ഇന്ത്യന്‍ ക്രിക്കറ്റിലെ മൂന്നു വമ്പന്‍ ബാറ്റര്‍മാരെ വിറപ്പിക്കാന്‍ പയറ്റിയ തന്ത്രത്തെക്കുറിച്ചു തുറന്നു പറഞ്ഞിരിക്കുകയാണ് ന്യൂസിലാന്‍ഡിന്റെ മുന്‍ പേസര്‍ നീല്‍ വാഗ്നര്‍. 2014ല്‍ ഇന്ത്യയുമായി സ്വന്തം നാട്ടില്‍ നടന്ന രണ്ടു ടെസ്റ്റുകളുടെ പരമ്പരയിലെ ആദ്യത്തെ ടെസ്റ്റിനെക്കുറിച്ചാണ് അദ്ദേഹം ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്. ഓക്ക്‌ലാന്‍ഡിലെ ഈഡന്‍ പാര്‍ക്കിലായിരുന്നു അന്നു ഇന്ത്യ- കിവി പോര് അരങ്ങേറിയത്.
407 റണ്‍സിന്റെ വലിയ വിജയലക്ഷ്യമാണ് അന്നു ഇന്ത്യക്കു ന്യൂസിലാന്‍ഡ് നല്‍കിയത്. അസാധ്യമെന്നു കരുതപ്പെട്ട ഈ ടോട്ടലിലേക്കു ഇന്ത്യ വീരോചിതമായി പൊരുതുകയും ഒരു ഘട്ടത്തില്‍ ജയിക്കുമെന്നു തന്നെ ചതോന്നിപ്പിക്കുകയും ചെയ്തു. എന്നാല്‍ വാഗ്നറുടെ സ്‌പെല്‍ കളി മാറ്റുകയും കിവികള്‍ ജയിച്ചു കയറുകയുമായിരുന്നു.
67 റണ്‍സോടെ ക്രീസിലുണ്ടായിരുന്ന വിരാട് കോലിയെ പുറത്താക്കിയാണ് വാഗ്നര്‍ കിവികളുടെ തിരിച്ചുവരവിനു തുടക്കമിട്ടത്. പിന്നീട് കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ നേടി 40 റണ്‍സിന്റെ വിജയവും ന്യൂസിലാന്‍ഡ് പിടിച്ചെടുത്തു. നാലു വിക്കറ്റുകളാണ് വാഗ്നര്‍ പോക്കറ്റിലാക്കിയത്.

കോലി ബുദ്ധിമുട്ടി
ഷോര്‍ട്ട് ബോള്‍ തന്ത്രം ഈ ടെസ്റ്റില്‍ തനിക്കു നന്നായി ഉപയോഗിക്കാന്‍ സാധിച്ചതായും ഇന്ത്യയുടെ പല സൂപ്പര്‍ താരങ്ങളും ഇതിനു മുന്നില്‍ പതറിയെന്നും നീല്‍ വാഗ്നര്‍ വ്യക്തമാക്കി. റെഡ് ഇന്‍കര്‍ ക്രിക്കറ്റ് പോഡ്കാസ്റ്റില്‍ സംസാരിക്കുകയായിരുന്നു
ഞാന്‍ ഇപ്പോഴും ഓര്‍മിക്കുന്ന ടെസ്റ്റുകളിലൊന്നാണിത്. ഈ കളിയിലെ വിക്കറ്റ് വളരെ ഫ്‌ളാറ്റായിരുന്നു. പക്ഷെ അല്‍പ്പം പേസും ബൗണ്‍സുമെല്ലാം ഉണ്ടായിരുന്നു. ഈഡന്‍ പാര്‍ക്ക് വളരെ ചെറിയ ഗ്രൗണ്ടുകളിലൊന്നാണ്.
കുറച്ചു ബൗണ്‍സറുകള്‍ ഈ ടെസ്റ്റില്‍ പരീക്ഷിച്ചതും ഇന്ത്യന്‍ താരങ്ങള്‍ അതിനെ നേരിട്ടതും ഞാനോര്‍മിക്കുന്നു. വിരാട് കോലി അല്‍പ്പം ബുദ്ധിമുട്ടുകയും ചെയ്തു. എന്റെ ബോളുകള്‍ക്കെതിരേ ഷോട്ട് കളിക്കണോ, വേണ്ടയോ അതോ എങ്ങനെ കളിക്കും എന്നതിനെ കുറിച്ചൊന്നും വിരാടിനു അറിയില്ലായിരുന്നുവെന്നും വാഗ്നര്‍ വെളിപ്പെടുത്തി.
