ദില്ലി: സന്ദേശം സിനിമയില്‍ ശ്രീനിവാസന്റെ പാര്‍ട്ടി തോല്‍ക്കുമ്പോള്‍ ശങ്കരാടിയുടെ കഥാപാത്രം അതേക്കുറിച്ച് നടത്തുന്ന ഒരു അവലോകനമുണ്ട്. രാഷ്ട്രീയ സാഹചര്യങ്ങള്‍ മാറിമറിഞ്ഞിട്ടും ആ അവസ്ഥയ്ക്ക് ഇന്നും മാറ്റം വന്നിട്ടില്ല. സൗത്ത് ആഫ്രിക്കയില്‍ ക്രിക്കറ്റ് കളിക്കാന്‍ പോയ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ആദ്യ രണ്ട് ടെസ്റ്റുകളില്‍ തോറ്റു കഴിഞ്ഞപ്പോള്‍ ഇത്തരമൊരു അവസ്ഥയിലാണ് രാജ്യത്തെ ക്രിക്കറ്റ് ഭരണാധികാരികളായ ബിസിസിഐ. കേപ്ടൗണിലും, സെഞ്ചൂറിയനിലും എന്ത് കൊണ്ട് തോറ്റു എന്ന് പഠിക്കാന്‍ ബിസിസിഐ പാനലിനെ നിയോഗിക്കുകയാണ്.
ഫെര്‍ഗി യുഗത്തിനു ശേഷം അടിമുടി ഉടച്ചുവാര്‍ത്ത് യുനൈറ്റഡ്... വാരിയെറിഞ്ഞത് കോടികള്‍
ടീം മാനേജറുടെ സമ്പൂര്‍ണ്ണ റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഉടന്‍ ഈ അവലോകനം ആരംഭിക്കുമെന്ന് ഒരു ബിസിസിഐ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. താരങ്ങളും, മറ്റ് ഒഫീഷ്യലുകളും സൗത്ത് ആഫ്രിക്കയില്‍ ആയതിനാല്‍ തല്‍ക്കാലം കാത്തിരിക്കാതെ മാര്‍ഗ്ഗമില്ലെന്നും ദില്ലിയില്‍ ചേര്‍ന്ന അഡ്മിനിസ്‌ട്രേറ്റേഴ്‌സ് കമ്മിറ്റി യോഗത്തില്‍ പങ്കെടുത്ത ശേഷം ഇദ്ദേഹം വ്യക്തമാക്കി. സിഒഎ ചീഫ് വിനോദ് റായി, അംഗം ഡയാന എഡുല്‍ജി, ബിസിസിഐ സിഇഒ രാഹുല്‍ ജോഹ്‌റി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

ആക്ടിംഗ് പ്രസിഡന്റ് സികെ ഖന്നയും, ആക്ടിംഗ് സെക്രട്ടറി അമിതാഭ് ചൗധരിയും ഉള്‍പ്പെടെ മറ്റ് ബിസിസിഐ ഓഫീസ് ഭാരവാഹികളെ ആരെയും യോഗത്തിലേക്ക് ക്ഷണിച്ചിരുന്നില്ല. സൗത്ത് ആഫ്രിക്കയില്‍ കളിക്കാന്‍ ഇറങ്ങും മുന്‍പ് ടീമിന്റെ പരിശീലനം ശരിയായില്ലെന്നാണ് മുന്‍ താരങ്ങള്‍ അഭിപ്രായപ്പെടുന്നത്. ശ്രീലങ്കയെ നാട്ടില്‍ കളിക്കാന്‍ വിളിച്ചുവരുത്തിയതും തെറ്റായെന്ന് ഹര്‍ഭജന്‍ സിംഗും വ്യക്തമാക്കിയിരുന്നു.
മുന്നൊരുക്കത്തിന് 10 ദിവസം കൂടി ലഭിച്ചിരുന്നെങ്കില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകുമായിരുന്നെന്ന് കോച്ച് രവി ശാസ്ത്രിയും കുറ്റസമ്മതം നടത്തിയിട്ടുണ്ട്. എന്തായാലും ശമ്പള വര്‍ദ്ധനവിന്റെ കാര്യങ്ങളില്‍ ചര്‍ച്ച നടക്കുന്ന ഈ സമയത്ത് വാങ്ങിക്കൂട്ടിയ തോല്‍വി അധികൃതര്‍ കാര്യമായി എടുക്കുന്ന ലക്ഷണമാണ്. അങ്ങിനെയെങ്കില്‍ റാഡിക്കലായിട്ടുള്ള മാറ്റം തന്നെ പ്രതീക്ഷിക്കാം.