ഇംഗ്ലണ്ടിനെതിരേയുള്ള രണ്ടാം ഏകദിനത്തില്‍ വലിയ സ്‌കോര്‍ നേടാനാവാതെ പുറത്തായെങ്കിലും വലിയൊരു നാഴികക്കല്ല് പിന്നിട്ടിരിക്കുയാണ് ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ. 25 റണ്‍സിന് ഹിറ്റ്മാന്‍ കളിയില്‍ പുറത്തായിരുന്നു. എന്നാല്‍ ഇതിനിടെ ഏകദിനത്തില്‍ ഇംഗ്ലണ്ടിനെതിരേ 500 റണ്‍സ് പൂര്‍ത്തിയാക്കാന്‍ രോഹിത്തിനു കഴിഞ്ഞു.

ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ ടീമുകള്‍ക്കെതിരേ 500 പ്ലസ് സ്‌കോര്‍ നേടിയിട്ടുള്ള ഇന്ത്യന്‍ താരങ്ങളുടെ ലിസ്റ്റില്‍ രോഹിത് രണ്ടാംസ്ഥാനത്തും എത്തിയിരിക്കുകയാണ്. ഹിറ്റ്മാന്‍ ഈ നേട്ടത്തിലെത്തിയ എട്ടാമത്തെ ടീമാണ് ഇംഗ്ലണ്ട്. നിലവിലെ ക്യാപ്റ്റന്‍ വിരാട് കോലി, മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങ്, വന്‍മതില്‍ രാഹുല്‍ ദ്രാവിഡ്, എംഎസ് ധോണി എന്നിവരാണ് നേരത്തേ ഇത്രയും ടീമുകള്‍ക്കെതിരേ 500 പ്ലസ് സ്‌കോര്‍ ചെയ്തിട്ടുള്ളത്. ഇനി മുന്‍ ഇതിഹാസ ഓപ്പണിങ് ജോടികളായ സച്ചിന്‍ ടെണ്ടുല്‍ക്കറും സൗരവ് ഗാംഗുലിയുമാണ് എലൈറ്റ് ക്ലബ്ബില്‍ തലപ്പത്തുള്ളത്. രണ്ടു പേരും ഒമ്പത് എതിരാളികള്‍ക്കെതിരേ ഏകദിനത്തില്‍ 500ന് മുകളില്‍ സ്‌കോര്‍ ചെയ്തിട്ടുണ്ട്.
ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ മിന്നുന്ന ഫോമില്‍ ബാറ്റ് ചെയ്യവെയാണ് രോഹിത് നിരുപദ്രവകാരിയായ ബോളില്‍ വിക്കറ്റ് നഷ്ടപ്പെടുത്തിയത്. സാം കറെനായിരുന്നു വിക്കറ്റ്. ലെഗ് സൈഡിലൂടെ വൈഡിലേക്കു പോയ ബോള്‍ ഫ്‌ളിക്ക് ചെയ്യാനായിരുന്നു രോഹിത്തിന്റെ ശ്രമം. പക്ഷെ ഇതു കെണിയാണെന്ന് പിന്നെയാണ് മനസ്സിലായത്. ഷോര്‍ട്ട് ഫൈന്‍ ലെഗില്‍ സിംപിള്‍ ക്യാച്ചിലൂടെ ആദില്‍ റഷീദ് ഹിറ്റ്മാനെ മടക്കി. 25 ബോളില്‍ അഞ്ചു ബൗണ്ടറികളോടെയാണ് രോഹിത് 25 റണ്‍സ് നേടിയത്.