എന്റെ ഷോര്‍ട്ട് ബോളുകള്‍ക്കെതിരേ സ്‌ക്വയറിനു മുന്നിലേക്കു പുള്‍ ഷോട്ട് കളിക്കാനായിരുന്നു വിരാട് കളിക്കാനായിരുന്നു ശ്രമം. പക്ഷെ അദ്ദേഹം ആഗ്രഹിച്ചതു പോലെ അതു കണക്ടായതുമില്ല. ബാറ്റിന്റെ അറ്റത്തു ഉരസിയ ബോള്‍ നേരെ ബിജെ വാട്‌ലിങിന്റെ കൈകളിലെത്തുകയായിരുന്നുവെന്നും വാഗ്നന്‍ വിശദമാക്കി. കോലിയുടെ ഈ പുറത്താവലാണ് കളിയിലെ ടേണിങ് പോയിന്റായി മാറിയത്. ഇതോടെ റണ്‍ചേസില്‍ ഇന്ത്യയുടെ താളവും തെറ്റുകയായിരുന്നു.
പിന്നാലെ ശിഖര്‍ ധവാനെയും വാഗ്നര്‍ മടക്കിയതോടെ ഇന്ത്യ അഞ്ചിന് 268. ജയത്തിനായി ഇന്ത്യ പൊരുതിനോക്കിയെങ്കിലും ഒടുവില്‍ 366 റണ്‍സില്‍ ഓള്‍ഔട്ടാവുകയായിരുന്നു. 40 റണ്‍സിന്റെ വിജയവുമായി രണ്ടു ടെസ്റ്റകളുടെ പരമ്പരയില്‍ ന്യൂസിലാന്‍ഡ് 1-0നു മുന്നിലെത്തുകയും ചെയ്തു. വാഗ്നര്‍ രണ്ടാമിന്നിങ്‌സില്‍ നാലു വിക്കറ്റുകള്‍ പിഴുതപ്പോള്‍ ട്രെന്റ് ബോളും ടിം സൗത്തിയും മൂന്നു വിക്കറ്റുകള്‍ വീതം പങ്കിടുകയും ചെയ്തു.

ബൗണ്‍സര്‍ തന്ത്രം
വിരാട് കോലിയെ മടക്കി അധികം വൈകാതെയാണ് സെഞ്ച്വറിയുമായി മുന്നേറിയ ഓപ്പണര്‍ ശിഖര്‍ ധവാനെയും നീല്‍ വാഗ്നര്‍ മടക്കിയത്. 211 ബോൡ 115 റണ്‍സാണ് അദ്ദേഹം സ്‌കോര്‍ ചെയ്തത്. ഒരു ബൗണ്‍സറിലാണ് ധവാനെ വാഗ്നര്‍ വീഴ്ത്തിയത്. അപകടകരമായ ബൗണ്‍സര്‍ അദ്ദേഹത്തിന്റെ ഗ്ലൗസിലുരസിയപ്പോള്‍ നേരെ വിക്കറ്റ് കീപ്പര്‍ ബിജെ വാട്്‌ലിങിന്റെ കൈകളില്‍ അവസാനിക്കുകയായിരുന്നു.
അതിനു ശേഷം ക്യാപ്റ്റന്‍ എംഎസ് ധോണിയും രവീന്ദ്ര ജഡേജയും ചേര്‍ന്ന് മികച്ച കൂട്ടുകെട്ടുമായി ഇന്ത്യയെ കളിയിലേക്കു തിരികെ കൊണ്ടുവന്നു. എന്നാല്‍ 41 ബോളില്‍ 39 റണ്‍സെടുത്ത ധോണിയെ ഒരു സ്ലോ ബൗണ്‍സറിലൂടെ വാഗ്നര്‍ വീഴ്ത്തിയതോടെ ഇന്ത്യന്‍ വിജയപ്രതീക്ഷ അവസാനിക്കുകയായിരുന്നു.
ധോണിയും ജഡേജയും വളരെ മികച്ച ബാറ്റിങായിരുന്നു കാഴ്ചവച്ചത്. ഇരുവരുടെയും മികവില്‍ ഇന്ത്യ ചേസ് ചെയ്തു ജയിക്കുമെന്നും കരുതപ്പെട്ടു. എന്നാല്‍ ഭയത്തേക്കാള്‍ വളരെ പോസിറ്റീവും അഗ്രസീവുമായ സമീപനമാണ് ഞങ്ങള്‍ സ്വീകരിച്ചത്. ഒരു സ്ലോ ബൗണ്‍സര്‍ ധോണിക്കെതിരേ പരീക്ഷിക്കാനും ഞാന്‍ തീരുമാനിക്കുകയായിരുന്നു. അദ്ദേഹം ഔട്ടായപ്പോള്‍ എനിക്കു ആശ്ചര്യമാണ് തോന്നിയതെന്നും വാഗ്നര്‍ കൂട്ടിച്ചേര്‍ത്തു.