ആ താരത്തെ ലഭിച്ചത് ഇന്ത്യയുടെ ഭാഗ്യം, അത് വിരാട് കോലിയല്ല!! പാക് ഇതിഹാസം പറയുന്നത്...

കറാച്ചി: ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഫൈനലിനാണ് ഇത്തവണ ക്രിക്കറ്റ് ലോകം സാക്ഷിയായതെന്ന് പാകിസ്താന്റെ മുന്‍ ബാറ്റിങ് ഇതിഹാസം സഹീര്‍ അബ്ബാസ് അഭിപ്രായപ്പെട്ടു. ലോകകപ്പ് ഫൈനല്‍ ആദ്യമായി സൂപ്പര്‍ ഓവറിലേക്ക് നീണ്ടത് ഇത്തവണത്തെ പ്രത്യേകതയാണ്. ഇംഗ്ലണ്ട് ജേതാക്കളായതില്‍ എല്ലാവര്‍ക്കും സന്തോഷമുണ്ട്.
ന്യൂസിലാന്‍ഡും മികച്ച പ്രകടനം തന്നെയാണ് നടത്തിയത്. അന്തിമമായി നോക്കിയാല്‍ ഇതു ക്രിക്കറ്റിന്റെ വിജയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരനും ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശര്‍മയെക്കുറിച്ച് തികഞ്ഞ മതിപ്പാണ് അബ്ബാസിനുള്ളത്.

രോഹിത്തിനെ ലഭിച്ചത് ഭാഗ്യം
രോഹിത് ശര്‍മയെപ്പോലൊരു ബാറ്റ്‌സ്മാനെ ലഭിച്ചത് ഇന്ത്യയുടെ ഭാഗ്യമാണെന്ന് അബ്ബാസ് പറയുന്നു. ഒരു ബൗളര്‍ പന്തെറിയുമ്പോള്‍ അതിന്റെ ദിശ മുന്‍കൂട്ടി കാണാനുനുള്ള കഴിവ് ഇന്ത്യന്‍ ടീമില്‍ മറ്റാരേക്കാളും കൂടുതലുള്ളത് രോഹിത്തിനാണ്.
ഇതാണ് അടിസ്ഥാനകാര്യം. പന്തിനെ ശരിക്കും മനസ്സിലാക്കാന്‍ കഴിഞ്ഞാല്‍ അനായാസം ഷോട്ടുകള്‍ കളിക്കാന്‍ കഴിയും. ഒരു ബാറ്റ്‌സ്മാന്റെ ഏറ്റവും വലിയ കരുത്തും അതു തന്നെയാണെന്നും അബ്ബാസ് വിശദമാക്കി.

കോലിക്ക് സെഞ്ച്വറിയില്ല
ലോകകപ്പില്‍ വിരാട് കോലിക്കു ഒരു സെഞ്ച്വറി പോലും നേടാന്‍ കഴിഞ്ഞില്ലെന്നത് അത്ര വലിയ കാര്യമല്ലെന്ന് അബ്ബാസ് പറഞ്ഞു. ഇതെല്ലാം ക്രിക്കറ്റിന്റെ ഭാഗമാണ്. എങ്കിലും കോലി നന്നായി കളിച്ചെന്ന കാര്യത്തില്‍ സംശയമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ ലോകകപ്പിലെ ഏറ്റവും മികച്ച ക്യാപ്റ്റന്‍ ന്യൂസിലാന്‍ഡിനെ ഫൈനല്‍ വരെയെത്തിച്ച കെയ്ന്‍ വില്ല്യംസണാണെന്നും അബ്ബാസ് അഭിപ്രായപ്പെട്ടു.

സ്റ്റാര്‍ക്ക് കേമന്‍
നിരവധി ഫാസ്റ്റ് ബൗളര്‍മാര്‍ ലോകകപ്പില്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. എന്നാല്‍ ഏറ്റവും കേമനായി തനിക്കു തോന്നിയത് ഓസ്‌ട്രേലിയന്‍ പേസര്‍ മിച്ചെല്‍ സ്റ്റാര്‍ക്കാണെന്നു അബ്ബാസ് ചൂണ്ടിക്കാട്ടി.
പാകിസ്താന്‍ ലോകകപ്പിന്റെ സെമി ഫൈനലില്‍ എത്തേണ്ടതായിരുന്നുവെന്ന് അബ്ബാസ് പറയുന്നു. പാക് ടീം സെമി കളിക്കേണ്ടതായിരുന്നു. എന്താണ് അവസാനത്തേത് സംഭവിച്ചതെന്നറിയില്ല. ഇന്ത്യ- പാകിസ്താന്‍ ലോകകപ്പ് ഫൈനല്‍ കാണാനാണ് താന്‍ ആഗ്രഹിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications