Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രവി ശാസ്ത്രിയുടെ ആ വാക്കുകള്‍ വേദനിപ്പിച്ചു, 2018ല്‍ വിരമിക്കാന്‍ ആലോചിച്ചിരുന്നു; ആര്‍ അശ്വിന്‍

സെഞ്ച്വൂറിയന്‍: ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച സ്പിന്‍ ബൗളര്‍മാരെ പരിഗണിച്ചാല്‍ അതിലൊരാള്‍ തീര്‍ച്ചയായും ആര്‍ അശ്വിനാവും. നിലവിലെ ഏറ്റവും മികച്ച സ്പിന്നറെന്ന് തന്നെ അശ്വിനെ വിശേഷിപ്പിക്കാം. ഇന്ത്യന്‍ പിച്ചുകളില്‍ എതിരാളികളുടെ പേടി സ്വപ്‌നമായ അശ്വിന്‍ സമീപകാലത്തിയ വിദേശ പര്യടനങ്ങളില്‍ ഓള്‍റൗണ്ട് മികവ് കാട്ടുന്നു. ഇക്കഴിഞ്ഞ ടി20 ലോകകപ്പിലൂടെ ഇന്ത്യന്‍ പരിമിത ഓവര്‍ ടീമിലേക്കും ശക്തമായ തിരിച്ചുവരവ് നടത്താന്‍ അശ്വിനായിരുന്നു.

ഇപ്പോഴിതാ തന്റെ കരിയറിലെ വഴിത്തിരിവുകളെക്കുറിച്ചും വിരമിക്കുന്നതിനെക്കുറിച്ച് കാര്യമായി ചിന്തിച്ച സംഭവങ്ങളെക്കുറിച്ചും തുറന്ന് പറഞ്ഞിരിക്കുകയാണ് ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍. സിഡ്‌നിയില്‍ കുല്‍ദീപ് യാദവ് അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയപ്പോള്‍ കുല്‍ദീപിനെ ഇന്ത്യയുടെ ഒന്നാം നമ്പര്‍ വിദേശ സ്പിന്നറെന്ന് രവി ശാസ്ത്രി വിളിച്ചത് ഹൃദയ വിഷമം ഉണ്ടാക്കിയതിനെക്കുറിച്ചും അശ്വിന്‍ പറഞ്ഞു. 'എല്ലാവര്‍ക്കും ഒരു സമയമുണ്ട്. അശ്വിന്‍ ഫിറ്റ്‌നസ് പരമായ പ്രശ്‌നങ്ങള്‍ നേരിടുന്നു. അതുകൊണ്ട് തന്നെ കുല്‍ദീപ് യാദവാണ് വിദേശ പര്യടനത്തിലെ ഇന്ത്യയുടെ ഒന്നാം നമ്പര്‍ സ്പിന്നര്‍ എന്നാണ് രവി ശാസ്ത്രി പറഞ്ഞത്.

rashwin

രവി ഭായിയെ വളരെ ഉന്നതങ്ങളിലാണ് കണ്ടിരുന്നത്. എനിക്ക് ആ വാക്കുകള്‍ വളരെ വേദനയുണ്ടാക്കി. ശരിക്കും തകര്‍ന്നുപോയി. സഹതാരത്തിന്റെ നേട്ടത്തെ അഭിനന്ദിക്കുകയും അംഗീകരിക്കുകയും ചെയ്യേണ്ടതാണ്. കുല്‍ദീപിന്റെ നേട്ടത്തില്‍ ഞാനും സന്തോഷവാനായിരുന്നു. കാരണം ഓസ്‌ട്രേലിയയില്‍ അഞ്ച് വിക്കറ്റ് പ്രകടനമെന്നത് എത്രത്തോളം വലുതാണെന്ന് മനസിലാക്കുന്നു. കാരണം എനിക്കിതുവരെ അത് നേടാനായിട്ടില്ല. ടീമിനുള്ളില്‍ നിന്ന് എനിക്ക് യാതൊരു പിന്തുണയും ലഭിക്കാത്തതാണ് എന്നെ വേദനിപ്പിച്ചത്'-അശ്വിന്‍ പറഞ്ഞു.

