ഹിറ്റ്മാന്‍ ഇനി റണ്‍മാന്‍... സ്റ്റാറായി വീണ്ടും സ്റ്റാര്‍ക്ക്, ഇവര്‍ ഇംഗ്ലണ്ട് കീഴടക്കിയവര്‍
ലണ്ടന്‍: ക്രിക്കറ്റ് ലോകത്തെ ആവേശത്തിലാറാടിച്ച ഐസിസിയുടെ ഏകദിന ലോകകപ്പിന് ഒടുവില്‍ തിരശീല വീണിരിക്കുകയാണ്. കാണികള്‍ ആഗ്രഹിച്ച ത്രസിപ്പിക്കുന്ന ക്ലൈമാക്‌സിനൊടുവിലാണ് ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ട് വിശ്വവിജയികളായത്. 48 മല്‍സരങ്ങളാണ് ടൂര്‍ണമെന്റിലുണ്ടായിരുന്നത്.
നിരവധി റെക്കോര്‍ഡുകള്‍ കുറിക്കപ്പെട്ട ടൂര്‍ണമെന്റ് കൂടിയാണിത്. ലോകകപ്പില്‍ ഒരിക്കലും പഴങ്കഥയാവില്ലെന്നു കരുതപ്പെട്ടിരുന്ന ചില റെക്കോര്‍ഡുകള്‍ ഇത്തവണ ഇംഗ്ലണ്ടില്‍ പിറന്നതിന് ലോകം സാക്ഷിയായി. ചില താരങ്ങള്‍ വ്യക്തിഗത പ്രകടനത്തിലൂടെ കാണികളെ വിസ്മയിപ്പിക്കുക തന്നെ ചെയ്തു. ടൂര്‍ണമെന്റില്‍ തിളക്കമാര്‍ന്ന പ്രകടനത്തിലൂടെ പുരസ്‌കാരത്തിന് അവകാശിയായവര്‍ ആരൊക്കെയെന്നു നോക്കാം.

കൂടുതല്‍ റണ്‍സ്
ലോകകപ്പില്‍ റണ്‍വേട്ടയില്‍ മുന്നിലെത്തിയത് ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണറും വൈസ് ക്യാപ്റ്റനുമായ രോഹിത് ശര്‍മയായിരുന്നു. ഒമ്പത് മല്‍സരങ്ങളില്‍ നിന്നും 648 റണ്‍സാണ് ഹിറ്റ്മാന്‍ വാരിക്കൂട്ടിയത്. 81 ശരാശരിയിലാണ് അദ്ദേഹം ഇത്രയും റണ്‍സെടുത്തത്. 67 ബൗണ്ടറികളും 14 സിക്‌സറുകളും രോഹിത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. ഒരു റണ്‍സ് മാത്രം പിറകിലായി ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ രോഹിതിന് തൊട്ടു പിന്നിലെത്തി.

കൂടുതല്‍ വിക്കറ്റ്
ടൂര്‍ണമെന്റില്‍ ഏറ്റവുമധികം വിക്കറ്റുകള്‍ കൊയ്ത് ഓസ്‌ട്രേലിയന്‍ പേസര്‍ മിച്ചെല്‍ സ്റ്റാര്‍ക്കാണ്. 27 വിക്കുകളാണ് സ്റ്റാര്‍ക്ക് കൊയ്തു കൂട്ടിയത്. 10 മല്‍സരങ്ങളില്‍ നിന്നാണ് അദ്ദേഹം ഇത്രയും വിക്കറ്റുകളെടുത്തത്. രണ്ടു വീതം തവണ അഞ്ച് വിക്കറ്റ് നേട്ടവും നാലു വിക്കറ്റ് നേട്ടവും ഇതിലുള്‍പ്പെടുന്നു.
തുടര്‍ച്ചയായി രണ്ടാം ലോകകപ്പിലാണ് സ്റ്റാര്‍ക്ക് വിക്കറ്റ് കൊയ്ത്തില്‍ ഒന്നാമതെത്തുന്നത്. 2015ലെ കഴിഞ്ഞ ലോകകപ്പിലും സ്റ്റാര്‍ക്കായിരുന്നു തലപ്പത്ത്.

പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ്
ലോക കിരീടം കൈയെത്തുംദൂരത്ത് കൈവിട്ടു പോയെങ്കിലും മുന്നില്‍ നിന്നു പട നയിച്ച ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണാണ് പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായി തിരഞ്ഞെടുക്കപ്പെട്ടത്. 578 റണ്‍സാണ് വില്ല്യംസണ്‍ ടൂര്‍ണമെന്റില്‍ നേടിയത്.
ബാറ്റിങ് മികവ് മാത്രമല്ല, ക്യാപ്റ്റന്‍സിയിലെ മിടുക്ക് കൂടിയാണ് അദ്ദേഹത്തെ ടൂര്‍ണമെന്റിന്റെ താരമാക്കിയത്.

ഉയര്‍ന്ന സ്‌കോര്‍
ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരന്‍ രോഹിത്താണെങ്കിലും ഉയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന റെക്കോര്‍ഡ് ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ക്ക് അവകാശപ്പെട്ടതാണ്. ബംഗ്ലാദേശിനെതിരായ മല്‍സരത്തില്‍ വാര്‍ണര്‍ നേടിയ 166 റണ്‍സാണ് ടൂര്‍ണമെന്റിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍. 147 പന്തില്‍ 14 ബൗണ്ടറികളും ആറു സിക്‌സറുമടക്കമാണ് അദ്ദേഹം ഇത്രയും റണ്‍സെടുത്തത്. 153 റണ്‍സ് വീതമെടുത്ത ഓസീസിന്റെ തന്നെ ക്യാപ്റ്റന്‍ കൂടിയായ ആരോണ്‍ ഫിഞ്ച്, ഇംഗ്ലീഷ് ഓപ്പണര്‍ ജാസണ്‍ റോയ് എന്നിവര്‍ രണ്ടാംസ്ഥാനം പങ്കിടുകയാണ്.

സെഞ്ച്വറി വീരന്‍
വ്യക്തിഗത സെഞ്ച്വറികളുടെ എണ്ണത്തില്‍ ലോക റെക്കോര്‍ഡാണ് ടൂര്‍ണമെന്റില്‍ കുറിക്കപ്പെട്ടത്. അഞ്ചു സെഞ്ച്വറികളാണ് ടൂര്‍ണമെന്റില്‍ രോഹിത് വാരിക്കൂട്ടിയത്. ഒരു എഡിഷനില്‍ ഇതാദ്യമായാണ് ഒരു താരം ഇത്രയും സെഞ്ച്വറികള്‍ നേടിയത്.
2015ലെ ലോകകപ്പില്‍ ശ്രീലങ്കയുടെ മുന്‍ നായകനും ഇതിഹാസ താരവുമായ കുമാര്‍ സങ്കക്കാര കുറിച്ച നാലു സെഞ്ച്വറികളെന്ന റെക്കോര്‍ഡാണ് രോഹിത് പഴങ്കഥയാക്കിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications