IND vs ENG: യുവതാരങ്ങളെ നിര്‍മിക്കുന്ന മെഷീന്‍ ഇന്ത്യക്കുണ്ട്! പ്രകടനത്തില്‍ കണ്ണുതള്ളി ഇന്‍സമാം

ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന ടീം ഇന്ത്യയെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് പാകിസ്താന്റെ മുന്‍ ക്യാപ്റ്റനും ഇതിഹാസ ബാറ്റ്‌സ്മാനുമായ ഇന്‍സമാമുള്‍ ഹഖ്. ടീമിനു വേണ്ടി അരങ്ങേറ്റം കുറിക്കുന്ന താരങ്ങളെല്ലാം അവിസ്മരണീയ പ്രകടനമാണ് കാഴ്ചവയ്ക്കുന്നതെന്നും യുവതാരങ്ങളെ നിര്‍മിക്കുന്ന പ്രത്യേക മെഷീന്‍ ഇന്ത്യ കണ്ടു പിടിച്ചിട്ടുണ്ടെന്നാണ് തോന്നുന്നതെന്നും ഇന്‍സി അഭിപ്രായപ്പെട്ടു.
ഇംഗ്ലണ്ടുമായുള്ള ആദ്യ ഏകദിനത്തില്‍ അരങ്ങേറിയ ക്രുനാല്‍ പാണ്ഡ്യയും പ്രസിദ്ധ് കൃഷ്ണയും മിന്നുന്ന പ്രകടനത്തിലൂടെ ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക പങ്കു വഹിച്ചിരുന്നു. നേരത്തേ ടി20 പരമ്പരയില്‍ അരങ്ങേറ്റക്കാരായ ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ് എന്നിവരും കസറിയിരുന്നു.

ഇന്ത്യയുടെ പക്കല്‍ മെഷീനുണ്ട്
പുതിയ കളിക്കാരെ വാര്‍ത്തെടുക്കുന്ന പ്രത്യേകതരം മെഷീന്‍ ഇന്ത്യയുടെ പക്കലുണ്ടെന്നാണ് തോന്നുന്നതെന്നു ഇന്‍സി തമാശയായി പറഞ്ഞു. ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിലും രണ്ടു താരങ്ങള്‍ ഇന്ത്യക്കു വേണ്ടി അരങ്ങേറിയിരുന്നു. ഇരുവരും നന്നായി പെര്‍ഫോം ചെയ്യുകയും ചെയ്തു. മികച്ച പ്രകടനം നടത്തിയാല്‍ മാത്രമേ ടീമില്‍ തുടരാന്‍ കഴിയൂവെന്നു സീനിയര്‍ താരങ്ങള്‍ക്കുള്ള മുന്നറിയിപ്പ് കൂടിയാണിതെന്നും ഇന്‍സി ചൂണ്ടിക്കാട്ടി.

യുവതാരങ്ങളുടെ പ്രകടനം
കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനം മുതല്‍ ഇന്ത്യക്കു വേണ്ടി ഓരോ ഫോര്‍മാറ്റിലും യുവതാരങ്ങള്‍ ഉയര്‍ന്നു വരുന്നതായും അസാധാരണ പ്രകടനം ഇവര്‍ കാഴ്ചവയ്ക്കുന്നതായും ഞാന്‍ ശ്രദ്ധിച്ചു കൊണ്ടിരിക്കുകയാണ്. സീനിയേഴ്‌സിന് അവരുടേതായ റോളുകളുണ്ട്. എന്നാല്‍ ജൂനിയേഴ്‌സും അവര്‍ക്കൊപ്പമെത്തുന്ന തരത്തില്‍ പെര്‍ഫോം ചെയ്യുമ്പോള്‍ ഈ ടീം എത്ര മാത്രം മികച്ചതാണെന്നു നമുക്ക് കാണാന്‍ കഴിയും. യുവതാരങ്ങള്‍ കാരണം കഴിഞ്ഞ ആറു മാസമായി ഇന്ത്യയുടെ പ്രകടനം വളരെ മികച്ചതായി മാറിയിട്ടുണ്ടെന്നും ഇന്‍സി തന്റെ യൂട്യൂബ് ചാനലില്‍ വിശദമാക്കി.

പ്രസിദ്ധിനെ പുകഴ്ത്തി
ആദ്യ ഏകദിനത്തില്‍ ഇംഗ്ലണ്ടിനെതിരേ നാലു വിക്കറ്റുകളെടുത്ത അരങ്ങേറ്റക്കാരയനായ പേസര്‍ പ്രസിദ്ധ് കൃഷ്ണയെ ഇന്‍സി അഭിനന്ദിച്ചു. ഇത്തരം പ്രകടനങ്ങള്‍ ടീമിലെ സീനിയര്‍ താരങ്ങളെപ്പോലും സമ്മര്‍ദ്ദത്തിലാക്കും.
ഇന്ത്യക്കു വിക്കറ്റ് ആവശ്യമായി വന്നപ്പോള്‍, കൃഷ്ണയെന്ന ആദ്യ മല്‍സരം കളിക്കുന്ന യുവാവ് നാലു വിക്കറ്റുകള്‍ വീഴ്ത്തി. ഞാന്‍ വീണ്ടും പറയട്ടെ, ഇന്ത്യ എല്ലാ ഫോര്‍മാറ്റിലും മികച്ച യുവതാരങ്ങളെ വാര്‍ത്തെടുക്കുന്ന ഒരു മെഷീന്‍ കണ്ടെത്തിയിട്ടുണ്ടെന്നും ഇന്‍സി കൂട്ടിച്ചേര്‍ത്തു.

ഇംഗ്ലണ്ട് നിഷ്പ്രഭരായി
എത്ര ഉയര്‍ന്ന നിലവാരത്തിലുള്ള ക്രിക്കറ്റാണ് ഇപ്പോള്‍ ഇന്ത്യ കളിച്ചുകൊണ്ടിരിക്കുന്നത്. കരുത്തരായ ഇംഗ്ലണ്ടിനെതിരേ പോലും വളരെ ഈസിയായാണ് ഇന്ത്യ ജയിക്കുന്നത്. ആദ്യ ഏകദിനത്തില്‍ ഇംഗ്ലണ്ടിന്റെ ഓപ്പണിങ് സഖ്യം വലിയ കൂട്ടുകെട്ടുണ്ടാക്കിയപ്പോള്‍ ഇന്ത്യക്കു കടുപ്പമാവുമെന്നായിരുന്നു കരുതിയത്. എന്നാല്‍ പിന്നീട് ഇന്ത്യന്‍ ബൗളര്‍മാര്‍ അവര്‍ക്കു ശ്വാസം വിടാനുള്ള ഇടം പോലും അനുവദിച്ചില്ലെന്നും ഇന്‍സി പറഞ്ഞു.

രാഹുല്‍-ക്രുനാല്‍ കൂട്ടുകെട്ട്
കെഎല്‍ രാഹുല്‍-ക്രുനാല്‍ പാണ്ഡ്യ കൂട്ടുകെട്ടാണ് ഇംഗ്ലണ്ടില്‍ നിന്നും ആദ്യ ഏകദിനം തട്ടിയെടുതത്തെന്നു ഇന്‍സി ചൂണ്ടിക്കാട്ടി. 112 റണ്‍സ് ഇരുവരും അടിച്ചെടുത്തിരുന്നു.
ആദ്യ ഏകദിനത്തില്‍ വലിയ വ്യത്യാസമുണ്ടാവാന്‍ കാരണം കെഎല്‍ രാഹുലും ക്രുനാല്‍ പാണ്ഡ്യയുമാണ്. കളിയിലെ ടേണിങ് പോയിന്റും അതായിരുന്നു. ഇന്ത്യ 270-280 റണ്‍സായിരുന്നു നേടിയതെങ്കില്‍ ഇംഗ്ലണ്ട് അതു ചേസ് ചെയ്യുമായിരുന്നു. എന്നാല്‍ 30 റണ്‍സിന്റെ വ്യത്യാസം ടീം ടോട്ടലിലുണ്ടാവാന്‍ കാരണം കാരണം 31 ബോളില്‍ നിന്നും 58 റണ്‍സെടുത്ത ക്രുനാലാണെന്നും ഇന്‍സി വിശദമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications