ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര ടെസ്റ്റ് പരമ്പര ആഗസ്റ്റ് നാലിന് ആരംഭിക്കാനിരിക്കെ കൗണ്ടി ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച് ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍. ഇംഗ്ലണ്ട് പരമ്പരയില്‍ ഇന്ത്യയുടെ വജ്രായുധമായ അശ്വിന്‍ പരമ്പരക്ക് മുമ്പായി ഇംഗ്ലണ്ടിലെ സാഹചര്യം കൂടുതല്‍ മനസിലാക്കുന്നതിനായാണ് കൗണ്ടിയില്‍ സറേക്കായി കളിക്കാന്‍ പോയത്. മത്സരത്തിലെ ആദ്യ ഓവര്‍ എറിഞ്ഞത് അശ്വിനായിരുന്നു. 11 വര്‍ഷത്തിന് ശേഷം ആദ്യമായാണ് ഒരു സ്പിന്നര്‍ കൗണ്ടി ക്രിക്കറ്റില്‍ ആദ്യ ഓവര്‍ പന്തെറിയുന്നത്. ഇതിന് മുമ്പ് 2010ല്‍ ന്യൂസീലന്‍ഡിന്റെ ജീതന്‍ പട്ടേല്‍ ഈ നേട്ടത്തിലെത്തിയിരുന്നു.
ഇംഗ്ലണ്ട് താരം റോറി ബേണ്‍സാണ് സറേയെ നയിക്കുന്നത്. ആദ്യ ദിനം 28 ഓവര്‍ പന്തെറിഞ്ഞ അശ്വിന്‍ അഞ്ച് മെയ്ഡനടക്കം 70 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റാണ് വീഴ്ത്തിയത്. അഞ്ച് ബൗണ്ടറികളും അശ്വിന്‍ വഴങ്ങി. സോമര്‍സെറ്റിന്റെ മൂന്നാം നമ്പര്‍ ബാറ്റ്‌സ്മാന്‍ ടോം ലമോന്‍ബിയെ(42) ക്ലീന്‍ബൗള്‍ഡ് ചെയ്താണ് അശ്വിന്‍ സറേക്കൊപ്പം ആദ്യ വിക്കറ്റ് നേട്ടം ആഘോഷിച്ചത്. ആദ്യ ദിനം കളിനിര്‍ത്തുമ്പോള്‍ സോമര്‍സെറ്റ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 280 റണ്‍സെന്ന നിലയിലാണ്.

ആര്‍ അശ്വിന്‍ കൗണ്ടി കളിക്കുന്നത് ഇന്ത്യക്കും വളരെ ഗുണം ചെയ്‌തേക്കും. ഇംഗ്ലണ്ട് പരമ്പരയില്‍ ഇന്ത്യയുടെ പ്ലേയിങ് 11ല്‍ സ്പിന്നറായി അശ്വിന്‍ മാത്രം ഇറങ്ങാനാണ് സാധ്യത. ഇംഗ്ലണ്ടിലെ സാഹചര്യത്തില്‍ ബാറ്റിങ് കരുത്ത് അത്യാവശ്യമായതിനാല്‍ ഇന്ത്യ ഒരു അധിക ബാറ്റ്‌സ്മാനെ പരിഗണിച്ചേക്കും. അങ്ങനെ വന്നാല്‍ സീനിയര്‍ താരമെന്ന നിലയില്‍ അശ്വിന്‍ സ്ഥാനം നിലനിര്‍ത്തുമ്പോള്‍ രവീന്ദ്ര ജഡേജക്ക് പുറത്തിരിക്കേണ്ടി വന്നേക്കും.
പരമ്പരക്ക് മുന്നോടിയായി ഇന്ത്യ സന്നാഹ മത്സരം ആവിശ്യപ്പെട്ടിട്ടുണ്ട്. ഇംഗ്ലണ്ട് ആന്റ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ് അത് അനുവദിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ശ്രീലങ്കന്‍ ക്യാംപിലെ ഏഴോളം അംഗങ്ങള്‍ക്ക് കോവിഡ് പോസിറ്റീവായ സാഹചര്യത്തില്‍ സന്നാഹ മത്സരം കളിക്കുന്ന കാര്യം സംശയത്തിലാണ്. നിലവില്‍ ഇംഗ്ലണ്ടില്‍ ഇടവേള ആഘോഷിക്കുകയാണ് ഇന്ത്യന്‍ ടീം. ബയോബബിള്‍ സുരക്ഷക്ക് പുറത്തുള്ള ഇന്ത്യന്‍ ടീം ഈ മാസം 17ഓടെയാവും ബയോബബിള്‍ സുരക്ഷയില്‍ തിരിച്ച് പ്രവേശിക്കുക.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ തോല്‍വി ഇന്ത്യയെ സംബന്ധിച്ച് കടുത്ത നിരാശയുണ്ടാക്കുന്നതാണ്. ഇത് മറക്കാന്‍ ഇന്ത്യക്ക് ഇംഗ്ലണ്ട് പരമ്പര നിര്‍ണ്ണായകമാണ്. അതേ സമയം ന്യൂസീലന്‍ഡിനോട് പരമ്പര കൈവിട്ട് ഇംഗ്ലണ്ടിനും ഇന്ത്യന്‍ പരമ്പര നേടേണ്ടതായുണ്ട്. ഡിസംബറില്‍ ആഷസ് നടക്കാനിരിക്കെ ഇനിയുള്ള മത്സരങ്ങള്‍ ഇംഗ്ലണ്ടിന് നിര്‍ണ്ണായകമാണ്. ഇന്ത്യന്‍ പരമ്പരകൂടി തോറ്റാല്‍ ജോ റൂട്ടിനെ നായകസ്ഥാനത്ത് നിന്ന് മാറ്റാനും സാധ്യതയുണ്ട്.