ഇംഗ്ലണ്ടിനെതിരേ സമാപിച്ച ടെസ്റ്റ് പരമ്പരയില്‍ ടീം ഇന്ത്യ ഒരാളെ ശരിക്കും മിസ് ചെയ്തുവെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ന്യൂസിലാന്‍ഡിന്റെ മുന്‍ സ്റ്റാര്‍ ബാറ്റര്‍ ക്രെയ്ഗ് മക്മില്ലന്‍. നിലവില്‍ വൈറ്റ് ബോള്‍ ഫോര്‍മാറ്റുകളില്‍ മാത്രം കളിക്കുന്ന സൂപ്പര്‍ താരത്തെ കുറിച്ചാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.
രോഹിത് ശര്‍മ, വിരാട് കോലി, ആര്‍ അശ്വിന്‍ തുടങ്ങിയ ബിഗ് ത്രീയുടെ അഭാവത്തിലും പുതിയ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ നയിച്ച ഇന്ത്യ ഗംഭീര പ്രകടനം കാഴ്ചവച്ചിരുന്നു. അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ കരുത്തരായ ഇംഗ്ലണ്ടിനെ 2-2നു തളച്ച് തലയുയര്‍ത്തിയാണ് ഇന്ത്യ മടങ്ങിയത്. ഫൈനലിനു തുല്യമായ ഓവിലെ അവസാന ടെസ്റ്റിലെ ആറു റണ്‍സിന്റെ നാടകീയ വിജയമാണ് ഇന്ത്യയെ ഇതിനു സഹായിച്ചത്.

മിസ് ചെയ്തയാള്‍
സീം ബൗളിങ് ഓള്‍റൗണ്ടറും സൂപ്പര്‍ താരവുമായ ഹാര്‍ദിക് പാണ്ഡ്യയെയാണ് ഇംഗ്ലണ്ട് പര്യടനത്തില്‍ ഇന്ത്യന്‍ ടെസ്റ്റ് ടീം മിസ് ചെയ്തതെന്നാണ് ക്രെയ്ഗ് മക്മില്ലന്റെ നിരീക്ഷണം. ടൈംസ് ഓഫ് ഇന്ത്യയോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉപഭൂഖണ്ഡത്തിലെ ടെസ്റ്റുകളില്‍ രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരെപ്പോലെയുള്ള ഓള്‍റൗണ്ടര്‍മാര്‍ ഇന്ത്യക്കുണ്ടെങ്കിലും വിദേത്തെ ടെസ്റ്റുകളില്‍ ഹാര്‍ദിക് പാണ്ഡ്യയെപ്പോലുള്ളവരെ ടീമിനു ആവശ്യമാണെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.
ഏഷ്യന്‍ സാഹചര്യങ്ങളില്‍ രവീന്ദ്ര ജഡേജ, വാങിടണ്‍ സുന്ദര്‍ പോലെയുള്ള സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടറെയാണ് നിങ്ങള്‍ക്കു ആവശ്യം. നേരത്തേ ആര്‍ അശ്വിനുമുണ്ടായിരുന്നു. പക്ഷെ ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് പോലെയുള്ള വേദികൡ ടെസ്റ്റ് കളിക്കുമ്പോള്‍ സീം ബൗളിങ് ഓള്‍റൗണ്ടറെ നിങ്ങള്‍ക്കു ആവശ്യമാണ്.
അവിടെയാണ് ഹാര്‍ദിക് പാണ്ഡ്യയെ പോലെ മീഡിയം പേസറും ലോവര്‍ ഓര്‍ഡര്‍ ബാറ്ററുമായ ഒരാളെ ഇന്ത്യന്‍ ടീം ശരിക്കും മിസ് ചെയ്തത്. ഇംഗ്ലണ്ടിന്റെ കാര്യമെടുത്താല്‍ രണ്ടു താരങ്ങള്‍ക്കു തുല്യമായിരുന്നു ബെന്‍ സ്‌റ്റോക്‌സെന്നും മക്മില്ലന്‍ വിശദമാക്കി.
