
ചെസ്റ്റര്‍ ലെ സ്ട്രീറ്റ്: ഇംഗ്ലണ്ടിലെ ഇന്ത്യയുടെ ആദ്യ സന്നാഹ മല്‍സരത്തില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഒന്നാമിന്നിങ്‌സില്‍ ഫ്‌ളോപ്പായി മാറി. വെറും ഒമ്പത് റണ്‍സ് മാത്രമെടുത്ത് അദ്ദേഹം ആദ്യ ഇന്നിങ്‌സില്‍ പുറത്തായി. വിരാട് കോലി, വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ എന്നിവര്‍ക്കു വിശ്രമം നല്‍കിയാണ് ഇന്ത്യ ഇറങ്ങിയത്. ഇരുവരുടെയും അഭാവത്തില്‍ രോഹിത് ടീമിന്റെ ക്യാപ്റ്റനാവുകയായിരുന്നു.
കൗണ്ടി സെലക്ട് ഇലവനും ഇന്ത്യന്‍സും തമ്മിലാണ് ഈ ത്രിദിന മല്‍സരം. ടോസ് ലഭിച്ചത് ഇന്ത്യന്‍സ് ക്യാപ്റ്റനായ രോഹിത്തിനായിരുന്നു. അദ്ദേഹം ബാറ്റിങ് തിരഞ്ഞെടുക്കുകയും ചെയ്തു. ഒരു ഇടവേളയ്ക്കു രോഹിത്- മായങ്ക് അഗര്‍വാള്‍ ജോടി ഇന്ത്യക്കു വേണ്ടി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്ത മല്‍സരം കൂടിയായിരുന്നു ഇത്.

ഭേദപ്പെട്ട തുടക്കമായിരുന്നു ഇന്ത്യക്കു രോഹിത്- മായങ്ക് ജോടി നല്‍കിയത്. ഓപ്പണിങ് വിക്കറ്റില്‍ 33 റണ്‍സ് ഇരുവരും ചേര്‍ന്നു നേടി. ഇതില്‍ 24 റണ്‍സും മായങ്കിന്റെ വകയായിരുന്നു. രോഹിത് വളരെ സ്ലോ ഇന്നിങ്‌സ് കളിച്ചപ്പോള്‍ മായങ്ക് ആക്രമണോത്സുക ശൈലിയിലാണ് ബാറ്റ് ചെയ്തത്. 33 ബോളുകള്‍ നേരിട്ട രോഹിത്തിന് ഒമ്പത് റണ്‍സ് മാത്രമാണ് നേടാനായത്. രണ്ടു ബൗണ്ടറികളടക്കമായിരുന്നു ഇത്. ലിയോണ്‍ ജെയിംസാണ് രോഹിത്തിനെ പുറത്താക്കിയത്. ജാക്ക് കാര്‍സന്‍ ക്യാച്ചെടുക്കുകയായിരുന്നു.
രോഹിത് മടങ്ങി അധികം വൈകാതെ തന്നെ മായങ്കും പുറത്തായി. ടീം സ്‌കോറിലേക്കു എട്ടു റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെയായിരുന്നു മായങ്ക് ക്രീസ് വിട്ടത്. 35 ബോളില്‍ ആറു ബൗണ്ടറികളോടെ 28 റണ്‍സെടുത്ത അദ്ദേഹത്തെ ലിന്‍ഡന്‍ ജെയിംസ് ബൗള്‍ഡാക്കുകയായിരുന്നു. 15 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ചേതേശ്വര്‍ പുജാര (10), ഹനുമാ വിഹാരി (2) എന്നിവരാണ് ക്രീസില്‍.
ഇന്ത്യന്‍സ് ഇലവന്‍
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പുജാര, ഹനുമാ വിഹാരി, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, ശര്‍ദ്ദുല്‍ ഠാക്കൂര്‍, ഉമേഷ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.