അഹമ്മദാബാദ്: ഐ പി എല്ലില്‍ ഒരു കളി പോലും ജയിക്കാത്ത രണ്ട് ടീമുകളേ ഉള്ളൂ. അതിലൊന്ന് മുംബൈ ഇന്ത്യന്‍സാണ്. മറ്റേത് ഡല്‍ഹി ഡെയര്‍ഡെവിള്‍സും. പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള രാജസ്ഥാനാകട്ടെ കളിച്ച രണ്ട് കളികളും ജയിച്ചു. അഹമ്മദാബാദില്‍ ചൊവ്വാഴ്ച രാജസ്ഥാന്‍ റോയല്‍സിനെ നേരിടുമ്പോള്‍ മുംബൈയ്ക്ക് മുട്ടിടിക്കുന്നതിന് കാരണവും ഇത് തന്നെ.
ആകെ 14 മത്സരങ്ങള്‍ പരസ്പരം കളിച്ചതില്‍ 8 - 5 ന്റെ ലീഡ് മുംബൈയ്ക്ക് ഉണ്ട്. ഒരു കളി ഉപേക്ഷിക്കപ്പെട്ടു. ഈ ചരിത്രത്തില്‍ വിശ്വാസം അര്‍പ്പിച്ചാകും രോഹിത് ശര്‍മയും കൂട്ടരും കളിക്കാന്‍ ഇറങ്ങുക. ബാറ്റിംഗ് നിരയുടെ ഫോമൗട്ടാണ് മുംബൈയുടെ പ്രധാന പ്രശ്‌നം. രോഹിത് ശര്‍മ ഒഴികെ കാര്യമായ സംഭാവന ആരും നല്‍കുന്നില്ല. രോഹിതാകട്ടെ കഴിഞ്ഞ കളിയില്‍ പൂജ്യത്തിന് പുറത്തായിരുന്നു.

കീരണ്‍ പൊളാര്‍ഡ്, ലസിത് മലിംഗ, കോറി ആന്‍ഡേഴ്‌സണ്‍, ആരോണ്‍ ഫിഞ്ച് തുടങ്ങിയ വന്‍ താരങ്ങള്‍ ഫോമിലെത്താത്തതാണ് മുംബൈയുടെ തലവേദന. അമ്പാട്ടി റായിഡുവും വന്‍ പരാജയമാണ് ഇതുവരെ. മറുവശത്ത് ചെറുപ്പക്കാരുടെ തണലിലാണ് രാജസ്ഥാന്‍ കളികള്‍ ജയിക്കുന്നത്. ദീപക് ഹൂഡയാണ് ഇവരില്‍ പ്രധാനി. മലയാളി താരം സഞ്ജു സാംസണ് ഇനിയും ഫോമിലെത്താന്‍ പറ്റിയിട്ടില്ല.
2008 ലാണ് ഇരുടീമുകളും ആദ്യമായി പരസ്പരം വന്നത്. അന്ന് രാജസ്ഥാന്‍ ജയിച്ചു. അടുത്ത കളി മുംബൈ ജയിച്ചു. 2009 ലും രണ്ട് ടീമുകളും ഓരോ കളി ജയിച്ചു. 2010 ല്‍ മുംബൈ രണ്ട് തവണ രാജസ്ഥാനെ തോല്‍പിച്ചു. 2011ല്‍ ഇരട്ടവിജയത്തോടെ രാജസ്ഥാന്‍ തിരിച്ചടിച്ചു. 2012 ന് ശേഷം ഒരേയൊര് കളിയില്‍ മാത്രമേ മുംബൈ രാജസ്ഥാനോട് തോറ്റിട്ടുള്ളൂ. 2013 ലായിരുന്നു അത്.