ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീം വീണ്ടുമൊരു ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിലേക്കു അടുത്തുകൊണ്ടിരിക്കുകയാണ്. സീസണ്‍ ക്ലൈമാക്‌സിലേക്കു അടുക്കവെ പോയിന്റ് പട്ടികയില്‍ തലപ്പത്തു നില്‍ക്കുകയാണ് രോഹിത് ശര്‍മയും സംഘവും. എറ്റവും അവസാനമായി കളിച്ച പരമ്പരയില്‍ ബംഗ്ലാദശിനെ 2-0ന് തൂത്തുവാരിയാണ് ഇന്ത്യ കരുത്തുകാണിച്ചത്.
ഇനി ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ എന്നിവര്‍ക്കെതിരായ പരമ്പരകളാണ് ഡബ്ല്യുടിസിയുടെ ഈ സൈക്കിളില്‍ ഇന്ത്യക്കു ശേഷിക്കുന്നത്. അതിനിടെ റെഡ് ബോള്‍ ബോള്‍ ക്രിക്കറ്റില്‍ ബാറ്റിങിലും ഇന്ത്യയുടെ ആധിപത്യം അരക്കിട്ടുറപ്പിക്കുന്ന പുതിയ കണക്കുകള്‍ പുറത്തുവന്നിരിക്കുകയാണ്. ലോക ക്രിക്കറ്റിലെ മറ്റു ടീമുകളെ അപേക്ഷിച്ച് ഇന്ത്യയുടെ മുന്‍നിര ബാറ്റിങ് എത്ര മാത്രം ശക്തമാണെന്നു ഇതു തെളിയിക്കുകയും ചെയ്യുന്നു.

തലപ്പത്ത് ഇന്ത്യ
2023 മുതല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും മികച്ച മുന്‍നിര ബാറ്റിങ് ശരാശരിയുള്ള ടീമുകളെയെടുത്താല്‍ ഈ ലിസ്റ്റില്‍ തലപ്പത്തുള്ളത് ഇന്ത്യയാണ്. ഓരോ ടീമുകളുടെയും ആദ്യത്തെ മൂന്നു സ്ഥാനങ്ങളില്‍ ബാറ്റ് ചെയ്യുന്ന താരങ്ങളുടെ ശരാശരികള്‍ പരിഗണിച്ചാണ് ഈ ലിസ്റ്റ് തയ്യാറാക്കിയിട്ടുള്ളത്. 16 മല്‍സരങ്ങളിലാണ് ഈ കാലയളവില്‍ ഇന്ത്യന്‍ കളിച്ചിട്ടുള്ളത്.
മുന്‍നിരയുടെ ബാറ്റിങ് ശരാശരിയെടുത്താല്‍ അതു 43.76 ആണെന്നു കാണാം. സെഞ്ച്വറികളുടെ കാര്യത്തിലും ഇന്ത്യ തന്നെയാണ് ബെസ്റ്റ്. 11 സെഞ്ച്വറികളാണ് ഇന്ത്യയുടെ മുന്‍നിര ബാറ്റര്‍മാര്‍ കുറിച്ചിട്ടുള്ളത്. സെഞ്ച്വറികളുടെ എണ്ണത്തില്‍ രണ്ടക്കം കടന്നിട്ടുള്ള ഏക ടീമും ഇന്ത്യയാണ്. 11 സെഞ്ച്വറികള്‍ കൂടാതെ 13 ഫിഫ്റ്റികളും നേടാന്‍ ഇന്ത്യന്‍ മുന്‍നിരയ്ക്കായിട്ടുണ്ട്.
തൊട്ടുപിന്നില്‍ ശ്രീലങ്ക
ബാറ്റിങ് ശരാശരിയുടെ കാര്യത്തില്‍ ഇന്ത്യക്കു പിന്നില്‍ രണ്ടാംസ്ഥാനത്തുള്ളത് മറ്റൊരു ഏഷ്യന്‍ ടീമായ ശ്രീലങ്കയാണ്. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നിവരുള്‍പ്പെടെയുള്ള പവര്‍ഹൗസുകളെ പിന്തള്ളിയാണ് ലങ്ക സര്‍പ്രൈസ് ടീമായി മാറിയിരിക്കുന്നത്. ഇന്ത്യക്കു ശക്തമായ വെല്ലുവിളിയും ലങ്ക ഇപ്പോള്‍ ഉയര്‍ത്തുന്നുണ്ട്. മുന്‍നിര ബാറ്റര്‍മാരുടെ ശരാശരിയുടെ കാര്യത്തില്‍ ഇന്ത്യയേക്കാള്‍ ഏറെ പിറകിലല്ല ശ്രീലങ്ക.
