ദുബായ്: ഐപിഎല്ലിലെ ആദ്യ മത്സരമായ മുംബൈ ഇന്ത്യന്‍സ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പോരാട്ടത്തിന് റെക്കോര്‍ഡ് വ്യൂവര്‍ഷിപ്പ്. 20 കോടി ആളുകളാണ് ടിവിയിലും ഓണ്‍ലൈനിലുമായി മത്സരം കണ്ടത്. ഇത് പുതിയൊരു റെക്കോര്‍ഡാണ്. സെപ്റ്റംബര്‍ 19നായിരുന്നു ആദ്യ മത്സരം. ചെന്നൈ ഈ മത്സരത്തില്‍ മുംബൈയെ പരാജയപ്പെടുത്തുകയും ചെയ്തു. ബിസിസിഐ സെക്രട്ടറി ജയ് ഷാ ഇക്കാര്യം ട്വീറ്റ് ചെയ്തു. ഡ്രീം ഇലവന്‍ ഐപിഎല്ലിന് പുതിയൊരു റെക്കോര്‍ഡ്, ബാര്‍ക്ക് റേറ്റിംഗില്‍ 20 കോടി പേര്‍ ആദ്യ മത്സരം കണ്ടുവെന്ന് പുറത്തുവിട്ടുവെന്നും ജയ് ഷാ പറഞ്ഞു.

ഇന്ത്യയിലെ എന്നല്ല, ഏതൊരു രാജ്യത്തെയും സ്‌പോര്‍ട്‌സ് ടൂര്‍ണമെന്റിന് ലഭിക്കുന്ന ആദ്യ ദിന കാഴ്ച്ചക്കാരാണ് ഇത്. ലോകത്ത് ഒരു ലീഗും ഇത്രയും വലിയ രീതിയില്‍ തുടങ്ങിയിട്ടില്ല. അതേസമയം കണക്കുകള്‍ പ്രകാരം ഐപിഎല്ലിന് വന്‍ നേട്ടമാണിത്. പ്രതിസന്ധികളെ അതിജീവിച്ചാണ് ബിസിസിഐ ഐപിഎല്‍ നടത്തിയത്. ഈ നേട്ടം അവര്‍ക്ക് ആത്മവിശ്വാസം പകരുന്നതാണ്. സിഎസ്‌കെ നായകന്‍ മഹേന്ദ്ര സിംഗ് ധോണി ക്യാപ്റ്റനെന്ന നിലയില്‍ 100ാം വിജയം നേടിയ മത്സരം കൂടിയാണിത്.
മുംബൈയെ അഞ്ച് വിക്കറ്റിനായിരുന്നു ചെന്നൈ തകര്‍ത്തത്. മുംബൈക്കെതിരെ നേരത്തെ തുടര്‍ച്ചയായ അഞ്ച് മത്സരങ്ങള്‍ ചെന്നൈ പരാജയപ്പെട്ടിരുന്നു. ഈ തുടര്‍ തോല്‍വികള്‍ക്കാണ് ഇതോടെ അവസാനമായത്. ധോണി 437 ദിവസത്തിന് ശേഷം കളിക്കളത്തിലേക്ക് തിരിച്ചെത്തിയ മത്സരം കൂടിയായിരുന്നു ഇത്. ന്യൂസിലന്‍ഡിനെതിരായ ലോകകപ്പ് സെമി ഫൈനലായിരുന്നു ധോണി അവസാനമായി കളിച്ചത്. ഇതിന് ശേഷം ടീമില്‍ അദ്ദേഹം കളിച്ചിരുന്നില്ല. ഓഗസ്റ്റ് 15ന് ധോണി അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് വിരമിക്കുകയും ചെയ്തു
അതേസമയം സ്‌റ്റേഡിയം നേരിട്ട് കളി കാണാനുള്ള സാഹചര്യം ഇല്ലാത്തത് വ്യൂവര്‍ഷിപ്പിന് ഐപിഎല്ലിനെ സഹായിച്ചിട്ടുണ്ട്. രാജ്യത്തിന്റെ പല സ്ഥലത്തും ലോക്ഡൗണ്‍ ചെറിയ തോതില്‍ നിലനില്‍ക്കുന്നുമുണ്ട്. വീട്ടിലിരുന്ന് ടിവി കാണുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്. എംഎസ് ധോണി വിരമിക്കലിന് ശേഷം കളിക്കുന്ന ആദ്യ മത്സരമെന്ന പ്രത്യേകതയും ഇതിനുണ്ടായിരുന്നു. അതുകൊണ്ട് അദ്ദേഹത്തിന്റെ ആരാധകര്‍ മത്സരത്തെ വലിയ ആവേശത്തോടെയായിരിക്കും സമീപിച്ചിട്ടുണ്ടാവുക.