ഓസ്‌ട്രേലിയക്കെതിരേ വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ടീം ഇന്ത്യയുടെ ഏറ്റവും വലിയ വെല്ലുവിളി പകലും രാത്രിയുമായി നടക്കാനിരിക്കുന്ന പിങ്ക് ബോള്‍ ടെസ്റ്റാണ്. ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഈ വര്‍ഷമവസാനത്തോടെ രോഹിത് ശര്‍മയും സംഘവും ഓസ്‌ട്രേലിയയിലേക്കു പറക്കുന്നത്. അഞ്ചു ടെസ്റ്റുകളാണ് ഇത്തവണ ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഇന്ത്യ കളിക്കുന്നത്.
ഇവയിലൊരു ടെസ്റ്റാണ് പകലും രാത്രിയുമായി നടക്കുന്നത്. ഡിസംബര്‍ ആറു മുതല്‍ 10 വരെ അഡ്‌ലെയ്ഡിലാണ് പിങ്ക് ബോള്‍ ടെസ്റ്റ്. പരമ്പരയിലെ രണ്ടാമത്തെ മല്‍സരം കൂടിയാണിത്. പിങ്ക് ബോള്‍ ടെസ്റ്റില്‍ ഓസ്‌ട്രേലിയ ഉയര്‍ത്തുന്ന ശക്തമായ വെല്ലുവിളിയെ അതിജീവിക്കാന്‍ പുതിയൊരു മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയിരിക്കുകയാണ് ഇന്ത്യ. ഇതിന്റെ ഭാഗമായി ടെസ്റ്റ് പരമ്പരയ്ക്കു മുമ്പ് ഓസ്‌ട്രേലിയയില്‍ പകലും രാത്രിയുമായി ഒരു ദ്വിദിന മല്‍സരം കളിക്കാനാണ് ഇന്ത്യ തീരുമാനിച്ചിട്ടുള്ളത്.

നവംബര്‍ 30ന് കാന്‍ബറയില്‍ നടക്കാനിരിക്കുന്ന പിങ്ക് ബോള്‍ മല്‍സരത്തില്‍ പ്രൈം മിനിസ്റ്റേഴ്‌സ് ഇലവനുമായിട്ടാണ് ഇന്ത്യ ഏറ്റുമുട്ടുന്നത്. ഓസീസിനെതിരായ പിങ്ക് ബോള്‍ ടെസ്റ്റിനു മുമ്പ് ഇന്ത്യക്കു മികച്ചൊരു തയ്യാറെടുപ്പായിരിക്കും ഈ സന്നാഹ മല്‍സരം. ഇതു നാലാം തവണയാണ് പ്രൈം മിനിസ്റ്റേഴ്‌സ് ഇലവനുമായി ഇന്ത്യന്‍ ടീം ഒരു മല്‍സരം കളിക്കാന്‍ തയ്യാറെടുക്കുന്നത്.
മാത്രമല്ല കഴിഞ്ഞ 20 വര്‍ഷത്തിനിടെ ഇരുടീമുകളും ഏറ്റുമുട്ടുന്നതും ഇതാദ്യമായിട്ടാണ്. 2004ലായിരുന്നു ഇന്ത്യയും പ്രൈം മിനിസ്റ്റേഴ്‌സ് ഇലവനും തമ്മില്‍ അവസാനമായി ഒരു സന്നാഹ മല്‍സരത്തില്‍ ഏറ്റുമുട്ടിയത്. അന്നു ഇന്ത്യയെ നയിച്ചത് രാഹുല്‍ ദ്രാവിഡും പ്രൈം മിനിസ്റ്റേഴ്‌സ് ഇലവന്റെ ക്യാപ്റ്റന്‍ സ്റ്റീവ് വോയുമായിരുന്നു.

2021ലാണ് ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ അവസാനമായി ഒരു പിങ്ക് ബോള്‍ ടെസ്റ്റില്‍ കൊമ്പുകോര്‍ത്തത്. അന്നു അഡ്‌ലെയ്ഡില്‍ നടന്ന ടെസ്റ്റില്‍ വിരാട് കോലി നയിച്ച ഇന്ത്യന്‍ ടീം നാണംകെട്ട തോല്‍വിയേറ്റു വാങ്ങുകയായിരുന്നു. എട്ടു വിക്കറ്റിനാണ് ടിം പെയ്‌നിന്റെ ഓസീസ് ടീം ഇന്ത്യയെ വാരിക്കളഞ്ഞത്. ഈ ടെസ്റ്റില്‍ രണ്ടാമിന്നിങ്‌സിലെ ഇന്ത്യയുടെ ബാറ്റിങ് തകര്‍ച്ച വലിയ വിമര്‍ശനങ്ങള്‍ക്കും കാരണമായിരുന്നു.
ആദ്യ ഇന്നിങ്‌സില്‍ 244 റണ്‍സെന്ന മോശമല്ലാത്ത ടോട്ടല്‍ ഇന്ത്യ പടുത്തുയര്‍ത്തിയെങ്കിലും രണ്ടാമിന്നിങ്‌സില്‍ തകര്‍ന്നടിയുകയായിരുന്നു. വെറും 36 റണ്‍സ് മാത്രമേ രണ്ടാമിന്നിങ്‌സില്‍ ഇന്ത്യക്കു നേടാനായുള്ളൂ. ബാറ്റിങ് ലൈനപ്പില്‍ ഒരാള്‍ക്കു പോലും രണ്ടക്കം തികയ്ക്കാന്‍ സാധിച്ചതുമില്ല. ഒമ്പതു റണ്‍സെടുത്ത മായങ്ക് അഗര്‍വാളായിരുന്നു ടോപ്‌സ്‌കോറര്‍. ഹനുമാ വിഹാരി എട്ടും കോലി നാലും റണ്‍സെടുത്തു. അഞ്ചു വിക്കറ്റുകള്‍ വീഴ്ത്തിയ ജോഷ് ഹേസല്‍വുഡും നാലു പേരെ പുറത്താക്കിയ പാറ്റ് കമ്മിന്‍സും ചേര്‍ന്നാണ് ഇന്ത്യയെ തീര്‍ത്തത്.
അന്നത്തേതു പോലെയൊരു ബാറ്റിങ് ദുരന്തം പിങ്ക് ബോള്‍ ടെസ്റ്റില്‍ ആവര്‍ത്തിക്കാതിരിക്കാനാണ് ഇത്തവണ പകലും രാത്രിയുമായി സന്നാഹ മല്‍സരം കളിക്കാന്‍ ഇന്ത്യ തീരുമാനിച്ചിരിക്കുന്നത്. ഇതിലൂടെ തങ്ങളുടെ ദൗര്‍ബല്യം മനസ്സിലാത്താനും പിങ്ക് ബോള്‍ ടെസ്റ്റിനു മുമ്പ് ഇതു പരിഹരിക്കാനുമുള്ള അവസരം ഇന്ത്യ ലഭിക്കുകയും ചെയ്യും.
ഇന്ത്യയുടെ പുതിയ കോച്ചായ ഗൗതം ഗംഭീറിന്റെ ഏറ്റവും വലിയ ചാലഞ്ച് കൂടിയായിരിക്കും ഓസ്‌ട്രേലിയന്‍ പര്യടനം. അടുത്തിടെ ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലേറ്റ തോല്‍വി അദ്ദേഹത്തിനു വലിയ ക്ഷീണമായി മാറിയിരുന്നു.