മുംബൈ: ഷാരൂഖ് ഖാന്റെ അഭിനയം സിനിമയിലേ ഉള്ളൂ, ജീവിതത്തില്‍ ഇല്ല - പറയുന്നത് യൂസഫ് പത്താനാണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ വെടിക്കെട്ട് ബാറ്റ്സ്മാനായ യൂസഫ് പത്താന്. ഐ പി എല്ലിന്റെ ഈ സീസണില്‍ തന്റെ മികച്ച ഇന്നിംഗ്സുകള്‍ക്ക് പിന്നില്‍ ഷാരൂഖ് ഖാന് നല്കിയ ആത്മവിശ്വാസമുണ്ട് എന്നാണ് പത്താന് സീനിയര്‍ പറയുന്നത്.
ജീവിതത്തില്‍ നിങ്ങള്‍ പോരാടുന്നു എന്നതിന് അര്‍ഥം നിങ്ങള്‍ തോറ്റു എന്നതല്ല. നിങ്ങള്‍ വിജയത്തിന് തൊട്ടടുത്താണ് എന്നതാണ്. ഷാരൂഖ് നല്കിയ പാഠങ്ങള്‍ യൂസഫ് പത്താന് ഓര്‍ക്കുന്നു. മോശം ഫോമിന്റെ സമയത്തും കൂടെ നിന്ന ഷാരൂഖ് ഖാനെ കലര്‍പ്പില്ലാത്ത ആള് എന്നാണ് പത്താന് വിശേഷിപ്പിക്കുന്നത്. ആനന്ദബസാര്‍ പത്രികയ്ക്ക് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പത്താന്.
ബാക്കിയുളള രണ്ട് കളികള്‍ കൂടി ജയിച്ച് പ്ലേ ഓഫില്‍ സ്ഥാനം ഉറപ്പിക്കുകയാണ് കൊല്‍ക്കത്തയുടെ അടുത്ത ലക്ഷ്യമെന്നും പത്താന് പറയുന്നു. രാജസ്ഥാന് റോയല്‍സുമായിട്ടാണ് കൊല്‍ക്കത്തയുടെ അടുത്ത കളി. ഈ കളിയില്‍ ജയിക്കുന്നവര്‍ പ്ലേ ഓഫിലെത്തും. ഇതില്‍ തോറ്റാലും കൊല്‍ക്കത്തയ്ക്ക് ഒരു കളി കൂടി ബാക്കിയുണ്ട്. ഞായറാഴ്ച മുംബൈ ഇന്ത്യന്‍സിന് എതിരായിട്ടാണ് ഈ കളി.
ക്രിസ് ഗെയ്ലിനെപ്പോലെ ഒരു വെടിക്കെട്ട് താരത്തെ കൊല്‍ക്കത്തയ്ക്ക് ആവശ്യമില്ല എന്നാണ് പത്താന്റെ അഭിപ്രായം. അത്യാവശ്യം വേണ്ട വെടിക്കെട്ട് നടത്താന്‍ മധ്യനിരയില്‍ ഓള്‍റൗണ്ടര്‍ ആന്‍ഡ്രേ റസ്സല്‍ ഉണ്ട്. റസ്സല്‍ ടീമിലെത്തിയത് തന്റെ സമ്മര്‍ദ്ദം ഇല്ലാതാക്കിയെന്നും പത്താന് പറഞ്ഞു.