ഇന്ത്യക്കു ഇനിയും ധോണിയെ വേണം... പക്ഷെ തീരുമാനിക്കേണ്ടത് ഒരാള്‍ മാത്രം, പറഞ്ഞത് റെയ്‌ന
ചെന്നൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനു ഇനിയും മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയെ വേണമെന്ന് മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌ന. ഐപിഎല്ലില്‍ ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സിലെ സഹതാരം കൂടിയാണ് റെയ്‌ന. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പിലാണ് ധോണി അവസാനമായി ഇന്ത്യക്കു വേണ്ടി കളിച്ചത്. ലോകകപ്പ് സെമിയില്‍ ഇന്ത്യ ന്യൂസിലാന്‍ഡിനോടു തോറ്റ ശേഷം അദ്ദേഹത്തെ ദേശീയ ടീമിനൊപ്പം കണ്ടിട്ടില്ല.
പിന്നീടുള്ള പരമ്പരകളില്‍ നിന്നും ധോണി സ്വയം വിട്ടുനില്‍ക്കുകയായിരുന്നു. ഐപിഎല്ലിന്റെ വരാനിരിക്കുന്ന സീസണിനു മുന്നോടിയായി പരിശീലനം നടത്തിക്കൊണ്ടിരിക്കുകയാണ് അദ്ദേഹം.

തുടര്‍ന്നു കളിക്കണം
കളി നിര്‍ത്താന്‍ ധോണി ആഗ്രഹിക്കുന്നുണ്ടെങ്കില്‍ കാര്യമായ ബഹളങ്ങളൊന്നുമുണ്ടാക്കാതെ അദ്ദേഹം ക്രിക്കറ്റ് വിടും. എന്നാല്‍ ധോണി തുടര്‍ന്നും കളിക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നത്. ഇപ്പോഴും മികച്ച ഫിറ്റ്‌നസ് ധോണിക്കുണ്ട്. മാത്രമല്ല ഇതു നിലനിര്‍ത്താന്‍ അദ്ദേഹം കഠിനാധ്വാനവും നടത്തുന്നുണ്ടെന്നും റെയ്‌ന വിശദമാക്കി.

കോലിയുടെ കൈകളില്‍
ധോണിയെ ഇനി ദേശീയ ടീമിനു വേണമോയെന്നു തീരുമാനിക്കേണ്ടത് നായകന്‍ വിരാട് കോലി മാത്രമാണെന്നു റെയ്‌ന ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ ടീമിനു ഇനിയും ധോണിയുടെ സേവനം ആവശ്യമുണ്ടെന്നു തന്നെയാണ് താന്‍ വിശ്വസിക്കുന്നത്. എന്നാല്‍ ടീമില്‍ തിരിച്ചെത്തുകയെന്നത് അദ്ദേഹത്തിനു എളുപ്പമാവില്ല. മികച്ച ഫോമില്‍ തുടരുന്നതിനൊപ്പം കോലിയും കൂടി ശ്രമിച്ചാല്‍ മാത്രമേ ധോണിയെ വീണ്ടും ഇന്ത്യന്‍ ജഴ്‌സിയില്‍ കാണാന്‍ സാധിക്കുകയുള്ളൂവെന്നും റെയ്‌ന കൂട്ടിച്ചേര്‍ത്തു.

ക്യാപ്റ്റന്റെ പിന്തുണ
ഒരു പുതിയ കളിക്കാരനെ സംബന്ധിച്ചു ടീമില്‍ തുടരണമെങ്കില്‍ ക്യാപ്റ്റന്റെ പിന്തുണ കൂടിയേ തീരൂവെന്നു റെയ്‌ന പറഞ്ഞു. ഏതു പുതുമുഖമായാലും കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുകയെന്നത് വളരെ പ്രധാനമാണ്.
കരിയറിന്റെ തുടക്കത്തില്‍ രാഹുല്‍ ദ്രാവിഡിനു കീഴില്‍ കളിക്കാന്‍ അവസരം ലഭിച്ച താന്‍ ഭാഗ്യവാനാണ്. ഏറെ അവസരങ്ങള്‍ അദ്ദേഹം നല്‍കി. പിന്നീട് ധോണിക്കു കീഴിലും താന്‍ കളിച്ചു. രോഹിത്തും കോലിയും ഔട്ടായാല്‍ മധ്യനിരയ്ക്കുമേല്‍ അമിത സമ്മര്‍ദ്ദമാണ്. സ്വന്തം കഴിവില്‍ ഉറച്ചു വിശ്വസിച്ചിരുന്നു. ക്യാപ്റ്റനും തന്റെ കരിയറില്‍ നിര്‍ണായക പങ്കു വഹിച്ചിട്ടുണ്ടെന്നും റെയ്‌ന കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications