ചെന്നൈ: ലോകത്ത് ഏറ്റവും കൂടുതല്‍ ട്വന്റി - 20 മത്സരങ്ങള്‍ കളിച്ച ടീം - ഐ പി എല്‍ എന്ന ഇട്ടാവട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് കളിച്ചുനേടിയത് ഈ ലോകറെക്കോര്‍ഡാണ്. ഐ പി എല്ലിലും ചാമ്പ്യന്‍സ് ലീഗിലുമായി എം എസ് ധോണിയുടെ മഞ്ഞപ്പട തികച്ചത് 150 മത്സരങ്ങളാണ്. ഇതില്‍ എല്ലാ കളിയിലും കളിച്ച സുരേഷ് റെയ്‌നയ്ക്കും ഉണ്ട് ഒരു റെക്കോര്‍ഡ്.
2008 ല്‍ ഐ പി എല്‍ തുടങ്ങിയ കാലം മുതല്‍ ക്യാപ്റ്റന്‍ എം എസ് ധോണിയും സുരേഷ് റെയ്‌നയും ചെന്നൈ സൂപ്പര്‍ കിംഗ്‌സിനൊപ്പം ഉണ്ട്. ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനാണ് ടീമിനൊപ്പം തുടക്കം മുതലുള്ള മറ്റൊരാള്‍. മാത്യു ഹെയ്ഡന്‍, മൈക് ഹസി, ഡഗ് ബൊളിഞ്ചര്‍ തുടങ്ങിയ വിദേശി താരങ്ങളായിരുന്നു ചെന്നെ സൂപ്പര്‍ കിംഗ്‌സിന് ആദ്യ കാലത്ത് ശക്തി.

ബ്രണ്ടന്‍ മക്കുല്ലം, ഫാഫ് ഡുപ്ലിസി, ഡ്വെയ്ന്‍ സ്മിത്ത്, ബ്രാവോ എന്നിവരാണ് നിലവില്‍ ചെന്നൈയുടെ വിദേശി താരങ്ങള്‍. കൂട്ടിന് ജഡേജ, നെഹ്‌റ, മോഹിത് ശര്‍മ തുടങ്ങിയ ഇന്ത്യന്‍ താരങ്ങളും. ഐ പി എല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സ്ഥിരത പുലര്‍ത്തുന്ന ടീമാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. രണ്ട് ഐ പി എല്‍ കിരിടങ്ങളും രണ്ട് ചാമ്പ്യന്‍സ് ലീഗും ചെന്നൈയുടെ കൈവശമുണ്ട്. കഴിഞ്ഞില്ല, കളിച്ച 7 ഐ പി എല്‍ സീസണുകളിലും പ്ലേ ഓഫിലെത്തിയ ഏക ടീം കൂടിയാണ് ചെന്നൈ കിംഗ്‌സ്.
എന്‍ ശ്രീനിവാസനും മരുമകന്‍ ഗുരുനാഥ് മെയ്യപ്പനും കൂടി ഒത്തുകളി വിവാദങ്ങളും ചെന്നൈയുടെ പേരില്‍ ഉണ്ടാക്കിയിട്ടുണ്ട്. ഒത്തുകളിക്കേസില്‍ പേര് വന്നിട്ടും ചെന്നൈ ടീമിന്റെ ആരാധകരില്‍ അത് ഒരു പ്രയാസവും ഉണ്ടാക്കിയിട്ടില്ല. ഏറ്റവും കൂടുതല്‍ ആരാധകരുള്ള ടീമാണ് ചെന്നൈ. എന്നാല്‍ ലോകറെക്കോര്‍ഡ് തികച്ച 150 ആമത്തെ മത്സരത്തില്‍ ചെന്നൈ മുംബൈ ഇന്ത്യന്‍സിനോട് സ്വന്തം ഗ്രൗണ്ടില്‍ തോറ്റുപോയി.