ലോകകപ്പ്: ദക്ഷിണാഫ്രിക്കയെ വീഴ്ത്താന്‍ എന്താവും ഇന്ത്യന്‍ തന്ത്രം? ഭുവി പറയുന്നു...
കാര്‍ഡിഫ്: ലോകകപ്പിലെ രണ്ടാമത്തെയും അവസാനത്തെയും സന്നാഹ മല്‍സരത്തില്‍ ബംഗ്ലാദേശിനെ തകര്‍ത്തുവിട്ട ടീം ഇന്ത്യ ഇനി ആദ്യ അങ്കത്തിനായുള്ള കാത്തിരിപ്പിലാണ്. ജൂണ്‍ അഞ്ചിന് സതാംപ്റ്റണിലെ ഹാംപ്‌ഷെയര്‍ ബൗളില്‍ കരുത്തരായ ദക്ഷിണാഫ്രിക്കയുമായാണ് ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ പോരാട്ടം. ജയത്തോടെ തന്നെ ലോകകപ്പിനു തുടക്കം കുറിക്കാമെന്ന ശുഭപ്രതീക്ഷയിലാണ് വിരാട് കോലിയും സംഘവും.
ലോകകപ്പിന്റെ ലീഗ് ഘട്ടത്തില്‍ ഒമ്പത് മല്‍സരങ്ങളാണ് ഇന്ത്യക്കുള്ളത്. അതുകൊണ്ടു തന്നെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ജയിക്കാനായാല്‍ അത് മുന്നോട്ടുള്ള ഇന്ത്യന്‍ കുതിപ്പില്‍ നിര്‍ണായകമായി മാറുകയും ചെയ്യും. ദക്ഷിണാഫ്രിക്കയുമായുള്ള ആദ്യ കളിയില്‍ ഇന്ത്യയുടെ തയ്യാറെടുപ്പിനെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് പ്രമുഖ പേസര്‍ ഭുവനേശ്വര്‍ കുമാര്‍.

ഗെയിം പ്ലാന്‍ തയ്യാറാക്കിയിട്ടില്ല
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ മല്‍സരത്തിനു പ്രത്യേക ഗെയിം പ്ലാനൊന്നും തങ്ങള്‍ തയ്യാറാക്കിയിട്ടില്ലെന്ന് ഭുവി വെളിപ്പെടുത്തി. എന്തായിരിക്കും ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയുള്ള പ്ലാനെന്ന് പിന്നീട് മാത്രമേ തീരുമാനിക്കുകയുള്ളൂവെന്നും താരം പറഞ്ഞു.
ലോകകപ്പില്‍ എല്ലായ്‌പ്പോഴും ജയത്തോടെ തന്നെ തുടങ്ങാനായിരിക്കും ഏതു ടീമിന്റെയും ശ്രമം. അതു തന്നെയാണ് ഇന്ത്യയും ലക്ഷ്യമിടുന്നത്. ആദ്യ മല്‍സരത്തിനായി ഇനി ഒരാഴ്ച കൂടി ഇന്ത്യക്കു ശേഷിക്കുന്നുണ്ട്. ടീമിന് ഇനിയും പരിശീലന സെഷനുകളും ടീം മീറ്റിങുമുണ്ടാവും. ഇവയിലാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയുള്ള തന്ത്രങ്ങള്‍ ആസൂത്രണം ചെയ്യുകയെന്നും ഭുവി വിശദമാക്കി.

ആത്മവിശ്വാസമുണ്ട്
വളരെയേറെ ആത്മവിശ്വാസത്തോടെയാണ് താന്‍ ഈ ലോകകപ്പില്‍ കളിക്കാനൊരുങ്ങുന്നതെന്ന് ഭുവി പറഞ്ഞു. വലിയൊരു പ്ലാറ്റ്‌ഫോം തന്നെയാണ് ലോകകപ്പ്. തീര്‍ച്ചയായും സമ്മര്‍ദ്ദമുണ്ടാവും. എന്നാല്‍ ഇംഗ്ലണ്ടില്‍ നേരത്തേ പര്യടനം നടത്തിയതിനാല്‍ ആത്മവിശ്വാസമുണ്ട്.
ഇംഗ്ലണ്ടിലെ സാഹചര്യങ്ങളെക്കുറിച്ച് തനിക്കു നല്ല ബോധ്യമുണ്ട്. ന്യൂസിലാന്‍ഡ്, ബംഗ്ലാദേശ് എന്നിവര്‍ക്കെതിരായ സന്നാഹ മല്‍സരങ്ങളില്‍ കളിച്ചതോടെ പിച്ചിനെക്കുറിച്ച് കൂടുതലറിയാനും ലോകകപ്പില്‍ എന്തായിരിക്കും ഗുണം ചെയ്യുകയെന്നും മനസ്സിലാക്കാന്‍ സാധിച്ചുവെന്നും ഭുവി കൂട്ടിച്ചേര്‍ത്തു.

ബാറ്റിങില്‍ പ്രതീക്ഷ
ബൗളിങില്‍ മാത്രമല്ല ലോകകപ്പില്‍ സ്വന്തം ബാറ്റിങിലും തനിക്കു ഏറെ പ്രതീക്ഷയുണ്ടെന്ന് ഭുവി വ്യക്തമാക്കി. ചില മികച്ച ഇന്നിങ്‌സുകള്‍ കളിക്കാന്‍ നേരത്തേ കഴിഞ്ഞിട്ടുണ്ട്. ഇത് ആത്മവിശ്വാസം ഉയര്‍ത്തിക്കഴിഞ്ഞു.
സ്വന്തം ബാറ്റിങ് കഴിവിനെക്കുറിച്ച് നല്ല ബോധ്യമുണ്ട്. നെറ്റ്‌സില്‍ ബാറ്റിങിലും പരിശീലനത്തില്‍ ശ്രദ്ധ കൊടുക്കാറുണ്ട്. ടീമിന് ആവശ്യമുള്ള ഘട്ടത്തില്‍ ബാറ്റിങിലും ഒരുകൈ നോക്കാന്‍ തയ്യാറാണെന്നും ഭുവി പറയുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications