ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ കോച്ചായി എത്തിയിരിക്കുന്ന ഗൗതം ഗംഭീറിനു കീഴില്‍ പ്രവര്‍ത്തിക്കുന്നതിനെ വലിയ ആവേശത്തോടെയാണ് കാത്തിരിക്കുന്നതെന്നു വ്യക്തമാക്കിയിരിക്കുകയാണ് ഇടംകൈയന്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേല്‍. ഇതാദ്യമായാണ് അദ്ദേഹം ഗംഭീറിനൊപ്പം പ്രവര്‍ത്തിക്കാനൊരുങ്ങുന്നത്. ദേശീയ ടീമില്‍ പല മാറ്റങ്ങളും അദ്ദേഹത്തിനു കീഴില്‍ സംഭവിച്ചേക്കാമെന്നാണ് അക്ഷര്‍ പറയുന്നത്. ടൈംസ് നൗവിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഐപിഎല്ലില്‍ ഗംഭീറിനെതിരേ ഞാന്‍ കളിച്ചിട്ടുണ്ട്. ഇപ്പോള്‍ അദ്ദേഹം ദേശീയ ടീമിന്റെ കോച്ചായി എത്തിയപ്പോള്‍ അതിന്റെ ആവേശം തീര്‍ച്ചയായുമുണ്ട്. ഗംഭീറിന്റെ യാത്ര തുടങ്ങിയിട്ടില്ല, പക്ഷെ ഞാന്‍ അതിനെ പ്രതീക്ഷയോടൊണ് കാത്തിരിക്കുന്നത്. ടീം സെറ്റപ്പില്‍ ഒരുപാട് മാറ്റങ്ങളുണ്ടാവും. അദ്ദേഹത്തിന്റെ മാനസികാവസ്ഥ വ്യത്യസ്തമായിരിക്കും. ഞങ്ങളുടെ പുതിയ ലക്ഷ്യം കാണുമ്പോഴും ടീമിനകത്തെ അന്തരീക്ഷത്തില്‍ വരുന്ന മാറ്റത്തിലുമെല്ലാം വരെയധികം ആവേശത്തിലാണ് താനെന്നും അക്ഷര്‍ വ്യക്തമാക്കി.

കളിക്കാരുടെ റോളുകളില്‍ മാറ്റം വരും, പ്രത്യേകിച്ചും വിരാട് കോലി, രവീന്ദ്ര ജഡേജ, രോഹിത് ശര്‍മ എന്നിവരുടെ വിരമിക്കല്‍ കാരണം ടി20യിലായിരിക്കും ഇതു സംഭവിച്ചേക്കുക. ഒരു യുവ ടീമിനെയായിരിക്കും ഗംഭീര്‍ കൊണ്ടുവന്നേക്കുക. അദ്ദേഹം എങ്ങനെയായിരിക്കും തന്റെ റോള്‍ നിര്‍വഹിക്കുകയെന്നു കാണാന്‍ കാത്തിരിക്കുകയാണ്. പുതിയ കോച്ച്, പുതിയ സ്റ്റാഫ്- മാറ്റങ്ങള്‍ കാണുമ്പോള്‍ വളരെയധികം ആവേശഭരിതനാണ്. ഗംഭീറുമായുള്ള ആദ്യ കൂടിക്കാഴ്ചയെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഒരുപാട് വ്യക്തത അതിലൂടെ ലഭിക്കുമെന്നും അക്ഷര്‍ പറഞ്ഞു.
ഇന്ത്യ ചാംപ്യന്‍മാരായ കഴിഞ്ഞ ടി20 ലോകകപ്പില്‍ മിന്നുന്ന പ്രകടനം നടത്തിയ താരമാണ് അക്ഷര്‍. ജഡേജ ബാറ്റിങിലും ബൗളിങിലും ഒരുപോലെ ഫ്‌ളോപ്പായി മാറിയ്‌പ്പോള്‍ ഇതിന്റെ ക്ഷീണം തീര്‍ത്തത് അദ്ദേഹമായിരുന്നു. സൗത്താഫ്രിക്കയ്‌ക്കെതിരായ ഫൈനലിലുള്‍പ്പെടെ ശ്രദ്ധേയമായ പ്രകടനമാണ് അക്ഷര്‍ കാഴ്ചവച്ചത്.
ഐപിഎല്ലില്‍ ഉപദേശകന്റെ റോളില്‍ കസറിയ ഗംഭീര്‍ ഇതാദ്യമാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒരു ടീമിനെ പരിശീലിപ്പിക്കുന്നത്. അതുകൊണ്ടു തന്നെ ഇന്ത്യന്‍ കുപ്പായത്തിലും അദ്ദേഹത്തിനു എത്ര മാത്രം വിജയിക്കാനാവുമെന്നതു കാത്തിരുന്നു കാണേണ്ടതാണ്. 2022ല്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ മുഖ്യ ഉപദേശകന്റെ റോളിലാണ് ഗംഭീര്‍ പരിശീലക രംഗത്തേക്കു വരുന്നത്. സീസണില്‍ ടീമിനെ പ്ലേഓഫിലെത്തിക്കാന്‍ അദ്ദേഹത്തിനു സാധിക്കുകയുംചെയ്തു. 2023ലും ഗംഭീറിന്റെ ശിക്ഷണത്തില്‍ ടീം പ്ലേഓഫില്‍ കടന്നിരുന്നു.

തുടര്‍ന്നാണ് അദ്ദേഹം ഈ വര്‍ഷം നടന്ന ഐപിഎല്ലിനു മുമ്പ് പഴയ തട്ടകമായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ ഉപദേശക സ്ഥാനമേറ്റെടുത്തത്. സീസണില്‍ കെകെആറിനെ ചാംപ്യന്‍മാരാക്കിയ ഗംഭീര്‍ തന്റെ റോള്‍ ഭംഗിയാക്കുകയും ചെയ്തു. ഇതോടെയാണ് പുതിയ ഇന്ത്യന്‍ കോച്ചിന്റെ റോളിലേക്കും അദ്ദേഹം ഫേവറിറ്റായി മാറിയത്. 2027 ഡിസംബര്‍ വരെയുള്ള കരാറിലാണ് ബിസിസിഐയുമായി ഗംഭീര്‍ ഒപ്പുവച്ചത്.
ഈ മാസമവസാനം നടക്കാനിരിക്കുന്ന ശ്രീലങ്കന്‍ പര്യടനത്തോടെയാണ് ഇന്ത്യന്‍ കോച്ചെന്ന നിലയില്‍ ഗംഭീറിന്റെ ദൗത്യത്തിനു തുടക്കമാവുക. എന്നാല്‍ അദ്ദേഹത്തിന്റെ യഥാര്‍ഥ ചാലഞ്ച് അടുത്ത വര്‍ഷം പാകിസ്താനില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ചാംപ്യന്‍സ് ട്രോഫിയായിരിക്കും.
അതിനു ശേഷം ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലും (യോഗ്യത നേടിയാല്‍ മാത്രം) ഇന്ത്യയെ കാത്തിരിക്കുന്നുണ്ട്. 2026ല്‍ നാട്ടില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യയെ തയ്യാറാക്കുന്നതും ഗംഭീറായിരിക്കും. 2027ല്‍ ഏകദിന ലോകകപ്പും അദ്ദേഹത്തിനു കീഴില്‍ ഇന്ത്യ കളിക്കുന്നുണ്ട്.