ഗില്ലിനു പ്രശംസ
ഇംഗ്ലണ്ടിനെതിരേ ഇന്ത്യന്‍ ടെസ്റ്റ് ടീമിനെ മികച്ച രീതിയില്‍ നയിച്ച ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനെ പ്രശംസിക്കാനും ക്രെയ്ഗ് മക്മില്ലന്‍ മടിച്ചില്ല. ശുഭ്മന്‍ ഗില്‍ മികച്ച ക്യാപ്റ്റനായാണ് കാണപ്പെട്ടത്. ആദ്യത്തെ പരമ്പര കടുപ്പമാണ്. ഇത്രയും സമ്മര്‍ദ്ദമുണ്ടാക്കുന്ന ഒരു പരമ്പരയില്‍ അവന്‍ ചില പിഴവുകള്‍ വരുത്തിയിട്ടുണ്ടാവാം.
പക്ഷെ ഗില്ലിന്റെ ആദ്യ പരമ്പരയില്‍ നിങ്ങള്‍ അതു പ്രതീക്ഷിക്കണം. കൂടുതല്‍ അനുഭവസമ്പത്ത് നേടുന്നതിലൂടെ അവന്‍ ഇനിയും മെച്ചപ്പെടും. ഗില്ലിലാണ് ഇനി ഭാവി. അതുകൊണ്ടു തന്നെ ഇന്ത്യ അവനില്‍ നിക്ഷേപിക്കും. സ്വന്തം ടീമിന്റെ ഗെയിമിനെ കുറിച്ച് ഗില്‍ മനസ്സിലാക്കും. ഇതു വളരെ പ്രധാനമാണെന്നും താന്‍ കരുതുന്നതായും മക്്മില്ലന്‍ കൂട്ടിച്ചേര്‍ത്തു.

ഹാര്‍ദിക്കിന്റെ ടെസ്റ്റ് കരിയര്‍
ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും ഹാര്‍ദിക് പാണ്ഡ്യ ഇനിയും വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ല. തുടര്‍ച്ചയായി പരിക്കുകളും ഫിറ്റ്‌നസ് പ്രശ്‌നങ്ങളും വലച്ചതോടെ അദ്ദേഹം ടെസ്റ്റില്‍ നിന്നും അനിശ്ചിതമായി മാറി നില്‍ക്കുകയാണ്. 2017 ജൂലൈ 26നു ശ്രീലങ്കയ്‌ക്കെതിരേ ഗല്ലെ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന ടെസ്റ്റിലൂടെയാണ് ഹാര്‍ദിക് അരങ്ങേറിയത്.
പക്ഷെ കഷ്ടിച്ച്് ഒരു വര്‍ഷത്തിലേറെ മാത്രമേ അദ്ദേഹത്തിനു റെഡ് ബോള്‍ ക്രിക്കറ്റില്‍ കളിക്കാനായുള്ളൂ. 2018 ആഗസ്റ്റ് 30ന് ഇംഗ്ലണ്ടുമായി സതാംപ്റ്റണില്‍ നടന്ന ടെസ്റ്റിലാണ് ഹാര്‍ദിക് അവസാനമായി കളിച്ചത്. 11 ടെസ്റ്റുകളിലാണ് അദ്ദേഹം ഇന്ത്യന്‍ കുപ്പായമണിഞ്ഞത്.
31.29 ശരാശരിയില്‍ 532 റണ്‍സെടുത്ത ഹാര്‍ദിക് 17 വിക്കറ്റുകളും നേടിയിട്ടുണ്ട്. 108 റണ്‍സാണ് അദ്ദേഹത്തിന്റെ കരിയര്‍ ബെസ്റ്റ് സ്‌കോറെങ്കില്‍ 28 റണ്‍സിനു അഞ്ചു വിക്കറ്റെടുത്തതാണ് ബൗളിങിലെ മികച്ച പ്രകടനം.
ടെസ്റ്റിലേക്കു ഹാര്‍ദിക് മടങ്ങി വന്നേക്കുമെന്ന തരത്തില്‍ നേരത്തേയും പ ല റിപ്പോര്‍ട്ടുകളും വന്നിരുന്നു. പക്ഷെ അദ്ദേഹം ടെസ്റ്റ് പൂര്‍ണമായും മതിയാക്കിയ മട്ടാണ്. തന്റെ വൈറ്റ് ബോള്‍ കരിയര്‍ ദീര്‍ഘിപ്പിക്കുന്നതിനായാണ് ടെസ്റ്റ് ഇനി വേണ്ടെന്ന തീരുമാനം ഹാര്‍ദിക് എടുത്തിട്ടുള്ളത്.