IND vs SL: സഞ്ജു ഉടന്‍ ലങ്ക വിടും! ഈ വര്‍ഷം ഇനി കളിക്കുമോ? സാധ്യതകള്‍ ഇങ്ങനെ
ഇന്ത്യന്‍ ടീമിനൊപ്പം ശ്രീലങ്കന്‍ പര്യടനത്തില്‍ കാര്യമായ ഇംപാക്ടുണ്ടാക്കാന്‍ സാധിക്കാതെ പോയ മലയാളി താരം സഞ്ജു സാംസണിനു വീണ്ടുമൊരു അവസരം ലഭിക്കുമോയന്നാണ് ആരാധകരുടെയെല്ലാം പ്രധാന ആശങ്ക. മൂന്നു ടി20കളുകളുടെ പരമ്പരയില്‍ ഒന്നില്‍ മാത്രമേ അദ്ദേഹം ഇതിനകം കളിച്ചിട്ടുള്ളൂ. അതിലാവട്ടെ ഗോള്‍ഡന്‍ ഡെക്കാവുകയും ചെയ്തു. മൂന്നാമത്തെയും അവസാനത്തെയും കളിയിലാവട്ടെ സഞ്ജുവിനു ഇടമുണ്ടാവുമോയെന്നു ഇനിയും ഉറപ്പായിട്ടില്ല.
മൂന്നാം ടി20യില്‍ കളിച്ചാലും ഇല്ലെങ്കിലും ലങ്കന്‍ മണ്ണില്‍ നിന്നും മടങ്ങാനൊരുങ്ങുകയാണ് സഞ്ജു. കാരണം ഈയാഴ്ച ആരംഭിക്കുന്ന മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയില്‍ അദ്ദേഹം ടീമിന്റെ ഭാഗമല്ല. കെഎല്‍ രാഹുലും റിഷഭ് പന്തുമാണ് വിക്കറ്റ് കീപ്പര്‍മാരായി ഇന്ത്യന്‍ സംഘത്തിലുള്ളത്. അതുകൊണ്ടു തന്നെ സഞ്ജുവിനു ഇനി ഇവിടെ നിന്നിട്ടു കാര്യവുമില്ല.

ലങ്കന്‍ പര്യടനത്തിനു ശേഷം വീണ്ടുമൊരു വൈറ്റ് ബോള്‍ പരമ്പരയില്‍ അദ്ദേഹത്തിനു ഇടം ലഭിക്കുമോയെന്നതു കാത്തിരുന്നു തന്നെ കാണേണ്ടതാണ്. കോച്ച് ഗൗതം ഗംഭീറിന്റെയും ടി20 ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്, ഏകദിന നായകന്‍ രോഹിത് ശര്‍മ എന്നിവരുടെയും പിന്തുണ ഇക്കാര്യത്തില്‍ വളരെ നിര്‍ണായകമായി മാറുകയും ചെയ്യും.
ഈ വര്‍ഷം ഇനി ഇന്ത്യക്കു അധികം വൈറ്റ് ബോള്‍ പരമ്പരകള്‍ ഇല്ലെന്നതാണ് സഞ്ജുവിനെ ആശങ്കയിലാക്കുന്ന ഘടകം. രണ്ടു ടി20 പരമ്പര കൂടി മാത്രമേ ഈ വര്‍ഷം ഇനി ഇന്ത്യക്കു ബാക്കിയുള്ളൂ. ഏകദിനത്തിലാവട്ടെ ലങ്കയുമായുള്ള പരമ്പരയ്ക്കു ശേഷം ഈ വര്‍ഷം ഒരു പരമ്പര പോലും ഇന്ത്യ കളിക്കുകയും ചെയില്ല. 2024ല്‍ ഇന്ത്യക്കു ഇനി ശേഷിക്കുന്നതെല്ലാം ടെസ്റ്റ് പരമ്പരകളാണ്.