43.76 ശരാശരിയോടെയാണ് ഇന്ത്യ ഒന്നാമതുള്ളതെങ്കില്‍ രണ്ടാംസ്ഥാനക്കാരായ ശ്രീലങ്കയുടെ ശരാശരി 41.14 ആണ്. 14 ടെസ്റ്റുകളാണ് അവര്‍ കളിച്ചത്. വൈകാതെ ഇന്ത്യയെ ഓവര്‍ടേക്ക് ചെയ്ത് ലങ്ക തലപ്പത്തേക്കു കയറുമോയെന്നാണ് ഇനി കാത്തിരുന്നു കാണേണ്ടത്. ഏഴു സെഞ്ച്വറികളും 15 ഫിഫ്‌റ്റികളുമാണ് ലങ്കന്‍ മുന്‍നിര നേടിയിട്ടുള്ളത്.
ഇന്ത്യയും ശ്രീലങ്കയും കഴിഞ്ഞാല്‍ മികച്ച ബാറ്റിങ് ശരാശരിയുള്ള മൂന്നാമത്തെ ടീം ഇംഗ്ലണ്ടാണ്. 19 ടെസ്റ്റുകളില്‍ കളിച്ചു കഴിഞ്ഞ ഇംഗ്ലണ്ടിന്റെ മുന്‍നിര ബാറ്റര്‍മാരുടെ ശരാശരി 38.42 ആണ്. ഏഴു സെഞ്ച്വറികളും 18 ഫിഫ്റ്റികളും ഇംഗ്ലീഷ് താരങ്ങള്‍ നേടുകയും ചെയ്തു.
നിലവിലെ ലോക ടെസ്റ്റ് ചാംപ്യന്‍മാരായ ഓസ്ട്രലേിയ നാലാംസ്ഥാനക്കാരാണ്. 18 ടെസ്റ്റുകളില്‍ കളിച്ച ഓസീസ് മുന്‍നിരയുടെ ശരാശരി 37.40 ആണ്. അഞ്ചു സെഞ്ച്വറികളും 19 ഫിഫ്റ്റികളും അവര്‍ നേടുകയും ചെയ്തു. ഏറ്റവുമധികം ഫിഫ്റ്റി പ്ലസ് സ്‌കോറുകളുള്ള ടീമും ഓസീസാണ്.
ഓസീസിനു ശേഷം ലിസ്റ്റില്‍ അഞ്ചു മുതല്‍ ഒമ്പതു വരെ സ്ഥാനങ്ങളിലുള്ള ടീമുകള്‍ മുന്‍ ചാംപ്യന്‍മാരായ ന്യൂസിലാന്‍ഡ് (ശരാശരി 36.42), ബംഗ്ലാദേശ് (31.17) സൗത്താഫ്രിക്ക (30.90), പാകിസ്താന്‍ (27), വെസ്റ്റ് ഇന്‍ഡീസ് (24.80) എന്നിവരാണ്

ജയ്‌സ്വാള്‍ രണ്ടാമന്‍
ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ (2023-25) ഈ എഡിഷനില്‍ ഏറ്റവുമധികം റണ്‍സ് സ്‌കോര്‍ ചെയ്തിട്ടുള്ള ബാറ്റര്‍മാരുടെ ലിസ്റ്റില്‍ തലപ്പത്ത് ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ ബാറ്റര്‍ ജോ റൂട്ടാണ്. 17 ടെസ്റ്റുകളില്‍ നിന്നും 1398 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം.
ഇന്ത്യയുടെ യുവ ഓപ്പണിങ് സെന്‍സേഷന്‍ യശസ്വി ജയ്‌സ്വാള്‍ രണ്ടാംസ്ഥാനത്തും നില്‍ക്കുന്നു. 11 ടെസ്റ്റുകളില്‍ താരം വാരിക്കൂട്ടിയത് 1217 റണ്‍സാണ്. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ 742 റണ്‍സും മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്തു കൊണ്ടിരിക്കുന്ന ശുഭ്മന്‍ ഗില്‍ 735 റണ്‍സും നേടിയിട്ടുണ്ട്.