എംഎസ് ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യയുടെ മുഖ്യ സ്പിന്നറായിരുന്നു ആര്‍ അശ്വിന്‍. കൂട്ടിന് രവീന്ദ്ര ജഡേജയും. വിരാട് കോലിയുടെ കാലമായപ്പോഴേക്കും കുല്‍ദീപ് യാദവ്-യുസ് വേന്ദ്ര ചഹാല്‍ കൂട്ടുകെട്ടെത്തി. അശ്വിന്‍ ഐപിഎല്ലില്‍ പല തവണ തിളങ്ങിയിട്ടും പരിമിത ഓവറിലേക്ക് തിരിച്ചെത്തിക്കാന്‍ നായകന്‍ കോലിയും പരിശീലകന്‍ രവി ശാസ്ത്രിയും താല്‍പര്യപ്പെട്ടിരുന്നില്ല. ഇക്കഴിഞ്ഞ ടി20 ലോകകപ്പിലൂടെ അശ്വിന്റെ തിരിച്ചുവരവില്‍ കോലിക്ക് അതൃപ്തിയും ഉണ്ടായിരുന്നു.

'2018 മുതല്‍ 2020വരെയുള്ള കാലഘട്ടം വളരെ ബുദ്ധിമുട്ടുള്ളതായിരുന്നു. ഇക്കാലയളവില്‍ കഠിനമായി അധ്വാനിച്ചു. എന്നാല്‍ പ്രതീക്ഷിച്ച നേട്ടങ്ങളിലേക്കെത്താനായില്ല. ഫിറ്റ്‌നസ് പ്രശ്‌നങ്ങളും ഫോമും പ്രതികൂലമായിരുന്നു. ഒരോവര്‍ എറിഞ്ഞ ശേഷം ശ്വാസം വലിച്ചെടുക്കേണ്ട അവസ്ഥയായിരുന്നു. 2018ല്‍ പല കാരണങ്ങള്‍ക്കൊണ്ട് വിരമിക്കല്‍ ആലോചിച്ചിരുന്നു. പരിക്കേറ്റിരുന്ന സമയത്ത് ആരില്‍ നിന്നും പിന്തുണ ലഭിച്ചില്ല. ടീമിലെ മറ്റുള്ളവര്‍ക്കെല്ലാം പിന്തുണ ലഭിച്ചപ്പോള്‍ എന്നെ മാത്രം പരിഗണിക്കാത്ത അവസ്ഥ. മാനസികമായി തളര്‍ന്നതോടെ വിരമിക്കല്‍ തീരുമാനത്തിലേക്കെത്തിയിരുന്നു. ആരെയും ആശ്രയിക്കാതെ ജീവിക്കണമെന്ന് ചിന്തിക്കുന്ന വ്യക്തിയാണ് ഞാന്‍. അതുകൊണ്ട് തന്നെ പ്രതിവിധി കണ്ടെത്തി തിരിച്ചുവരാം എന്ന ചിന്തയിലേക്ക് പിന്നീടെത്തി'-അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.

നിലവില്‍ 427 ടെസ്റ്റ് വിക്കറ്റുകളാണ് അശ്വിന്റെ പേരിലുള്ളത്. ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലൂടെ കപില്‍ ദേവിന്റെയും റെക്കോഡ് മറികടന്ന് ഇന്ത്യക്കായി കൂടുതല്‍ ടെസ്റ്റ് വിക്കറ്റ് നേടുന്ന രണ്ടാമത്തെ ബൗളറെന്ന റെക്കോഡിലെത്താനുള്ള അവസരമാണ് അശ്വിനുള്ളത്. ദക്ഷിണാഫ്രിക്കയില്‍ രവീന്ദ്ര ജഡേജയുടെ അഭാവത്തില്‍ ആര്‍ അശ്വിന് തന്നെ പ്ലേയിങ് 11ല്‍ അവസരം ലഭിച്ചേക്കും. പ്രതിസന്ധി ഘട്ടത്തില്‍ തളര്‍ത്തിയവര്‍ക്ക് പ്രകടനത്തിലൂടെ മറുപടി പറയുകയാണ് അശ്വിന്‍. വരാനിരിക്കുന്ന ടി20 ലോകകപ്പിലും അശ്വിന്‍ ഇന്ത്യക്കായി കളിക്കാനാണ് സാധ്യത. വരാനിരിക്കുന്ന ദക്ഷിണാഫ്രിക്കന്‍ പരമ്പരയും ഐപിഎല്ലും അശ്വിനെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമാണ്.

Story first published: Tuesday, December 21, 2021, 17:30 [IST]
Other articles published on Dec 21, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+