ലങ്കന്‍ പര്യടനത്തിനു ശേഷം ഇന്ത്യന്‍ ടീമിനു ചെറിയൊരു ബ്രേക്കാണ്. സപ്തംബര്‍- ഒക്ടോബര്‍ മാസങ്ങളിലായി ബംഗ്ലാദേശുമായി നാട്ടിലാണ് അടുത്ത പരമ്പര. രണ്ടു ടെസ്റ്റുകളും മൂന്നു ടി20കളുമാണ് ബംഗ്ലാദേശ് ടീം ഇന്ത്യയില്‍ കളിക്കുക. സപ്തംബര്‍ 19നാണ് ആദ്യ ടെസ്റ്റിനു തുടക്കമാവുന്നത്. അതിനു ശേഷം ഒക്ടോബര്‍ ആറു മുതലാണ് ടി20 പരമ്പര. ഒക്ടോബര്‍ 12നു പരമ്പര അവസാനിക്കുകയും ചെയ്യും.
അതിനു ശേഷം ന്യൂസിലാന്‍ഡുമായി മൂന്നു ടെസ്റ്റുകളില്‍ ഇന്ത്യ ഏറ്റുമുട്ടും. തുടര്‍ന്ന് സൗത്താഫ്രിക്കയുമായി അവരുടെ നാട്ടില്‍ നാലു ടി20കളുടെ പരമ്പരയാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. ഈ വര്‍ഷം ഇന്ത്യയുടെ അവസാനത്തെ വൈറ്റ് ബോള്‍ പരമ്പരയും ഇതു തന്നെയാണ്. അതുകൊണ്ടു തന്നെ സഞ്ജുവിനെ സംബന്ധിച്ച് ഈ വര്‍ഷം പരമാവധി കളിക്കാന്‍ സാധിക്കുക ഏഴു ടി20കള്‍ മാത്രമാണ്.

ബംഗ്ലാദേശുമായുള്ള അടുത്ത ടി20 പരമ്പരയില്‍ കൂടി സഞ്ജുവിനു ടീമില്‍ അവസരം ലഭിക്കാന്‍ തന്നെയാണ് സാധ്യത. കാരണം ടി20 പരമ്പരയ്ക്കു മുമ്പ് രണ്ടു ടെസ്റ്റുകളില്‍ ഇരുടീമുകളും ഏറ്റുമുട്ടുന്നുണ്ട്. ഈ പരമ്പരയില്‍ ടീമിന്റെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് തന്നെയായിരിക്കും. അതിനാല്‍ തന്നെ ടി20 പരമ്പരയില്‍ അദ്ദേഹത്തിനു വിശ്രമം നല്‍കാനുള്ള സാധ്യതയും കൂടുതലാണ്.
അങ്ങനെയെങ്കില്‍ സഞ്ജുവിനായിരിക്കും പ്രഥമ പരിഗണന ലഭിച്ചേക്കുക. ഒരുപക്ഷെ അദ്ദേഹത്തിന്റെ അവസാനത്തെ കച്ചിത്തുരുമ്പും ഇതു തന്നെയായിരിക്കും. സഞ്ജുവിന്റെ കഴിവില്‍ ഗംഭീറിനു വലിയ മതിപ്പാണുള്ളത്. അതുകൊണ്ടു തന്നെ അദ്ദേഹത്തിനു ബംഗ്ലാദേശുമായുള്ള പരമ്പരയില്‍ അദ്ദേഹം അവസരം നല്‍കാന്‍ തന്നെയാണ് സാധ്യത.
അങ്ങനെ വന്നാല്‍ അതു ഏറ്റവും നന്നായി മുതലെടുക്കാന്‍ തന്നെ സഞ്ജു ശ്രമിക്കണം. പ്ലെയിങ് ഇലവനില്‍ അവസരം ലഭിച്ചാല്‍ രണ്ടു ഫിഫ്റ്റികളെങ്കിലും നേടിയാല്‍ അദ്ദേഹത്തിനു ഗംഭീറിന്റെയും സെലക്ടര്‍മാരുടെയും വിശ്വാസം നേടിയെടുക്കാന്‍ സാധിക്കും. മറിച്ചാണെങ്കില്‍ വീണ്ടുമൊരു ഐപിഎല്‍ വരെ സഞ്ജുവിനു കാത്തിരിക്കേണ്ടിയും വരും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications