ഐപിഎല്ലും ഇന്ത്യയുടെ 'ഫാബ് ഫോറും'... മിന്നിയത് ആര്? എല്ലാം പറയും ഈ കണക്കുകള്‍
മുംബൈ: 2000ത്തിന്റെ തുടക്കത്തിലാണ് ഇന്ത്യന്‍ ക്രിക്കറ്റിലെ ഫാബുലസ് ഫോറെന്ന പേരില്‍ ഒരു നാല്‍വര്‍ ബാറ്റിങ് സംഘം ഉയര്‍ന്നുവന്നത്. ഇതിഹാസ താരങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ്, വിവിഎസ് ലക്ഷ്മണ്‍ എന്നിവരായിരുന്നു ഫാബ് ഫോറിലെ അംഗങ്ങള്‍. അക്കാലത്ത് ഇന്ത്യന്‍ ബാറ്റിങിന്റെ നട്ടെല്ല് തന്നെയായിരുന്നു ഈ നാല്‍വര്‍ സംഘം. ഫാബ് ഫോര്‍ ചേര്‍ന്ന് ടെസ്റ്റില്‍ ഇന്ത്യക്കു വേണ്ടി വാരിക്കൂട്ടിയത് 45,000ല്‍ അധികം റണ്‍സാണ്. ഇവരില്‍ സച്ചിനും ഗാംഗുലിയും ഏകദിനത്തിലും വലിയ നേട്ടങ്ങള്‍ കൈവരിച്ചപ്പോള്‍ ദ്രാവിഡും ലക്ഷ്മണും ടെസ്റ്റ് സ്‌പെഷ്യലിസ്റ്റുകളെന്ന നിലയിലാണ് കൂടുതല്‍ പേരെടുത്തത്.
2007ല്‍ ഇന്ത്യ ജേതാക്കളായ പ്രഥമ ടി20 ലോകകപ്പില്‍ ഫാബ് ഫോര്‍ ടീമിന്റെ ഭാഗമായിരുന്നില്ല. എന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ വിപ്ലവം സൃഷ്ടിച്ച ഐപിഎല്ലില്‍ കളിക്കാന്‍ നാലു പേര്‍ക്കും ഭാഗ്യം ലഭിച്ചു. പക്ഷെ ഇവരുടെയെല്ലാം കരിയറിന്റെ അവസാന കാലത്താണ് ഐപിഎല്ലിന്റെ തുടക്കമെന്നത് ക്രിക്കറ്റ പ്രേമികളെ നിരാശരാക്കുന്നു. ഐപിഎല്ലില്‍ ഇന്ത്യയുടെ ഫാബ് ഫോറിന്റെ പ്രകടനം എങ്ങനെ ആയിരുന്നുവെന്നു നോക്കാം.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍
ഫാബ് ഫോറില്‍ ഐപിഎല്ലില്‍ കൂടുതല്‍ മല്‍സരങ്ങളില്‍ കളിക്കാന്‍ ഭാഗ്യമുണ്ടായ താരം സച്ചിന്‍ ടെണ്ടുല്‍ക്കറാണ്. തന്റെ ഹോം ഫ്രാഞ്ചൈസി കൂടിയായ മുംബൈ ഇന്ത്യന്‍സിനു വേണ്ടിയാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ കളിച്ചത്. ടീമിന് മുംബൈ ഇന്ത്യന്‍സെന്ന പേര് നിര്‍ദേശിച്ചതും ഫ്രാഞ്ചൈസി ഉടമകള്‍ കണ്ടു വച്ചിരുന്ന പേര് മുംബൈ റാസോഴ്‌സ് എന്നായിരുന്നുവെന്നും നേരത്തേ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
ഐപിഎല്ലിന്റെ തുടക്കത്തില്‍ സച്ചിന് അത്ര മികച്ച പ്രകടനം നടത്താന്‍ സാധിച്ചിരുന്നില്ല. 2010, 11 സീസണുകളിലാണ് അദ്ദേഹം ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തത്. 2010ല്‍ 15 മല്‍സരങ്ങളില്‍ 618 റണ്‍സെടുത്ത് ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കിയ അദ്ദേഹം 2011ല്‍ 16 കളികളില്‍ നിന്നും 553 റണ്‍സും നേടി.
2013ല്‍ മുംബൈക്കൊപ്പം കിരീടവിജയത്തോടെയാണ് സച്ചിന്‍ ഐപിഎല്ലിനോടു വിടചൊല്ലിയത്. 78 മല്‍സരങ്ങളില്‍ നിന്നും 34.83 ശരാശരിയില്‍ 2334 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. ഒരു സെഞ്ച്വറിയും 13 ഫിഫ്റ്റികളും ഇതില്‍പ്പെടുന്നു. പുറത്താവാതെ നേടിയ 100 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

വിവിഎസ് ലക്ഷ്മണ്‍
ഐപിഎല്ലിന്റെ ആദ്യത്തെ മൂന്നു സീസണുകളിലും ഹോം ഫ്രാഞ്ചൈസിയായ ഡെക്കാന്‍ ചാര്‍ജേഴ്‌സിന്റെ താരമായിരുന്നു ലക്ഷ്മണ്‍. എന്നാല്‍ ബാറ്റിങില്‍ കാര്യമായ നേട്ടങ്ങളുണ്ടാക്കാന്‍ അദ്ദേഹത്തിനായില്ല. ഡെക്കാനോടൊപ്പം ഒരു തവണ കിരീടവിജയമാഘോഷിക്കാനും ലക്ഷ്മണിനു കഴിഞ്ഞു. എന്നാല്‍ ഐപിഎല്‍ കരിയറില്‍ ആകെ ഒരു തവണ മാത്രമാണ് അദ്ദേഹത്തിനു ഫിഫ്റ്റി തികയ്ക്കാനായത്. 2010ല്‍ ലക്ഷ്മണിനെ ഡെക്കാന്‍ ഒഴിവാക്കി. തുടര്‍ന്നു അദ്ദേഹം കൊച്ചി ടസ്‌കേഴ്‌സ് കേരള ടീമിന്റെ ഭാഗമായി.
നാലു ഐപിഎല്ലുകളില്‍ കളിച്ചെങ്കിലും ആകെ 20 മല്‍സരങ്ങളില്‍ മാത്രമേ ലക്ഷ്മണിനു പ്ലെയിങ് ഇലവനില്‍ ഇടം ലഭിച്ചുള്ളൂ. 14.82 ശരാശരിയില്‍ 282 റണ്‍സാണ് അദ്ദേഹം നേടിയത്. 33 ബൗണ്ടറികളും അഞ്ചു സിക്‌സറും പായിച്ച ലക്ഷ്മണിന്റെ സ്‌ട്രൈക്ക് റേറ്റ് 105.62 ആയിരുന്നു.

രാഹുല്‍ ദ്രാവിഡ്
സച്ചിന്‍, ലക്ഷ്മണ്‍ എന്നിവരെപ്പോലെ ഐപിഎല്ലില്‍ കിരീടനേട്ടത്തില്‍ പങ്കാളിയാവാന്‍ ദ്രാവിഡിനായിട്ടില്ല. 2009ല്‍ തന്റെ ഹോം ഫ്രാഞ്ചൈസിയായ റോയല്‍ ചാലഞ്ചേഴ്‌സ് ബംഗ്ലൂരിനൊപ്പം റണ്ണറപ്പായതാണ് ഏറ്റവും വലിയ നേട്ടം. ആര്‍സിബിക്കു വേണ്ടി മൂന്നു സീസണുളില്‍ കളിച്ച ദ്രാവിഡ് 2011ല്‍ രാജസ്ഥാന്‍ റോയല്‍സിലുമെത്തി.
2008ലെ ഐപിഎല്‍ ആര്‍സിബിയുടെ മിന്നും താരമായിരുന്നു വന്‍മതില്‍. 14 മല്‍സരങ്ങളില്‍ നിന്നും 371 റണ്‍സ് അദ്ദേഹം നേടി. എന്നാല്‍ പിന്നീടുള്ള രണ്ടു സീസണുകളിലും ദ്രാവിഡിന് 300 റണ്‍സ് തികയ്ക്കാനില്ല. 2011ലെ ഐപിഎല്ലില്‍ രാജസ്ഥാന്റെ ക്യാപ്റ്റന്‍ കൂടിയായിരുന്നു ദ്രാവിഡ്.
2013ലെ ഐപിഎല്ലില്‍ രാജസ്ഥാനു വേണ്ടിയാണ് ദ്രാവിഡിന്റെ ഏറ്റവും മികച്ച പ്രകടനം കണ്ടത്. സീസണില്‍ 18 മല്‍സരങ്ങളില്‍ നിന്നും 471 റണ്‍സ് അദ്ദേഹം അടിച്ചെടുത്തു. ഐപിഎല്‍ കരിയറില്‍ 11 ഫിഫ്റ്റികളടക്കം 89 മല്‍സരങ്ങളില്‍ നിന്നിം 2174 റണ്‍സാണ് ദ്രാവിഡിന്റെ സമ്പാദ്യം. പുറത്താവാതെ നേടിയ 75 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

സൗരവ് ഗാംഗുലി
ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകനും ഇപ്പോള്‍ ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി തന്റെ ഹോം ഫ്രാഞ്ചൈസിയായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിലൂടെയാണ് ഐപിഎല്‍ കരിയര്‍ ആരംഭിച്ചത്. 2010 സീസണിലെ റണ്‍വേട്ടക്കാരില്‍ രണ്ടാമതെത്തിയിട്ടും 2011ല്‍ കെകെആര്‍ അദ്ദേഹത്തെ ഒഴിവാക്കി. 2010ല്‍ 14 മല്‍സരങ്ങളില്‍ നിന്നും 493 റണ്‍സായിരുന്നു ദാദ നേടിയത്. മൂന്നു സീസണുകളിലായി കെകെആറിനു വേണ്ടി ഏഴു ഫിഫ്റ്റികള്‍ ഗാംഗുലിയുടെ പേരിലുണ്ട്.
കെകെആര്‍ ഒഴിവാക്കിയ ഗാംഗുലി പിന്നീടെത്തിയത് പൂനെ വാരിയേഴ്‌സിലാണ്. എന്നാല്‍ പൂനെയില്‍ അദ്ദേഹം പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നില്ല. കളിച്ച രണ്ടു സീസണുകളില്‍ ഗാംഗുലിയുടെ സ്‌ട്രൈക്ക് റേറ്റ് 100നും താഴെയായിരുന്നു. ഐപിഎല്ലില്‍ ആകെ 59 മല്‍സരങ്ങളില്‍ നിന്നും 1349 റണ്‍സാണ് ഗാംഗുലി നേടിയത്. 91 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications