ഇന്ത്യയുടെ അടുത്ത ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും ആരൊക്കെ? ദ്രാവിഡിന്റെ മനസ്സില്‍ രണ്ടു പേരുണ്ട്
ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും ബാറ്റിങ് ഇതിഹാസവുമായ രാഹുല്‍ ദ്രാവിഡിനെ ദേശീയ ടീമിന്റെ പുതിയ കോച്ചായി നിയമിച്ചതിനെ ക്രിക്കറ്റ് ലോകവും ആരാധധകരുമെല്ലാം ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. ബുധനാഴ്ച വൈകീട്ടോടെയായിരുന്നു വന്‍മതിലെന്നു ലോകം വിശേഷിപ്പിക്കുന്ന ദ്രാവിഡിനെ പുതിയ കോച്ചായി നിയമിച്ചതായി ബിസിസിഐ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ഇപ്പോള്‍ നടക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പോടെ നിലവിലെ കോച്ച് രവി ശാസ്ത്രിയുടെ കരാര്‍ അവസാനിക്കുകയാണ്. അദ്ദേഹത്തിന്റെ പിന്‍ഗാമിയായാണ് ദ്രാവിഡിന്റെ വരവ്.
ലോകകപ്പിനു ശേഷം ന്യൂസിലാന്‍ഡിനെതിരേ നാട്ടില്‍ ഇന്ത്യ ടി20, ടെസ്റ്റ് പരമ്പരകളില്‍ കളിക്കുന്നുണ്ട്. ദേശീയ ടീമിനൊപ്പം ദ്രാവിഡിന്റെ ആദ്യത്തെ ദൗത്യവും ഇതു തന്നെയാണ്. ശാസ്ത്രിക്കു പിന്നാലെ ടി20 ലോകകപ്പിനു ശേഷം വിരാട് കോലിയും ടി20 ടീമിന്റെ നായകസ്ഥാനത്തു നിന്നു പടിയിറങ്ങുകയാണ്. അതുകൊണ്ടു തന്നെ പുതിയ ക്യാപ്റ്റനെയും ഇന്ത്യക്കു കണ്ടെത്തിയേ തീരൂ. ടീമിന്റെ ഭാവി ക്യാപ്റ്റനും വൈസ് ക്യാപ്റ്റനുമായി ആരൊക്കെയാണ് വരേണ്ടത് എന്നതിനെക്കുറിച്ച് ദ്രാവിഡിനും ചില താല്‍പ്പര്യങ്ങളുണ്ടെന്നാണ് പുറത്തുവരുന്ന സൂചനകള്‍.

രോഹിത്തും രാഹുലും
ഇന്ത്യന്‍ കോച്ച് സ്ഥാനമേറ്റെടുക്കുന്നതിന് മുമ്പ് ബിസിസിഐ നടത്തിയ അഭിമുഖത്തില്‍ ക്യാപ്റ്റന്‍സിയെക്കുറിച്ചും ദ്രാവിഡിനോടു ചോദിച്ചിരുന്നതായി ഇന്ത്യന്‍ എക്‌സ്പ്രസാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യയുടെ നിശ്ചിത ഓവര്‍ ടീമിന്റെ ക്യാപ്റ്റന്‍ ്സ്ഥാനത്തേക്കു നിങ്ങള്‍ ആരെയാണ് നോക്കുന്നത് എന്നായിരുന്നു ദ്രാവിഡിനോടുള്ള ചോദ്യം.
രോഹിത് ശര്‍മയെ നിശ്ചിത ഓവര്‍ ടീമിന്റെ ക്യാപ്റ്റനാക്കണമന്നായിരുന്നു ദ്രാവിഡിന്റെ മറുപടി. അനുഭവസമ്പത്തും നിശ്ചിത ഓവര് ഫോര്‍മാറ്റില്‍ ക്യാപ്റ്റനെന്ന നിലയിലുള്ള റെക്കോര്‍ഡും വിലയിരുത്തുമ്പോള്‍ ഈ സ്ഥാനത്തിന് ഏറ്റവും അനുയോജ്യന്‍ രോഹിത്താണെന്നും അദ്ദേഹം പറഞ്ഞതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. കെഎല്‍ രാഹുലിനെ വൈസ് ക്യാപ്റ്റനാക്കണമെന്നും ഭാവി നായകനായി വളര്‍ത്തിക്കൊണ്ടു വരണമെന്നും ദ്രാവിഡ് അഭിപ്രായപ്പട്ടതായി റിപ്പോര്‍ട്ടിലുണ്ട്.

കോലി ടെസ്റ്റില്‍ മാത്രം
ടി20 ടീമിന്റെ മാത്രം നായകസ്ഥാനമാണ് ലോകകപ്പിനു ശേഷം ഒഴിയുന്നതെന്നായിരുന്നു വിരാട് കോലി നേരത്തേ പ്രഖ്യാപിച്ചത്. ഏകദിനം, ടെസ്റ്റ് എന്നിവയില്‍ ക്യാപ്റ്റനായി തന്നെ തുടരുമെന്നും കോലി വ്യക്തമാക്കിയിരുന്നു. പക്ഷെ അദ്ദേഹത്തെ ഏകദിന ടീമിന്റെ നായകസ്ഥാനത്തു നിലനിര്‍ത്താന്‍ ബിസിസിഐയ്ക്കു താല്‍പ്പര്യമില്ലെന്നാണ് അണിയറ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
ടി20, ഏകദിനം എന്നിവയില്‍ വ്യത്യസ്ത ക്യാപ്റ്റന്‍മാര്‍ ടീമിനെ നയിക്കുന്നത് ഒരുപാട് ആശയക്കുഴപ്പങ്ങള്‍ക്കു വഴിയൊരുക്കുമെന്നും അതുകൊണ്ടു തന്നെ ടി20, ഏകദിനം എന്നിവയുടെ നായകസ്ഥാനം രോഹിത്തിനെയും ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റന്‍സി കോലിയയും ഏല്‍പ്പിക്കാനാണ് ബോര്‍ഡിന് താല്‍പ്പര്യമെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ വെളിപ്പെടുത്തിയിരുന്നു.
ലോകകപ്പിനു ശേഷമായിരിക്കും ഇന്ത്യയുടെ പുതിയ നിശ്ചിത ഓവര്‍ ക്യാപ്റ്റനെ ബിസിസിഐ പ്രഖ്യാപിച്ചേക്കുക. ടൂര്‍ണമെന്റിനിടെ അതുണ്ടായാല്‍ അതു ടീമിന്റെ പ്രകടനത്തെ മോശമായി ബാധിച്ചേക്കാമെന്ന ആശങ്കയും ബിസിസിഐയ്ക്കുണ്ട്. എന്നാല്‍ ഇന്ത്യ ലോകകപ്പിന്റെ സെമി ഫൈനല്‍ കാണാതെ പുറത്താവുകയാണെങ്കില്‍ പുതിയ ക്യാപ്റ്റനെ ടൂര്‍ണമെന്റ് തീരുന്നതിനു മുമ്പ് തന്നെ പ്രഖ്യാപിക്കാനിടയുണ്ട്. ന്യൂസിലാന്‍ഡിനെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമിനെയും സെലക്ടര്‍മാര്‍ വൈകാതെ തിരഞ്ഞെടുക്കും.

ദ്രാവിഡില്‍ പ്രതീക്ഷ വാനോളം
ഇന്ത്യന്‍ സീനിയര്‍ ടീമിന്റെ മുഖ്യ കോച്ചായി ദ്രാവിഡ് വരുമ്പോള്‍ പ്രതീക്ഷ വാനോളമാണ്. കാരണം നേരത്തേ അണ്ടര്‍ 19, എ ടീമുകളുടെ പരിശീലകനായി മിടുക്ക് തെളിയിട്ടുള്ള വ്യക്തിയാണ് അദ്ദേഹം. ഇപ്പോള്‍ സീനിയര്‍ ടീമിനു വേണ്ടി തകര്‍പ്പന്‍ പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന ചില യുവതാരങ്ങള്‍ അദ്ദേഹത്തിന്റെ കണ്ടെത്തലാണ്. 2018ല്‍ പൃഥ്വി ഷായുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യയുടെ ജൂനിയര്‍ ടീം ന്യൂസിലാന്‍ഡില്‍ നടന്ന അണ്ടര്‍ 19 ലോകകപ്പില്‍ വിജയികളായപ്പോള്‍ ദ്രാവിഡായിരുന്നു പരിശീലകന്‍. ഈ വര്‍ഷം ഇന്ത്യന്‍ സീനിയര്‍ ടീമിന്റെ താല്‍ക്കാലിക കോച്ചായി ഒരു പരമ്പരയില്‍ മാത്രം അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. രണ്ടാംനിര ടീം ശ്രീലങ്കയില്‍ പര്യടനം നടത്തിയപ്പോഴായിരുന്നു ഇത്. ശിഖര്‍ ധവാനു കീഴില്‍ പരീക്ഷണ ടീമിനെയായിരുന്നു ഇന്ത്യ ലങ്കയിലേക്കു അയച്ചത്. ടി20, ഏകദിന പരമ്പരകളായിരുന്നു ഇന്ത്യ കളിച്ചത്. ഏകദിന പരമ്പര ഇന്ത്യ നേടിയപ്പോള്‍ ടി20 പരമ്പര ലങ്കയ്ക്കായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications