മുംബൈ: വലിയ പ്രതീക്ഷകള്‍ നല്‍കി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്കെത്തിയ ഓള്‍റൗണ്ടറാണ് വിജയ് ശങ്കര്‍. തമിഴ്‌നാട് കാരനായ താരം അമ്പാട്ടി റായിഡുവിനെ മറികടന്ന് 2019ലെ ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലും ഇടം പിടിച്ചു. ത്രീ ഡയമെന്‍ഷന്‍ താരമെന്ന് ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി വിശേഷിപ്പിച്ച വിജയ് ശങ്കറിന് പക്ഷേ പ്രതീക്ഷക്കൊത്ത് ഉയരാനായില്ല. ഇതോടെ വലിയ വിമര്‍ശനങ്ങള്‍ താരം നേരിട്ടു.
ഏറെ നാളായി ഇന്ത്യന്‍ ടീമിന് പുറത്തുള്ള വിജയ് അവസാന രണ്ട് ഐപിഎല്‍ സീസണിലും നിറം മങ്ങിയിരുന്നു. ഇപ്പോഴിതാ വിജയ് ശങ്കര്‍ പ്രതിഭയുള്ള താരമാണെന്നും അവന്‍ ബുദ്ധിമുട്ടുന്നത് തുടര്‍ച്ചയായ പരിക്കുകള്‍ മൂലമാണെന്നും ഫിറ്റ്‌നസ് കാര്യങ്ങള്‍ അവന്‍ കൂടുതല്‍ ശ്രദ്ധനല്‍കണമെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് ഇന്ത്യന്‍ സീനിയര്‍ താരവും തമിഴ്‌നാടില്‍ വിജയുടെ സഹതാരവുമായ ആര്‍ അശ്വിന്‍.

'പ്രതിഭയുള്ള കളിക്കാരനാണ് വിജയ്.ലോകകപ്പ് കളിച്ചത് വലിയ അനുഭവസമ്പത്താണ് അവന് നല്‍കിയത്.ഒരുപാട് തവണ അവന് പരിക്കേറ്റു. അത് എന്നേക്കാള്‍ നന്നായി മനസിലാക്കാന്‍ കഴിയുന്ന മറ്റാരുമില്ല.തീര്‍ച്ചയായും പരിക്ക് മൂലം വിജയ് ബുദ്ധിമുട്ടും. പരിക്കുകള്‍ മറികടക്കാനുള്ള വഴി അവന്‍ കണ്ടെത്തുകയും കൂടുതല്‍ ശ്രദ്ധ നല്‍കുകയും ചെയ്യണം'-അശ്വിന്‍ പറഞ്ഞു.
30കാരനായ വിജയ് ആഭ്യന്തര ക്രിക്കറ്റില്‍ തമിഴ്‌നാട് നിരയിലെ സജീവ താരമാണ്. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനുവേണ്ടിയും അദ്ദേഹം കളിക്കുന്നു. 12 ഏകദിനത്തില്‍ നിന്ന് 233 റണ്‍സും നാല് വിക്കറ്റും 9 ടി20യില്‍ നിന്ന് 101 റണ്‍സും അഞ്ച് വിക്കറ്റും 47 ഐപിഎല്ലില്‍ നിന്ന് 712 റണ്‍സും ഒമ്പത് വിക്കറ്റുമാണ് അദ്ദേഹം നേടിയത്. ഇത്തവണയും നിരാശപ്പെടുത്തിയ വിജയിയെ ഹൈദരാബാദ് ഒഴിവാക്കുമെന്ന കാര്യം ഉറപ്പാണ്.
തമിഴ്‌നാട് ടീമിലെ വിജയ് ശങ്കറിന്റെ സ്ഥാനത്തെക്കുറിച്ചും അദ്ദേഹം പറഞ്ഞു. 'പ്രായം കൂടുന്തോറും പരിക്കുകളെ മറികടക്കുക പ്രയാസമാണ്. വിജയിക്ക് 30 വയസ് കടന്നിരിക്കുന്നു. അതിനാല്‍ത്തന്നെ പരിക്കുകളെ നിയന്ത്രിക്കുക ബുദ്ധിമുട്ടാണ്. ടീമില്‍ സീനിയര്‍-ജൂനിയര്‍ താരങ്ങള്‍ക്ക് അവരുടേതായ റോളുകള്‍ ഉണ്ടെങ്കില്‍ മാത്രമെ ടീമിന് സംതുലിതാവസ്ഥ ഉണ്ടാവു. വിജയ് ശങ്കറിന്റെ അനുഭവസമ്പത്തിനെയും പ്രതിഭയേയും ഉപയോഗിക്കേണ്ടതായുണ്ട്. അത് തമിഴ്‌നാട് ടീമിന് കൂടുതല്‍ സംതുലിതാവസ്ഥ നല്‍കും'-അശ്വിന്‍ പറഞ്ഞു.