ടീം തന്നില്‍ ഹാപ്പി, മെച്ചപ്പെടുത്തേണ്ടത് ഒന്നുമാത്രം! ശാസ്ത്രി നല്‍കിയ ഉപദേശമെന്ത്? നട്ടു പറയുന്നു
കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ കണ്ടെത്തലുകളിലൊന്നായി മാറിയ താരമാണ് തമിഴ്‌നാട്ടുകാരനായ പേസര്‍ ടി നടരാജന്‍. ഓസീസ് പര്യടനത്തില്‍ മൂന്നു ഫോര്‍മാറ്റിലും ദേശീയ ടീമിനു വേണ്ടി അരങ്ങേറ്റം കുറിക്കാന്‍ 'നട്ടു'വിനു അവസരം ലഭിച്ചിരുന്നു. ഇവയിലെല്ലാം അദ്ദേഹം തന്റെ സാന്നിധ്യമറിയിക്കുകയും ചെയ്തു.
ഇംഗ്ലണ്ടിനെതിരേ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ നടരാജനു ഇന്ത്യ വിശ്രമം അനുവദിക്കുകയായിരുന്നു. വൈകാതെ തന്നെ സ്വന്തം നാട്ടിലും ഇന്ത്യന്‍ ടീമിനായി കളിക്കാന്‍ തനിക്കു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നടരാജന്‍. ഓസീസ് പര്യടനത്തെക്കുറിച്ചും തന്റെ ഭാവി പരിപാടികളെക്കുറിച്ചും മനസ്സ് തുറക്കുകയാണ് യോര്‍ക്കര്‍ സ്‌പെഷ്യലിസ്റ്റ്.

സ്വപ്‌നം പോലെ തോന്നുന്നു
സമീപകാലത്തെ സംഭവങ്ങള്‍ സ്വപ്‌നം പോലെയാണ് അനുഭവപ്പെടുന്നതെന്നു നടരാജന്‍ പറഞ്ഞു. ഐപിഎല്ലില്‍ കളിക്കാന്‍ അവസരം ലഭിക്കുമെന്ന പ്രതീക്ഷയായിരുന്നു ആദ്യമുണ്ടായിരുന്നത്. ഐപിഎല്ലില്‍ കളിക്കാന്‍ കഴിയുകയും നല്ല പ്രകടനം നടത്തുകയും ചെയ്തതോടെ പിന്നീടുള്ള മാസങ്ങള്‍ ഒരു സ്വപ്‌നം പോലെയാണ് കടന്നുപോയത്. മറക്കാനാവാത്ത മാസങ്ങളാണ് ഇവയെന്നും അദ്ദേഹം വ്യക്തമാക്കി.
മൂന്നു ഫോര്‍മാറ്റുകളിലും തുടര്‍ന്നും ഇന്ത്യക്കു വേണ്ടി കളിക്കുകയാണ് ലക്ഷ്യം. അതിനു അനുസരിച്ച് ജോലിഭാരം ക്രമീകരിക്കേണ്ടതുണ്ട്. ഞാന്‍ ശരിയായ രീതിയിലാണ് ഇതു ചെയ്യുന്നതെന്നു ബിസിസിഐ ഉറപ്പു വരുത്തുകയും ചെയ്യുന്നുണ്ടെന്നു നട്ടു വിശദമാക്കി.

ഫിറ്റ്‌നസ് മെച്ചപ്പെടുത്തണം
ഫിറ്റ്‌നസ് മെച്ചപ്പെടുത്തുന്നതിനാണ് ഇനി കൂടുതല്‍ ശ്രദ്ധ നല്‍കുന്നത്. മൂന്നു ഫോര്‍മാറ്റുകളിലും കളിക്കാന്‍ ലക്ഷ്യമിടുമ്പോള്‍ നിങ്ങള്‍ ഏറ്റവുമുയര്‍ന്ന ഫിറ്റ്‌നസ് നിലവാരം കാത്തുസൂക്ഷിക്കേണ്ടതുണ്ടെന്നും നട്ടു പറഞ്ഞു.
ഇന്ത്യന്‍ ടീമിന്റെ ഡ്രസിങ് റൂമില്‍ മികച്ച പിന്തുണയാണ് എനിക്കു ലഭിച്ചത്. പുതിയൊരാളാണെന്നു എനിക്കൊരിക്കലും തോന്നിയില്ല. ദീര്‍ഘകാലമായി ഈ ടീമിനൊപ്പം കളിക്കുന്നതു പോലെയാണ് അനുഭവപ്പെട്ടത്. കൂടുതല്‍ സമയം ടീമിനൊപ്പം ചെലവഴിച്ചതോടെ ഞാന്‍ ഹിന്ദി മനസ്സിലാക്കാനും തുടങ്ങി. ഇപ്പോള്‍ ഞാന്‍ പഴയതു പോലെ നാണംകുണുങ്ങിയല്ലെന്നും നടരാജന്‍ കൂട്ടിച്ചേര്‍ത്തു.

ശാസ്ത്രിയുടെ ഉപദേശം
ഇന്ത്യക്കു വേണ്ടി അരങ്ങേറ്റ മല്‍സരത്തില്‍ ഇറങ്ങുന്നതിനു മുമ്പ് കോച്ച് രവി ശാസ്ത്രി നല്‍കിയ ഉപദേശം നീ ഇതുവരെ എന്താണോ ചെയ്തു കൊണ്ടിരുന്നത് അത് തികഞ്ഞ ആത്മവിശ്വാസത്തോടെ, ധൈര്യത്തോടെ ചെയ്യണമെന്നായിരുന്നു. അദ്ദേഹത്തില്‍ നിന്നും ലഭിച്ച പ്രചോദനം വളരെ വലുതായിരുന്നുവെന്നും നടരാജന്‍ വെളിപ്പെടുത്തി.
തമിഴ്‌നാട് പ്രീമിയര്‍ ലീഗില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചതിനാല്‍ ഇന്ത്യന്‍ ബൗളിങ് കോച്ച് ഭരത് അരുണുമായി കാര്യങ്ങള്‍ നന്നായി പ്ലാന്‍ ചെയ്യാന്‍ കഴിഞ്ഞതായി പേസര്‍ പറയുന്നു. ഭരതിനോടു എനിക്കു എന്തു സംശയവും ചോദിക്കാം. അദ്ദേഹം അതിനു മറുപടി നല്‍കും. ഓരോ മല്‍സരത്തിനു മുമ്പും എതിര്‍ ടീമിന്റെ ശക്തിയും വീക്ക്‌നെസും ഞങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നതായും നടരാജന്‍ പറഞ്ഞു.

സഹനശക്തി മെച്ചപ്പെടണം
ഇന്ത്യന്‍ ടീം എന്റെ കഴിവില്‍ ഹാപ്പിയാണെന്നു തോന്നുന്നു. സഹനശക്തി മെച്ചെടുത്താന്‍ ഞാന്‍ ശ്രമിക്കണമെന്നാണ് അവര്‍ ആഗ്രഹിക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റില്‍ സഹന ശക്തിക്കു വലിയ പ്രാധാന്യമുണ്ടെന്നും നടരാജന്‍ വ്യക്തമാക്കി.
ബൗളിങില്‍ സ്വന്തം വേഗം ഇനിയും കൂട്ടണമെന്ന് ആഗ്രഹിക്കുന്നുണ്ട്. ഐപിഎല്‍ മുതല്‍ ഓസീസ് പര്യടനം വരെ സ്ഥിരമായി 135 കിമിക്കടുത്ത് വേഗതയിലാണ് ബൗള്‍ ചെയ്തു കൊണ്ടിരുക്കുന്നത്. എന്നാല്‍ ടെസ്റ്റില്‍ വേഗം അല്‍പ്പം കുറഞ്ഞിരുന്നു. സഹനശക്തിയാണ് ഇതിനു കാരണമെന്നാണ് തനിക്കു തോന്നുന്നതെന്നു പേസര്‍ മനസ്സ് തുറന്നു.

മിസ്സ് ചെയ്യുന്നു
ഇംഗ്ലണ്ടിനെതിരേ ചെന്നൈയില്‍ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യക്കു വേണ്ടി കളിക്കാന്‍ കഴിയാത്തതില്‍ നിരാശയുണ്ട്. ഇന്ത്യന്‍ ടീമില്‍ ഇല്ലാത്തത് ഞാന്‍ ഉറപ്പായിട്ടും മിസ്സ് ചെയ്യുന്നു. പക്ഷെ ഒരു ബ്രേക്ക് വേണമെന്നത് പ്രധാനമാണെന്നു ഞാന്‍ മനസ്സിലാക്കുന്നു. കഴിഞ്ഞ ആറു മാസതത്തോളമായി കുടുംബത്താടൊപ്പവും പുതുതായി ജനിച്ച കുഞ്ഞിനൊപ്പവും സമയം ചെലവിടാന്‍ എനിക്കായിട്ടില്ല. അതുകൊണ്ടു തന്നെ ഈ ബ്രേക്കില്‍ ഞാന്‍ ഓക്കെയാണെന്നും നട്ടു കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications