ബെംഗളൂരു: ഇതിനേക്കാള്‍ മികച്ച ഒരു അവസാന ദിവസം ഐ പി എല്ലിലെ ആദ്യ റൗണ്ടിന് സ്വപ്‌നം കാണാന്‍ പോലും പറ്റില്ല. നാല് ടീമുകളാണ് ഇന്ന് (മെയ് 17 ഞായറാഴ്ച) കളിക്കാനിറങ്ങുന്നത്. ഇതില്‍ 3 ടീമുകള്‍ക്കും പ്ലേ ഓഫ് പ്രതീക്ഷകളുണ്ട്. ഇതാദ്യമായിട്ടാണ് ഐ പി എല്ലിന്റെ അവസാന ഘട്ടം ഇത്രയും ആവേശഭരിതമാകുന്നത്. ചെന്നൈ, രാജസ്ഥാന്‍ ടീമുകള്‍ ഇതുവരെ പ്ലേ ഓഫ് ഉറപ്പിച്ചുകഴിഞ്ഞു.
ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിന് ഡല്‍ഹി ഡെയര്‍ഡെവിള്‍സുമായിട്ടാണ് ഇന്ന് കളി. 4 മണിക്കത്തെ ഈ കളി ജയിച്ചാല്‍ റോയല്‍ ചാലഞ്ചേഴ്‌സ് രണ്ടാം സ്ഥാനക്കാരായി പ്ലേ ഓഫിലെത്തും. ഫൈനലിലെത്താന്‍ ഒരു കളി മാത്രം ജയിച്ചാല്‍ മതി എന്നത് കൊണ്ട് രണ്ടാം സ്ഥാനമാകും ബാംഗ്ലൂരിന്റെ ലക്ഷ്യം. ഡല്‍ഹിക്ക് ജയിച്ചിട്ട് വലിയ കാര്യം ഒന്നുമില്ല. വെറും 4 പോയിന്റിന്റെ വ്യത്യാസത്തിലാണ് അവര്‍ക്ക് പ്ലേ ഓഫ് നഷ്ടമാകുന്നത്.

എട്ട് മണിക്ക് ഹൈദരാബാദില്‍ നടക്കാന്‍ പോകുന്ന കളിയാണ് കളി. ആദ്യ നാല് കളികളും തോറ്റ് തുടങ്ങിയ മുംബൈ ആതിഥേയരായ സണ്‍റൈസേഴ്‌സിനെയാണ് നേരിടുന്നത്. ആര് ജയിച്ചാലും പ്ലേ ഓഫ്. രണ്ട് ടീമുകള്‍ക്കും 16 പോയിന്റ് വീതം ഉണ്ട്. രണ്ട് ടീമുകളും മികച്ച ഫോമിലാണ് കളിക്കുന്നത്. ആര്‍ക്ക് വേണമെങ്കിലും ജയിക്കാം എന്നതാണ് സ്ഥിതി. ഈ കളി മഴയില്‍ ഒലിച്ചുപോയാല്‍ കൊല്‍ക്കത്ത പ്ലേ ഓഫിലെത്തും.