബം നാട്ടില്‍ ആക്രമണത്തിനിരയായതിനാലാണ് റെയ്ന മടങ്ങിയത്. സിഎസ്‌കെയുടെ വിജയങ്ങളില്‍ നിര്‍ണ്ണായക പങ്കുവഹിച്ച റെയ്നയുടെ അന്നാന്നിധ്യം സിഎസ്‌കെയ്ക്ക് തലവേദനയായിരിക്കെയാണ് ഹര്‍ഭജന്‍ സിങും സീസണില്‍ നിന്ന് പിന്മാറുന്നത്.
ഇമ്രാന്‍ താഹിറിനൊപ്പം ടീമിലെ സ്ഥിര സാന്നിധ്യമായിരുന്നു ഹര്‍ഭജന്‍. നേരത്തെ മുംബൈ ഇന്ത്യന്‍സ് താരവും നായകനുമായിരുന്ന ഹര്‍ഭജന്‍ 2018ലാണ് സിഎസ്‌കെയിലെത്തിയത്. 2019ലെ ഫൈനലില്‍ സിഎസ്‌കെ ടീമില്‍ ഹര്‍ഭജനും അംഗമായിരുന്നു. 160 ഐപിഎല്ലുകളില്‍ നിന്ന് 829 റണ്‍സും 150 വിക്കറ്റും ഹര്‍ഭജന്റെ പേരിലുണ്ട്. 18 റണ്‍സ് വിട്ടുകൊടുത്ത് 5 വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. ഒരു അര്‍ധ സെഞ്ച്വറിയും ഹര്‍ഭജന്റെ പേരിലുണ്ട്. ഹര്‍ഭജനെ പകരം സ്പിന്‍ ബൗളറെ ടീമില്‍ ഉള്‍ക്കൊള്ളിക്കാന്‍ സാധ്യതയില്ല. ഓള്‍റൗണ്ടറെ പകരം ടീമിലെത്തിക്കാനാവും സിഎസ്‌കെയുടെ ശ്രമം.ഇത്തവണത്ത മുംബൈ ഇന്ത്യന്‍സ് സൂപ്പര്‍ താരം ലസിത് മലിംഗയും ഐപിഎല്ലിനില്ല. അച്ഛന്റെ അസുഖത്തെത്തുടര്‍ന്നാണ് മലിംഗ പിന്മാറിയത്. സെപ്റ്റംബര്‍ 19നാണ് ഐപിഎല്‍ ആരംഭിക്കുന്നത്. മുംബൈ ഇന്ത്യന്‍സാണ് നിലവിലെ ചാമ്പ്യന്മാര്‍.