മുംബൈ: ഫോമിലേക്ക് തിരിച്ചെത്തിക്കൊണ്ടിരിക്കുന്ന മുംബൈ ഇന്ത്യന്‍സ് ചൊവ്വാഴ്ച ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെ നേരിടുന്നു. ചൊവ്വാഴ്ച ഒരു കളി മാത്രമേയുള്ളൂ. രസകരമായ ഒരു സ്ഥാനമാറ്റം ഈ കളിക്ക് ശേഷം ഉണ്ടാകും. ഇന്ന് ജയിച്ചാല്‍ മുംബൈ ഇന്ത്യന്‍സ് ഏഴാം സ്ഥാനത്ത് നിന്നും നാലാം സ്ഥാനത്തേക്ക് എത്തും. ഡല്‍ഹി ജയിച്ചാല്‍ അഞ്ചാം സ്ഥാനത്തുനിന്നും നാലിലെത്തും.
തുടര്‍ച്ചയായ നാല് തോല്‍വികളോടെ സീസണ്‍ തുടങ്ങിയ മുംബൈ ഇന്ത്യന്‍സ് തുടര്‍ച്ചയായ 3 ജയങ്ങളോടെയാണ് ഐ പി എല്ലില്‍ സജീവമായി നിലനില്‍ക്കുന്നത്. പരിക്കേറ്റ് പോയ ആരോണ്‍ ഫിഞ്ച്, കോറി ആന്‍ഡേഴ്‌സണ്‍ എന്നിവര്‍ക്ക് പകരം വന്ന മിച്ചല്‍ മക്ലനാഗന്‍, ലെന്‍ഡല്‍ സിമ്മണ്‍സ് എന്നിവര്‍ക്കൊപ്പം മലിംഗയും കൂടി ഫോമിലെത്തിയതോടെയാണ് മുംബൈയുടെ കളി മാറിയത്.

മറുവശത്ത് യുവരാജ് സിംഗിന്റെ ഫോമില്ലായ്മയാണ് ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ പ്രധാന തലവേദന. 16 കോടിക്ക് വാങ്ങിയ യുവരാജ് പേരിനൊത്ത കളി പുറത്തെടുക്കാത്തത് കൊണ്ട് മറ്റ് കളിക്കാരെ മാറി മാറി പരീക്ഷിക്കുകയാണ് ക്യാപ്റ്റന്‍ ജെ പി ഡുമിനി. സഹീര്‍ ഖാന്‍ ശക്തമായ തിരിച്ചുവരവ് നടത്തിയത് ഡല്‍ഹിയുടെ ബൗളിംഗിനെ അപകടകരമാക്കുന്നു. ബാറ്റിംഗില്‍ യുവതാരം ശ്രേയസ് അയ്യരാണ് ഡല്‍ഹിയുടെ ഇതുവരെയുള്ള താരം.
15 കളികളില്‍ ഇത് വരെയായി ഇരുടീമുകളും പരസ്പരം വന്നിട്ടുണ്ട്. എട്ട് ജയങ്ങളോടെ ഡല്‍ഹിക്ക് നേരിയ മേല്‍ക്കൈ ഉണ്ട്. മുംബൈ 7 കളികളില്‍ ജയിച്ചു. ഈ സീസണില്‍ രണ്ട് ടീമിനും 8 പോയിന്റുകളാണെങ്കിലും മികച്ച റണ്‍റേറ്റുള്ള ഡല്‍ഹി അഞ്ചാമതും മുംബൈ ഏഴാമതുമാണ്. മുംബൈയുടെ തട്ടകമായ വാങ്കഡേ സ്റ്റേഡിയത്തില്‍ രാത്രി എട്ട് മണിക്കാണ് കളി.